Quantcast

തോളിലേറ്റി രോഹിത്; കണ്ണുനിറഞ്ഞ് കോഹ്ലി- മെല്‍ബണില്‍ നാടകീയരംഗങ്ങൾ

വായുവിലേക്ക് ചാടി, ക്രീസിനെ വലംവച്ചോടി, ഗ്രൗണ്ടിൽ അമർത്തിയിടിച്ച് ഉള്ളിൽ അടക്കിവച്ച എന്തൊക്കെയോ വിരാട് കോഹ്ലി പുറത്തേക്ക് തുറന്നുവിടുന്ന ആ രംഗം ക്രിക്കറ്റ് ആരാധകർ അടുത്തൊന്നും മറക്കാൻ പോകുന്നില്ല

MediaOne Logo

Web Desk

  • Published:

    23 Oct 2022 3:55 PM GMT

തോളിലേറ്റി രോഹിത്; കണ്ണുനിറഞ്ഞ് കോഹ്ലി- മെല്‍ബണില്‍ നാടകീയരംഗങ്ങൾ
X

മെൽബൺ: മിസ്റ്റർ കൂൾ മഹേന്ദ്ര സിങ് ധോണി കരഞ്ഞുകൊണ്ട് ഗ്രൗണ്ടിൽനിന്ന് മടങ്ങുന്നത് ഇതിനുമുൻപ് കണ്ടിട്ടുണ്ട്. 2018 ഏകദിന ലോകകപ്പിൽ സെമിയിൽ, ടീം ഇന്ത്യയുടെയും ശതകോടികളുടെയും കിരീടസ്വപ്‌നങ്ങൾക്കു കരിനിഴൽ വീഴ്ത്തി, റൺഔട്ടായി പവലിയനിലേക്ക് മടങ്ങുമ്പോൾ. ഹിറ്റ്മാൻ രോഹിത് ശർമയും അതേ കാഴ്ച കണ്ട് കണ്ണുപൊത്തി കരയുന്നത് നമ്മൾ കണ്ടു. എന്നാൽ, ചേസിങ് മാസ്റ്റർ വിരാട് കോഹ്ലിയുടെ കണ്ണിൽ നമ്മൾ ഇതിനുമുൻപ് കണ്ണുനീർ വീണത് കണ്ടിട്ടുണ്ടോ? ഇത്രയും കാലം കോഹ്ലിയെ കണ്ടിട്ടുള്ള തനിക്ക് അത്തരമൊരു നിമിഷം ഓർത്തെടുക്കാനാകുന്നില്ലെന്നാണ് ഹർഷ ഭോഗ്ലെയും വ്യക്തമാക്കിയത്.

2022 ടി20 ലോകകപ്പിൽ അയൽക്കാർ മുഖാമുഖം നിന്ന ആദ്യ പോരാട്ടം ഒരു ത്രില്ലറിൽ കലാശിച്ചപ്പോൾ അണപൊട്ടിയൊഴുകിയ നൂറായിരം വൈകാരികരംഗങ്ങളുടെകൂടി സമ്മോഹന മുഹൂർത്തമായിമാറി അത്. വായുവിലേക്ക് ചാടി, ക്രീസിനെ വലംവച്ചോടി, ഗ്രൗണ്ടിൽ അമർത്തിയിടിച്ച് ഉള്ളിൽ അടക്കിവച്ച എന്തൊക്കെയോ വിരാട് കോഹ്ലി പുറത്തേക്ക് തുറന്നുവിടുന്ന രംഗം തന്നെയായിരുന്നു അതിൽ ആദ്യത്തേത്. അടുത്ത നിമിഷം നായകൻ രോഹിത് ശർമ ഓടിയെത്തി വിരാടിനെ വാനിലേക്കുയർത്തു. ഗ്രൗണ്ടിന്റെ നാലുദിക്കിലുമുള്ള കാണികൾക്കു മുഴുക്കെയും കാണുംവിധം അയാളെ തോളിലേറ്റി കറക്കുന്നു.

അടുത്തത് ഹർദിക് പാണ്ഡ്യയുടെ ഊഴമായിരുന്നു. നാലിന് 31 എന്ന സ്ഥിതിയിൽ അപകടം മുന്നിൽകണ്ട ഇന്ത്യൻയെ അവിശ്വസനീയമായ കോഹ്ലിക്കൊപ്പം ചേർന്ന് വിജയത്തിനരികിലെത്തിച്ചാണ് പാണ്ഡ്യ പവലിയനിലേക്ക് മടങ്ങിയത്. ഒരു ഘട്ടത്തിൽ പാണ്ഡ്യ പോലും പതറിപ്പോയ ഹാരിസ് റഊഫ് ഉൾപ്പെടെയുള്ള പാക് ബൗളർമാരെ പുഷ്പം പോലെ ഗാലറിയിലേക്ക് പറത്തിയ ആ കാഴ്ച മറക്കാനാകില്ല. അവസാന ഓവറിൽ വിജയതീരത്തെത്തുംമുൻപ് പാണ്ഡ്യയ്ക്ക് അടിപതറി. എന്നാൽ, അതിന്റെ കുറ്റബോധത്തിന് അവസരം നൽകാതെ കോഹ്ലി കളി പൂർത്തിയാക്കുമ്പോൾ ഹർദികിന്റെ കണ്ണുനിറയാതിരിക്കുന്നതെങ്ങനെ. കോഹ്ലിയെ കെട്ടിപ്പിടിച്ചു ചുംബിച്ചു ഹർദിക്.

ഇതോടെ കോഹ്ലിയുടെയും നിയന്ത്രണം നഷ്ടപ്പെട്ടു. കോഹ്ലിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. മനസിനകത്ത് കെട്ടിക്കിടന്ന വികാരങ്ങളുടെ അണപൊട്ടിയൊഴുക്കാണെന്ന് ഹർഷ ഭോഗ്ലെ അതിനെ വിശേഷിപ്പിച്ചു. കണ്ടുനിന്ന കോടിക്കണക്കിനു വരുന്ന ക്രിക്കറ്റ് ആരാധകർ ഒരുകാലത്തും ഈ രംഗം മറക്കാൻ പോകുന്നില്ലെന്നുറപ്പ്.

ചേസിങ് രാജ; ഒരേയൊരു കോഹ്ലി

അവസാന പന്തിൽ മുഹമ്മദ് നവാസിനെ ബൗണ്ടറി കടത്തി ആർ. അശ്വിനാണ് ഇന്ത്യയെ വിജയതീരമണച്ചതെങ്കിലും മൈതാനത്തേക്കോടിയിറങ്ങിയ താരങ്ങൾ പൊതിഞ്ഞത് ഇന്ത്യയുടെ വീരനായകൻ വിരാട് കോഹ്‌ലിയെ. ഒരു ഘട്ടത്തിൽ തോൽവി മുന്നിൽ കണ്ട ടീമിനെ സമ്മർദങ്ങളേതുമില്ലാതെ ഒറ്റയ്ക്കു തോളിലേറ്റി വിജയത്തിലെത്തിച്ച വിരാടിന് തന്നെയാണ് ഈ ആവേശോജ്ജ്വല വിജയത്തിൻറെ ക്രെഡിറ്റ് മുഴുവൻ.

കളി പതിനെട്ടാം ഓവർ പിന്നിടുമ്പോൾ ഇന്ത്യൻ സ്‌കോർ 129 റൺസായിരുന്നു. രണ്ടോവറിൽ ജയിക്കാൻ 31 റൺസ്. ഹാരിസ് റഊഫ് എറിഞ്ഞ പത്തൊമ്പതാം ഓവറിലെ ആദ്യ നാല് പന്തിൽ ഇന്ത്യ നേടിയത് വെറും മൂന്ന് റൺസ്. സമ്മർദത്തിൽ വീണു പോയ ഹർദിക് പാണ്ഡ്യ ബൗണ്ടറി കണ്ടെത്താൻ നന്നേ വിഷമിക്കുന്നുണ്ടായിരുന്നു. എന്നാൽ, ഹാരിസ് റഊഫെറിഞ്ഞ അവസാന രണ്ട് പന്തുകളും അതിർത്തിക്ക് മുകളിലൂടെ രണ്ട് പടുകൂറ്റൻ സിക്‌സർ പറത്തി കോഹ്‌ലി ആവേശപ്പോരിന്റെ ത്രില്ല് അവസാന ഓവറിലേക്ക് നീട്ടി.

അവസാന ഓവറിലെ ആദ്യ പന്തിൽ പാണ്ഡ്യ പുറത്തേക്ക്. ഇന്ത്യൻ ക്യാമ്പിൽ വീണ്ടും സമ്മർദം. തൊട്ടടുത്ത പന്തിൽ ദിനേശ് കാർത്തിക്കിന്റെ സിംഗിൾ. മൂന്നാം പന്തിൽ കോഹ്‌ലി രണ്ട് റൺസ് കുറിച്ചു. നാലാം പന്തിൽ ഡീപ് സ്‌ക്വയർ ലെഗ്ഗിലേക്ക് കോഹ്‌ലിയുടെ മനോഹര സിക്‌സർ. തൊട്ടടുത്ത പന്തിൽ മൂന്ന് റൺസ്. അഞ്ചാം പന്തിൽ ദിനേശ് കാർത്തിക്ക് പുറത്തായെങ്കിലും അവസാന പന്ത് ബൗണ്ടറി കടത്തി അശ്വിൻ ഇന്ത്യയെ വിജയതീരത്തേക്ക് നയിക്കുകയായിരുന്നു.

Summary: Virat Kohli breaks down in tears as Rohit Sharma lifts and teammates congratulates him after India's heroic win over Pakistan in T20 World Cup match held in Melbourne

TAGS :

Next Story