Quantcast

ചായക്കടയിട്ട് അമ്മയും മകനും കാത്തിരുന്നു, തങ്ങളുടെ ഇരകൾക്കായി; തെലങ്കാനയെ നടുക്കിയ സീരിയൽ കില്ലേഴ്സ്

ചായക്കടയിലിരുന്ന് അമ്മയും മകനും ആളുകളെ നിരീക്ഷിച്ചു. അവര്‍ എവിടെ നിന്ന് വരുന്നു, എങ്ങോട്ട് പോകുന്നു, എത്രമാത്രം സ്വത്തുണ്ട്, വീട്ടുകാരുമായുള്ള ബന്ധം എങ്ങനെ എന്നിവയാണ് അവര്‍ അന്വേഷിച്ചത്

MediaOne Logo

Web Desk

  • Updated:

    2026-08-26 16:34:40

Published:

26 Aug 2026 9:37 PM IST

ചായക്കടയിട്ട് അമ്മയും മകനും കാത്തിരുന്നു, തങ്ങളുടെ ഇരകൾക്കായി;  തെലങ്കാനയെ നടുക്കിയ സീരിയൽ കില്ലേഴ്സ്
X

എഐ ജനറേറ്റഡ്  ചിത്രം

ആഗസ്റ്റ് 8 ശനിയാഴ്ച. തെലങ്കാനയിലെ സിദ്ധിപ്പേട്ട് ജില്ലയിലെ രാമക്കപേട്ട ഗ്രാമത്തിലെ ഒരു കൃഷിതോട്ടത്തില്‍ ചെടികള്‍ക്കിടയില്‍ പകുതി കത്തിക്കരിഞ്ഞനിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. മൃതദേഹം പെട്രോള്‍ ഒഴിച്ചാണ് കത്തിച്ചതെന്ന് പൊലീസിന് വ്യക്തമായി. പ്രദേശത്ത് മഴ പെയ്തതിനാലാകാം പൂര്‍ണമായും കത്താത്തതെന്നും അനുമാനിച്ചു. മൃതദേഹത്തിന് അടുത്ത് ഒരു ചാക്കും കിടന്നിരുന്നു. മറ്റെവിടെയോ വെച്ച് കൊന്നതിന് ശേഷം മൃതദേഹം ചാക്കിനുള്ളിലാക്കി കൃഷിയിടത്തില്‍ കൊണ്ടുവന്ന് കത്തിച്ചതാകാമെന്നും പൊലീസ് വിലയിരുത്തി. പക്ഷേ, അപ്പോള്‍ പൊലീസിന് ഒരു സംശയം. എന്തുകൊണ്ടാണ് ഇതുപോലെ തുറസ്സായ സ്ഥലത്ത് മൃതദേഹം ഉപേക്ഷിച്ചത്?

എന്നാല്‍ അതിന് മുമ്പ് പൊലീസിന് കൊല്ലപ്പെട്ട സ്ത്രീയാരെന്ന് കണ്ടെത്തണമായിരുന്നു. അവരുടെ അന്വേഷണം എത്തിനിന്നത് ഹൈദരാബാദില്‍ നിന്നും 100 കിലോമീറ്റര്‍ അകലെ ഇതേ ജില്ലയില്‍ തന്നെയുള്ള ഭൂംപള്ളി ഗ്രാമത്തിലാണ്. മൃതദേഹത്തില്‍ മുഖം പൂര്‍ണമായും കത്താത്തതിനാല്‍ എളുപ്പം ആളെ തിരിച്ചറിഞ്ഞു. നാല്‍പത്തിയഞ്ച് വയസുള്ള അതികം വിജയ.

ഗ്രാമത്തിലുള്ള 3000ത്തോളം വരുന്ന ആളുകളെ പൊലീസ് ചോദ്യം ചെയ്തു. വിജയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സൂചന ആര്‍ക്കെങ്കിലും നല്‍കാന്‍ കഴിയുമോ എന്നായിരുന്നു പൊലീസിന് അറിയേണ്ടിയിരുന്നത്. അവസാനം അവര്‍ ഒരു സാക്ഷിയെ കണ്ടെത്തി. മുപ്പത്തിയെട്ട് വയസുള്ള സി.രജിത. ദരിദ്രരായ ആളുകള്‍ താമസിക്കുന്ന കോളനിക്കടുത്ത് ചെറിയൊരു ചായക്കട നടത്തുകയാണ് രജിതയും പതിനഞ്ച് വയസുള്ള മകനും.

ചോദ്യം ചെയ്യലിനോട് വളരെ ശാന്തമായി തന്നെ രജിത സഹകരിച്ചു. വിജയക്ക് ഭര്‍ത്താവിന്റെ കുടുംബവുമായി ഭൂസംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് രജിത പൊലീസിനോട് പറഞ്ഞു. രജിതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിജയയുടെ കുടുംബാംഗങ്ങളെക്കുറിച്ച് പൊലീസ് അന്വേഷിച്ചു. അതേസമയം തന്നെ ഗ്രാമത്തിലെ പ്രധാന കവാടങ്ങളിലും തിരക്കേറിയ പൊതുസ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളും അവര്‍ പരിശോധിക്കുന്നുണ്ടായിരുന്നു. തെലങ്കാന പൊലീസിന്റെ 'സിദ്ധിപേട്ട് സുരക്ഷാ നേത്ര' എന്ന കുറ്റകൃത്യ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കഴിഞ്ഞ മാര്‍ച്ചിലാണ് പ്രദേശത്ത് സിസിടിവി സ്ഥാപിച്ചത്.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസിന് രണ്ട് പേരുടെ മുഖം വളരെ പരിചിതമായി തോന്നി. അവര്‍ രജിതയും മകനുമായിരുന്നു. ഇരുവരും വലിയൊരു ചാക്കുമായി ബൈക്കിൽ യാത്ര ചെയ്യുന്ന ദൃശ്യമായിരുന്നു അത്. എന്നാല്‍ തിരിച്ചുവന്നപ്പോള്‍ അവരുടെ പക്കല്‍ ആ ചാക്ക് ഉണ്ടായിരുന്നതുമില്ല. ഉടനെ പൊലീസ് വിജയയുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് കിട്ടിയ ചാക്കും അമ്മയുടെയും മകന്റെയും പക്കലുണ്ടായിരുന്ന ചാക്കും പരിശോധിച്ചു. രണ്ടും തമ്മില്‍ അസാമാന്യ സാമ്യമുണ്ടായിരുന്നു.

സംശയം തോന്നിയ പൊലീസ് വിജയയെ കാണാതായതെങ്ങനെയെന്ന് അന്വേഷിച്ചു. രാവിലെ പ്രഭാത നടത്തത്തിന് പോയപ്പോഴാണ് വിജയ പെടുന്നനെ അപ്രത്യക്ഷയായത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്നത്തെ വിജയയുടെ നീക്കങ്ങള്‍ പൊലീസ് നിരീക്ഷിച്ചു. നടത്തത്തിനിടെ പാര്‍പ്പിടമേഖലയ്ക്ക് പുറത്ത് 100-150 മീറ്റര്‍ ദൂരത്തില്‍ അവളെ കാണാതായിട്ടുണ്ടെന്ന് പൊലീസിന് മനസ്സിലായി. ആ ഭാഗത്തുള്ള കെട്ടിടങ്ങള്‍ പരിശോധിച്ചപ്പോള്‍ അതിലൊന്ന് രജിതയുടെ ചെറിയ ചായക്കടയായിരുന്നു.

അങ്ങനെ ആഗസ്റ്റ് 18ന് പൊലീസ് രജിതയുടെ വീട്ടിലെത്തി. ഇത്തവണ രജിത അവരുടെ സുപ്രധാന സാക്ഷിയായിരുന്നില്ല, മറിച്ച് കൊലപാതകക്കേസിലെ പ്രതിയായിരുന്നു. പൊലീസ് രജിതയെ ചോദ്യം ചെയ്തു. ഇതോടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.

രജിത (ഇടതുവശത്ത്), അതികം വിജയ (വലതുവശത്ത്)

രജിതയുടെയും ഭര്‍ത്താവ് ദുബ്ബയയുടെയും ദാമ്പത്യ ജീവിതം സംഘര്‍ഷഭരിതമായിരുന്നു. മദ്യപാനിയായ ദുബ്ബയ ഭാര്യ രജിതയെ നിരന്തരം മര്‍ദിക്കുമായിരുന്നു. ആദ്യമൊക്കെ രജിത എല്ലാം സഹിച്ചെങ്കിലും രണ്ട് വര്‍ഷം മുമ്പ് ഒരു രാത്രി അവര്‍ തിരിച്ചടിക്കാന്‍ തീരുമാനിച്ചു. ദുബ്ബയയുടെ കാലില്‍ രജിത തിളച്ച വെള്ളം ഒഴിച്ചു. എണ്‍പത് ശതമാനവും പൊള്ളലേറ്റ അയാളുടെ ഇടതുകാലിന്റെ ശേഷി നഷ്ടപ്പെട്ടു. എന്നിരുന്നാലും ദുബ്ബയ ആ വീട്ടില്‍ തന്നെ കഴിഞ്ഞു.

പിന്നീട് രജിതയുടെ ശ്രദ്ധ മുഴുവനും അവളുടെ പതിനഞ്ച് വയസുള്ള മകനിലായിരുന്നു. തന്റെ കുറഞ്ഞ വരുമാനത്തിലും മകനെ നന്നായി നോക്കാന്‍ അവള്‍ ശ്രമിച്ചു. മകന്റെ ആരോഗ്യം മെച്ചപ്പെടുത്താനായി ഡംബ് ബെല്ലുകളും പ്രോട്ടീന്‍ പൗഡറും വരെ രജിത വാങ്ങിച്ചുകൊടുത്തു. എന്നാല്‍ അവളുടെ ഈ പ്രവൃത്തിക്ക് പിന്നില്‍ മകനെ കരുത്തുറ്റവനായി കാണാനുള്ള ഒരമ്മയുടെ ആഗ്രഹമായിരുന്നില്ല. മറിച്ച് താന്‍ ചെയ്യാന്‍ പോകുന്ന കൊലപാതകങ്ങള്‍ക്ക് അവള്‍ കരുത്തുറ്റ ഒരു സഹായിയെ വളര്‍ത്തിയെടുക്കുകയായിരുന്നു. ഒരു വര്‍ഷം മുമ്പ് അവള്‍ അവനെ ആ ജോലിക്കായി നിയോഗിച്ചു.

ആദ്യം പാര്‍പ്പിടമേഖലയ്ക്ക് പുറത്ത് അവര്‍ ഒരു ചായക്കടയിട്ടു. അവിടെയിരുന്നുകൊണ്ട് അമ്മയും മകനും ആളുകളെ നിരീക്ഷിക്കാന്‍ തുടങ്ങി. അവര്‍ എവിടെ നിന്ന് വരുന്നു, എങ്ങോട്ട് പോകുന്നു, എത്രമാത്രം സ്വത്തുണ്ട്, വീട്ടുകാരുമായുള്ള ബന്ധം എങ്ങനെയാണ് തുടങ്ങിയ വിവരങ്ങളെല്ലാം അവര്‍ അന്വേഷിച്ചുകൊണ്ടിരുന്നു. കുടുംബപശ്ചാത്തലം നോക്കിയാണ് അമ്മയും മകനും തങ്ങളുടെ ഇരകളെ തെരഞ്ഞെടുത്തിരുന്നത്.

ആ ഗ്രാമത്തില്‍ തന്നെയുള്ള അന്നപൂര്‍ണ എന്ന സ്ത്രീയായിരുന്നു അമ്മയുടെയും മകന്റെയും ആദ്യ ഇര. 2025 ജൂണില്‍ അന്നപൂര്‍ണയെ ആക്രമിക്കാന്‍ അവര്‍ പദ്ധതിയിട്ടു. ഒരു ദിവസം അന്നപൂര്‍ണ പ്രഭാത നടത്തത്തിന് ഇറങ്ങിയ സമയം നോക്കി വിജനമായ പ്രദേശത്ത് വെച്ച് അവര്‍ അവളെ ആക്രമിച്ചു. കഴുത്തില്‍ കിടന്ന എട്ട് പവനോളം വരുന്ന താലിമാല പറിച്ചെടുത്തു. ആക്രമണത്തില്‍ നിന്ന് അന്നപൂര്‍ണ കഷ്ടിച്ച് രക്ഷപ്പെട്ടെങ്കിലും അതിന്റെ ആഘാതത്തില്‍ നിന്ന് ഇതുവരെയും അവള്‍ മുക്തയായിട്ടില്ല.

അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കെ ഒരു തിരോധാനക്കേസിലും പൊലീസിന് സംശയം തോന്നി. ഗ്രാമത്തിലെ കുന്തരേഖ എന്ന യുവതിയെ കഴിഞ്ഞ മെയ് 28 മുതല്‍ കാണാതായിരുന്നു. പൊലീസ് രജിതയെ വിശദമായി ചോദ്യംചെയ്തതോടെ കുന്തരേഖ തിരോധാനക്കേസിന്റെയും ചുരുളഴിഞ്ഞു.

മെയ് 28ന് രാവിലെ കുന്തരേഖ രജിതയുടെയും മകന്റെയും ചായക്കടയിലെത്തി. കുന്തരേഖയ്ക്കും ദാമ്പത്യപ്രശ്‌നങ്ങളുണ്ടായിരുന്നു. അവള്‍ ഭര്‍ത്താവില്‍ നിന്ന് വേര്‍പെട്ടാണ് കഴിഞ്ഞിരുന്നത്. കുന്തരേഖ മരിച്ചാല്‍ അവളുടെ ഭര്‍ത്താവിന്റെ കുടുംബക്കാരിലേക്ക് സംശയം എത്തുമെന്ന് രജിത കണക്കുകൂട്ടി. അതോടെ കുന്തരേഖ തന്നെ അടുത്ത ഇര എന്ന് രജിത ഉറപ്പിച്ചു. തുടര്‍ന്ന് രജിതയും മകനും ചേര്‍ന്ന് കുന്തരേഖയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. അവളുടെ മകന്‍ മൃതദേഹം ചാക്കിലാക്കി. ശേഷം ഇരുവരും ചേര്‍ന്ന് അവരുടെ നീല നിറത്തിലുള്ള ടിവിഎസ് എക്‌സ്എല്‍ ബൈക്കിൽ ഗ്രാമത്തിന് പുറത്തുള്ള അച്ചമയ്യപ്പള്ളി വനത്തിലേക്ക് മൃതദേഹം കൊണ്ടുപോയി. അവിടെവെച്ച് മൃതദേഹം കത്തിച്ചു. രജിതയെയും മകനെയും കൊണ്ട് സ്ഥലത്തെത്തിയ പൊലീസിന് ലഭിച്ചത് കുറച്ച് എല്ലുകളും പല്ലുകളും ചാക്കിന്റെ ചെറിയ കഷ്ണവുമാണ്. ഇവ പൊലീസ് ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

കുന്തരേഖയുടെ മൃതദേഹം കത്തിച്ചതുപോലെ മൂന്നാമത്തെ ഇര വിജയയുടെ മൃതദേഹം കത്തിക്കാന്‍ രജിതയ്ക്കും മകനും കഴിഞ്ഞിരുന്നില്ല. അന്ന് നല്ല മഴയായിരുന്നു. മൃതദേഹം സൂക്ഷിച്ച ചാക്ക് മഴയില്‍ കുതിര്‍ന്ന് ഭാരം വെച്ചിരുന്നു. അതുകൊണ്ട് ബൈക്കിൽ വനത്തിലേക്ക് കൊണ്ടുപോകുന്നത് ദുഷ്‌കരമായി. തുടര്‍ന്ന് അവര്‍ കൃഷിസ്ഥലം തെരഞ്ഞെടുക്കുകയായിരുന്നു. മൃതദേഹം പറമ്പില്‍ വെച്ചതിന് ശേഷം അടുത്തുള്ള പമ്പില്‍ നിന്നും കാനില്‍ പെട്രോള്‍ വാങ്ങിക്കൊണ്ടുവന്ന് മൃതദേഹം കത്തിച്ചു. എന്നാല്‍ മഴ പെയ്തതോടെ തീയണഞ്ഞു.

മൃതദേഹം പൂര്‍ണമായി കത്താത്താണ് വിജയ കൊലക്കേസില്‍ വഴിത്തിരിവായത്. കൊല്ലപ്പെട്ടത് ആരാണെന്ന് തിരിച്ചറിയാന്‍ പൊലീസിന് കഴിഞ്ഞു. അമ്മയും മകനും പമ്പില്‍ നിന്ന് പെട്രോള്‍ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

സ്വര്‍ണത്തിനും വെള്ളിയ്ക്കും വേണ്ടിയായിരുന്നു ഈ കൊലപാതകങ്ങളെല്ലാം രജിത നടത്തിയത്. അവള്‍ എപ്പോഴും തന്റെ മൊബൈല്‍ ഫോണില്‍ തെലുങ്ക് ക്രൈം പരമ്പരകള്‍ കാണുമായിരുന്നുവെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. മോഹന്‍ലാല്‍ നായകനായ 'ദൃശ്യം' സിനിമ വീണ്ടും വീണ്ടും അവള്‍ കാണാറുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം ഒരു ത്രില്ലര്‍ സിനിമാ പ്രേമി എന്ന നിലയ്ക്കല്ല, മറിച്ച് കൊലപാതകം ചെയ്യാനുള്ള റെഫറന്‍സായിട്ടാണ് രജിത കണ്ടിരുന്നതെന്ന് ഗ്രാമവാസികള്‍ അറിഞ്ഞിരുന്നില്ല. 8.16 പവന്റെ സ്വര്‍ണാഭരണങ്ങളും 718.18 ഗ്രാമിന്റെ വെള്ളിയാഭരണങ്ങളും 1.03 ലക്ഷം രൂപയും രണ്ട് മൊബൈല്‍ ഫോണുകളും ടിവിഎസ് എക്‌സ്എല്‍ ബൈക്കും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലാകുന്ന സമയത്ത് നാല് കൊലപാതകങ്ങള്‍ കൂടി ചെയ്യാനുള്ള പദ്ധതി രജിത തയ്യാറാക്കിക്കഴിഞ്ഞിരുന്നുവെന്നതാണ് മറ്റൊരു ഞെട്ടിപ്പിക്കുന്ന വസ്തുത.

TAGS :

Next Story