''സോറി ഇച്ചായാ... കൊന്നിട്ട് എനിക്ക് എന്തു കിട്ടാനാണ്?''-അവസാന ചാറ്റിലും ചതി മറച്ചുവച്ച്, കരഞ്ഞഭിനയിച്ച് ഗ്രീഷ്മ

''എനിക്കും ഈ ജ്യൂസിന് എന്തോ സംശയം തോന്നുന്നു. അത് നോർമൽ ടേസ്റ്റ് ആയിരുന്നോ.. കുഴപ്പമൊന്നും ഇല്ലല്ലോ... ഇനി അത് റിയാക്ട് ചെയ്തതാണോ എന്തോ...''

MediaOne Logo

Web Desk

  • Published:

    30 Oct 2022 2:42 PM GMT

സോറി ഇച്ചായാ... കൊന്നിട്ട് എനിക്ക് എന്തു കിട്ടാനാണ്?-അവസാന ചാറ്റിലും ചതി മറച്ചുവച്ച്, കരഞ്ഞഭിനയിച്ച് ഗ്രീഷ്മ
X

തിരുവനന്തപുരം: അവസാന നിമിഷം വരെയും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ കൃത്യം മറച്ചുവയ്ക്കുകയായിരുന്നു ഷാരോൺരാജിന്റെ പെൺസുഹൃത്ത് ഗ്രീഷ്മ. വീട്ടിലെത്തിയ ശേഷമുണ്ടായ ഛർദിയും ശാരീരികാസ്വാസ്ഥ്യവും വന്ന കാര്യം ഷാരോൺ ഗ്രീഷ്മയോട് പങ്കുവച്ചിരുന്നു. എന്നാൽ, താൻ കുടിച്ച കഷായം തന്നെയാണ് 'ഇച്ചായനും' നൽകിയതെന്നായിരുന്നു വാട്‌സ്ആപ്പ് ചാറ്റിൽ പറഞ്ഞത്. ഇരുവരുടെയും സുഹൃത്തിനോടും ഒന്നും അറിയാത്ത പോലെയായിരുന്നു ഗ്രീഷ്മ സംസാരിച്ചത്. വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീൻഷോട്ടും ശബ്ദരേഖയുമെല്ലാം പുറത്തുവന്നിരുന്നു.

'ഛർദിക്കുള്ള ടാബ്ലെറ്റ്‌സ് വാങ്ങൂ; ഓക്കെ ആകും'

വീട്ടിലെത്തി ഛർദിച്ച വിവരം ഷാരോൺ വാട്‌സ്ആപ്പ് ചാറ്റിൽ പറഞ്ഞപ്പോൾ താനും ഛർദിച്ചുവെന്നാണ് ഗ്രീഷ്മയുടെ മറുപടി. പച്ചനിറത്തിലാണ് ഛർദിക്കുന്നതെന്ന് പറഞ്ഞപ്പോൾ അത് കഷായം കുടിച്ചതുകൊണ്ടാകും. കഷായത്തിന്റെ നിറം അതാണെന്നും പറയുന്നുണ്ട്. തുടർന്ന് ഗ്രീഷ്മയുടെ ചാറ്റ് ഇങ്ങനെയാണ്:

''ഞാൻ കാരണമാണല്ലേ.. ഇനി വീട്ടിൽ അറിയുമ്പോൾ ഞാൻ കാരണമായിരിക്കും. നിങ്ങൾ ഒരു കാര്യം ചെയ്യ്. മെഡിക്കൽ സ്‌റ്റോറിൽനിന്ന് ഛർദിക്കുള്ള ടാബ്ലെറ്റ്‌സ് വാങ്ങൂ. അപ്പൊ ഓക്കെ ആകും.''

ഷാരോൺ വീണ്ടും കഷായത്തെക്കുറിച്ചും ജ്യൂസിനെക്കുറിച്ചും സംശയം ചോദിച്ചപ്പോഴും ഗ്രീഷ്മ ഇതേകാര്യങ്ങൾ ആവർത്തിച്ചു. നിഷ്‌കളങ്കത അഭിനയിച്ച് കരഞ്ഞുകൊണ്ടാണ് പെൺകുട്ടിയുടെ പ്രതികരണം. ഒരു തരത്തിലും അസ്വാഭാവികത തോന്നാത്ത തരത്തിൽ സംസാരവും ചാറ്റിങ്ങും തുടരുന്നുണ്ട്. ഒരുഘട്ടത്തിൽ കുറച്ച് പരുഷമായി ഗ്രീഷ്മയുടെ ശബ്ദം.

''കല്യാണ ആലോചന വന്നതും പറയാതെ, പതുക്കെ നിങ്ങളുടെ കൈയിലുള്ള ഫോട്ടോസും വിഡിയോയുമെല്ലാം ഡിലീറ്റ് ചെയ്ത് നിങ്ങളെ പറ്റിച്ച്, ആവശ്യമില്ലാത്ത കാരണം ഉണ്ടാക്കി പോകണമായിരുന്നു. നടക്കൂലാന്ന് അറിഞ്ഞ അടുത്ത നിമിഷം ഞാൻ നിങ്ങളെ അറിയിച്ചു. അതാണ് ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ്..''-ഗ്രീഷ്മ ശബ്ദസന്ദേശത്തിൽ പറയുന്നു.

വിഷയം വഷളാകുകയാണെന്ന് മനസിലായപ്പോൾ പെൺകുട്ടിയും നേരത്തെ പറഞ്ഞതിൽനിന്ന് മാറുന്നുണ്ട്. തനിക്കും എന്തോ സംശയം തോന്നുന്നുണ്ടെന്നായിരുന്നു പിന്നീട് പറഞ്ഞത്. ശബ്ദസന്ദേശത്തിന്റെ അവസാനഭാഗത്ത് പെൺകുട്ടി സംശയം പ്രകടിപ്പിച്ചത് ഇങ്ങനെയായിരുന്നു:

''എനിക്കും ഈ ജ്യൂസിന് എന്തോ സംശയം തോന്നുന്നു. അത് നോർമൽ ടേസ്റ്റ് ആയിരുന്നോ.. കുഴപ്പമൊന്നും ഇല്ലല്ലോ... ഇനി അത് റിയാക്ട് ചെയ്തതാണോ എന്തോ...''

ഇരുവരുടെയും സുഹൃത്തിനോടും ഗ്രീഷ്മ ഷാരോണിനോട് പറഞ്ഞത് ആവർത്തിച്ചു:

''നീ എന്താണ് ഉദ്ദേശിക്കുന്നത്? ഞാൻ എന്തെങ്കിലും ചെയ്‌തെന്നാണോ? ഇങ്ങനെ ഓർത്തുനോക്കൂ, ആലോചിച്ചുനോക്കൂ, എന്തായാലും കുഴപ്പമില്ല എന്നൊക്കെ പറയുമ്പോൾ എനിക്കു തന്നെ എന്തോ തോന്നുന്നു. ഞാൻ കഴിച്ച സാധനം തന്നെയാണ് കൊടുത്തത്. അതിനപ്പുറം എനിക്ക് ഒന്നും അറിഞ്ഞുകൂടാ. ഞാൻ ഒന്നും അതിൽ കലർത്തിയിട്ടൊന്നുമില്ല. എനിക്ക് അയാളെ കൊന്നിട്ട് എന്തു കിട്ടാനാണ്?

ഞാൻ കുടിച്ചുകൊണ്ടിരുന്ന സാധനമാണ് അച്ചായനു കൊടുത്തത്. അത്ര ധൈര്യത്തിലാണ്. അല്ലാതെ വല്ലതും എടുത്തുകൊടുക്കുമോ ടാ.. ഇവിടെനിന്ന് എന്തായാലും വിഷമൊന്നും ആയിട്ടില്ല. ഇവിടെനിന്ന് വന്നിട്ട് മറ്റൊന്നും കഴിച്ചിട്ടില്ല.''

ഒടുവിൽ കുറ്റസമ്മതം; വഴിത്തിരിവ്

ഷാരോൺരാജിൻറെ മരണത്തിൽ ഉത്തരവാദി താൻ തന്നെയാണെന്ന് ഗ്രീഷ്മ എട്ടു മണിക്കൂർ നീണ്ട ചോദ്യംചെയ്യലിനൊടുവിൽ സമ്മതിക്കുകയായിരുന്നു. അന്വേഷണത്തിന്റെ തുടക്കംതൊട്ടു തന്നെ പാറശ്ശാല പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി കുടുംബം ആരോപിച്ചിരുന്നു. പെൺകുട്ടിയുടെ ശബ്ദസന്ദേശങ്ങളടക്കം മാധ്യമങ്ങളിലൂടെ പുറത്തെത്തിയതോടെയാണ് റൂറൽ എസ്.പി ഡി. ശിൽപ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. ഇതോടെ കേസന്വേഷണം വേഗത്തിലാകുകയും ചെയ്തു.

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. ഡി. ശിൽപയുടെ നേതൃത്വത്തിലാണ് ഗ്രീഷ്മയെ ചോദ്യംചെയ്തത്. അന്വേഷണത്തിനൊടുവിലാണ് പെൺകുട്ടി കുറ്റം സമ്മതിച്ചിക്കുകയായിരുന്നു.

ഗ്രീഷ്മയെ കുടുക്കിയത് മൊഴിയിലെ വൈരുധ്യമാണ്. എട്ടു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഗ്രീഷ്മ കുറ്റംസമ്മതിച്ചത്. ഞായറാഴ്ച പത്തര മുതൽ അച്ഛനും അമ്മയ്ക്കുമൊപ്പമിരുത്തിയായിരുന്നു ക്രൈംബ്രാഞ്ചിന്റെ ചോദ്യംചെയ്യൽ.

ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ അജിത് കുമാർ, തിരുവനന്തപുരം റൂറൽ എസ്.പി ഡി ശിൽപ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ. ഷാരോണിന് നൽകിയ കഷായത്തിന്റെ കുപ്പി എവിടെയെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞില്ല.

ഷാരോൺ മരിച്ച ദിവസം തന്നെ ഗ്രീഷ്മയെ ചോദ്യംചെയ്യാനായി പൊലീസ് ഇവരുടെ വീട്ടിലെത്തിയിരുന്നു. എന്നാൽ, ദേഹാസ്വാസ്ഥ്യമാണെന്ന് പറഞ്ഞ് ഇവർ ഒഴിയുകയായിരുന്നു.

Summary: Sharon Raj's girlfriend Greeshma pretended to be innocent and concealed the cheating till her last WhatsApp chat

TAGS :

Next Story