Quantcast

ടോപ് ക്ലാസ് ഇന്നിങ്‌സ്; സഞ്ജുവിനെ പ്രശംസ കൊണ്ടു മൂടി സെവാഗും ഹർഭജനും

63 പന്തിൽനിന്ന് 86 റൺസെടുത്ത സഞ്ജുവിന്റെ പ്രകടനം ഇന്ത്യയെ വിജയത്തിന്റെ വക്കോളമെത്തിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    7 Oct 2022 6:00 AM GMT

ടോപ് ക്ലാസ് ഇന്നിങ്‌സ്; സഞ്ജുവിനെ പ്രശംസ കൊണ്ടു മൂടി സെവാഗും ഹർഭജനും
X

ലഖ്‌നൗ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ഒന്നാം ഏകദിനത്തിൽ മലയാളി താരം സഞ്ജു വി സാംസണിന്‍റെ തകർപ്പൻ ഇന്നിങ്‌സിനെ പ്രശംസിച്ച് മുൻ താരങ്ങൾ. ഉന്നത നിലവാരത്തിലുള്ള ഇന്നിങ്‌സായിരുന്നു സഞ്ജുവിന്റേതെന്ന് മുൻ ഓപണർ വീരേന്ദർ സെവാഗ് അഭിപ്രായപ്പെട്ടു. സഞ്ജു ടീമിനെ വിജയത്തോളമെത്തിച്ചു എന്നായിരുന്നു മുൻ സ്പിന്നർ ഹർഭജൻ സിങ്ങിന്റെ പ്രതികരണം. നിങ്ങൾ അഭിനന്ദനം അർഹിക്കുന്നു എന്ന് മുഹമ്മദ് കൈഫും ട്വീറ്റു ചെയ്തു.

'സഞ്ജു സംസണിൽനിന്ന് നെഞ്ചുറപ്പുള്ളൊരു ശ്രമം. ഭാഗ്യമില്ലെങ്കിലും ഉന്നത നിലവാരത്തിലുള്ള ഇന്നിങ്‌സ്' - എന്നായിരുന്നു സെവാഗിന്റെ ട്വീറ്റ്. 'സഞ്ജുവിൽനിന്ന് ടോപ് ക്ലാസ് ഇന്നിങ്‌സ്. മിക്കവാറും വിജയത്തിലെത്തിച്ചു. മുമ്പോട്ടുള്ള പോക്കിൽ ടീം ഇന്ത്യക്ക് ഭാവുകങ്ങൾ. നന്നായി കളിച്ചു' എന്നായിരുന്നു ഹർഭജന്റെ കുറിപ്പ്. 'സഞ്ജുവിൽ നിന്ന് ടോപ് ക്ലാസ്. ആക്രമണാത്മകം, ഹൃദയഹാരി, നിങ്ങൾ അഭിനന്ദനം അർഹിക്കുന്നു' എന്നാണ് മുഹമ്മദ് കൈഫ് കുറിച്ചത്.

ആദ്യ ഏകദിനത്തിൽ ഒമ്പത് റൺസിന് തോറ്റെങ്കിലും 63 പന്തിൽനിന്ന് 86 റൺസെടുത്ത സഞ്ജുവിന്റെ പ്രകടനം ഇന്ത്യയെ വിജയത്തിന്റെ വക്കോളമെത്തിച്ചിരുന്നു. ഒമ്പതു ഫോറും മൂന്നു സിക്‌സറും സഹിതമായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

നാൽപ്പതാം ഓവറിൽ ഇന്ത്യയ്ക്ക് ജയിക്കാൻ മുപ്പത് റൺസാണ് വേണ്ടിയിരുന്നത്. മൂന്നു ഫോറും ഒരു സിക്‌സുമായി സഞ്ജുവിന് 20 റൺസാണ് കണ്ടെത്താനായത്. 39-ാം ഓവറിൽ താരത്തിന് സ്‌ട്രൈക്ക് കണ്ടെത്താൻ കഴിയാതിരുന്നതാണ് ഇന്ത്യയ്ക്ക് വിനയായത്.

മഴ മൂലം 40 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 250 റൺസാണ് ദക്ഷിണാഫ്രിക്ക നേടിയത്. ഇന്ത്യയ്ക്ക് 240 റൺസേ എടുക്കാനായുള്ളൂ. സഞ്ജുവിന് പുറമേ, അർധ സെഞ്ച്വറി നേടിയ ശ്രേയസ് അയ്യർക്കും ഷാർദുൽ ഠാക്കൂറിനും മാത്രമേ ഇന്ത്യൻ നിരയിൽ തിളങ്ങാനായുള്ളൂ.

TAGS :

Next Story