Quantcast

'സുജൂദ് ചെയ്യണമെങ്കിൽ ചെയ്യും, ആര് തടയാനാ? ഞാൻ അഭിമാനിയായ മുസ്‌ലിമും ഇന്ത്യക്കാരനും'; ലോകകപ്പ് വിവാദത്തിൽ മുഹമ്മദ് ഷമി

'സുജൂദ് ചെയ്യാൻ ആരോടെങ്കിലും സമ്മതം ചോദിക്കണോ? അങ്ങനെയാണെങ്കിൽ ഞാൻ ഈ രാജ്യത്ത് നിൽക്കണോ?'

MediaOne Logo

Sports Desk

  • Updated:

    2023-12-14 07:24:15.0

Published:

14 Dec 2023 2:47 AM GMT

If i want to Sujud (prostrate), who can stop me? I am a proud Muslim and Indian; Mohammad Shami Talks About World Cup Sujud Controversy
X

ന്യൂഡൽഹി: ഇന്ത്യയിൽ നടന്ന 2023 ഏകദിന ലോകകപ്പിൽ അഞ്ച് വിക്കറ്റ് നേടിയ ശേഷം സുജൂദ് (സാഷ്ടാംഗം ചെയ്യുക) ചെയ്യുന്ന രീതിയിൽ കുനിഞ്ഞ ശേഷം ഇന്ത്യയുടെ സ്റ്റാർ പേസർ മുഹമ്മദ് ഷമി പിന്മാറിയതായി സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായിരുന്നു. ശ്രീലങ്കയ്‌ക്കെതിരെയുള്ള മത്സരത്തിൽ അസാമാന്യ പ്രകടനം നടത്തിയ താരം വിവാദം ഭയന്ന് സുജൂദ് ചെയ്യാതിരിക്കുകയായിരുന്നുവെന്നും ദൈവത്തിന് നന്ദി പ്രകടിപ്പിക്കാൻ പോലും ഇന്ത്യയിൽ സ്വാതന്ത്ര്യമില്ലാതായെന്നുമായിരുന്നു പാക് ഹാൻഡിലുകളടക്കം എക്‌സിലും മറ്റും പ്രചരിപ്പിച്ചിരുന്നത്. എന്നാൽ ഇതിനൊക്കെ മറുപടി പറഞ്ഞ് മുഹമ്മദ് ഷമി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ആജ് തക് ടിവിയുടെ 'അജണ്ട ആജ് തക്' പരിപാടിയിലാണ് കഴിഞ്ഞ ദിവസം താരം പ്രതികരിച്ചത്.

മുഹമ്മദ് ഷമി 'അജണ്ട ആജ്തക്' പരിപാടിയിൽ

'എനിക്ക് സുജൂദ് ചെയ്യണമെന്നുണ്ടെങ്കിൽ ഞാൻ ചെയ്യില്ലേ. ആര് തടയാനാ? ഞാൻ ആരുടെ ധർമ്മത്തെയും തടയില്ല. എന്നെ ആർക്കും തടയാനും കഴിയില്ല. എനിക്ക് സുജൂദ് ചെയ്യണമെങ്കിൽ ഞാൻ ചെയ്യും. ഞാൻ അഭിമാനത്തോടെ മുസ്‌ലിമാണെന്ന് പറയുന്നു. അഭിമാനത്തോടെ ഇന്ത്യക്കാരനാണെന്ന് പറയുന്നു. സുജൂദ് ചെയ്യുന്നതിൽ എന്താണ് പ്രശ്‌നം? അതിന് ആരോടെങ്കിലും സമ്മതം ചോദിക്കണോ? അങ്ങനെയാണെങ്കിൽ ഞാൻ ഈ രാജ്യത്ത് നിൽക്കണോ? ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും ഞാനും സുജൂദ് വിവാദം കണ്ടു. ഞാൻ സുജൂദ് ചെയ്യാൻ ആഗ്രഹിച്ചിരുന്നു, പക്ഷേ ചെയ്തില്ലെന്നായിരുന്നു അവരുടെ വാദം. ഞാൻ ഇതിന് മുമ്പും അഞ്ച് വിക്കറ്റ് നേട്ടം നേടിയിരുന്നു. അന്നും സുജൂദ് ചെയ്തിട്ടില്ല. സുജൂദ് ചെയ്യണമെങ്കിൽ പറയൂ എവിടെ ചെയ്യണമെന്ന്. ഇന്ത്യയിൽ എവിടെയും ചെയ്യാം. ഇവർക്ക് നമ്മളെ ബുദ്ധിമുട്ടിക്കുകയല്ലാതെ വേറെ ലക്ഷ്യമൊന്നുമില്ല. ഇക്കൂട്ടർ എന്റെ കൂടെയുമല്ല, നിങ്ങളുടെ കൂടെയുമല്ല. ഇവർ ആരെയും ഇഷ്ടപ്പെടുന്നില്ല. ഇവർ വിവാദങ്ങളെ ഇഷ്ടപ്പെടുന്നു. ഇവർക്ക് കണ്ടൻറ് മതി' ആജ്തക് അഭിമുഖത്തിൽ ഷമി വ്യക്തമാക്കി. ഭൂമിയിൽ ഒരു പണിയുമില്ലാതെ വെറുതെയിരിക്കുന്ന ഇത്രത്തോളം ആളുകളുണ്ടോയെന്നും താരം ചോദിച്ചു.

തന്റെ പരമാവധി കഴിവ് പുറത്തെടുത്താണ്‌ അഞ്ച് വിക്കറ്റ് നേടിയതെന്നും ഷമി പറഞ്ഞു. മൂന്നു വിക്കറ്റ് നേടിയപ്പോൾ മൂന്നാല് ഓവറിൽ അഞ്ച് തികയ്ക്കാനായിരുന്നു ആഗ്രഹമെന്നും അതിനാൽ പരമാവധി പ്രകടനം നടത്തിയെന്നും പറഞ്ഞു. ശ്രീലങ്കയ്‌ക്കെതിരെയുള്ള മത്സരത്തിൽ 200 ശതമാനം ഊർജവുമെടുത്ത് ബൗൾ ചെയ്തതിനാൽ ക്ഷീണിച്ച് മുട്ടുകുത്തിയിരുന്നുപോയതാണെന്നും ഷമി വ്യക്തമാക്കി.

ഏകദിന ലോകകപ്പിൽ ആദ്യ നാല് മത്സരങ്ങളിൽ അന്തിമ ഇലവനിലില്ലാതിരുന്ന ഷമി പിന്നീട് കളിച്ച മത്സരങ്ങളിൽ തകർപ്പൻ പ്രകടനമാണ് നടത്തിയത്. മൂന്നു വട്ടം അഞ്ച് വിക്കറ്റ് നേട്ടം ആവർത്തിച്ച താരം ഏഴ് മത്സരങ്ങളിൽ നിന്ന് 24 വിക്കറ്റുകളാണ് വീഴ്ത്തിയത്. ലോകകപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഈ വർഷത്തെ (2023) അർജുന അവാർഡിന് മുഹമ്മദ് ഷമിയുടെ പേര് സെലക്ഷൻ കമ്മിറ്റി ശിപാർശ ചെയ്തു. പട്ടികയിൽ ഷമിയുടെ പേര് ഉൾപ്പെടുത്താൻ കായിക മന്ത്രാലയത്തോട് ബി.സി.സി.ഐ പ്രത്യേക അഭ്യർത്ഥന നടത്തിയിരുന്നു.

അവാർഡിനായി നേരത്തെയുള്ള പട്ടികയിൽ ഷമിയുടെ പേര് ഉണ്ടായിരുന്നില്ല. തുടർന്നാണ് ബി.സി.സി.ഐയുടെ ഇടപെടൽ എന്നാണ് റിപ്പോർട്ടുകൾ. കായിക ലോകത്തെ സംഭാവനകൾക്ക് രാജ്യം നൽകുന്ന ആദരവാണ് അർജുന അവാർഡ്. കായികരംഗത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ബഹുമതി കൂടിയാണിത്.

മൂന്ന് ലോകകപ്പിലായി 55 വിക്കറ്റുകൾ ഷമി നേടിയിട്ടുണ്ട്. ഒരു ലോകകപ്പ് പതിപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ താരമെന്ന റെക്കോർഡ് ഷമിയുടെ പേരിലാണ്. അതേസമയം പരിക്കുണ്ടെങ്കിലും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ വരാനിരിക്കുന്ന രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലും ഷമി കളിച്ചേക്കും. താരത്തിന്റെ ഫോമിലാണ് ഇന്ത്യൻ പ്രതീക്ഷകൾ. ലോകകപ്പിലെ ഫോം തുടർന്നാൽ കാര്യങ്ങൾ ഇന്ത്യയുടെ വരുതിയിലാകും.

ഡിസംബർ 26ന് സെഞ്ചൂറിയനിൽ ആദ്യ ടെസ്റ്റ് ബോക്സിംഗ് ഡേ മത്സരം നടക്കും. തുടർന്ന് ജനുവരി മൂന്നു മുതൽ കേപ്ടൗണിൽ രണ്ടാം മത്സരവും നടക്കും.

'If i want to Sujud (prostrate), who can stop me? I am a proud Muslim and Indian'; Mohammad Shami Talks About World Cup Sujud Controversy

TAGS :

Next Story