മിഠായി പദ്ധതി; ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികൾക്ക് സൗജന്യ മരുന്ന് വിതരണം പുനരാരംഭിച്ചു
മരുന്ന് വിതരണം നിലച്ചതോടെ രോഗ ബാധിതർ പ്രതിസന്ധിയിലായത് മീഡിയ വൺ റിപ്പോർട്ട് ചെയ്തിരുന്നു

കോഴിക്കോട്: ടൈപ്പ് വൺ പ്രമേഹരോഗബാധിതരായ കുട്ടികൾക്ക് മിഠായി പദ്ധതി വഴിയുള്ള സൗജന്യ മരുന്ന് വിതരണം പുനരാരംഭിച്ചു. ഇൻസുലിൻ, സ്ട്രിപ്പ്, ലാൻസന്റ് എന്നിവയുടെ വിതരണമാണ് പുനരാരംഭിച്ചത്. മരുന്ന് വിതരണം നിലച്ചതോടെ രോഗ ബാധിതർ പ്രതിസന്ധിയിലായത് മീഡിയ വൺ റിപ്പോർട്ട് ചെയ്തിരുന്നു.
ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികളുടെ സമഗ്ര പരിരക്ഷ മുന്നിൽക്കണ്ട് 2018ലാണ് മിഠായി പദ്ധതി ആവിഷ്‌കരിച്ചത്. പദ്ധതി പ്രകാരം കുട്ടികൾക്ക് ഇൻസുലിൻ സ്ട്രിപ്പ്, ലാൻസെന്റ് അടക്കമുള്ള ഉപകരണങ്ങൾ സൗജന്യമായി ലഭിച്ചിരുന്നു. എന്നാൽ കഴിഞ്ഞ മൂന്ന് മാസമായി മരുന്ന് വിതരണം പൂർണമായി നിലച്ച അവസ്ഥയിലായിരുന്നു. മിഠായി പദ്ധതിയിൽ ഉൾപ്പെട്ട കുടുംബങ്ങളാകട്ടെ സാമ്പത്തികമായി താഴ്ന്ന നിലയിലുള്ളവരും. പ്രതിമാസം 10000-15000 രൂപ വരെയാണ് മരുന്നിനാവുക. ഇതിവർക്ക് താങ്ങാവുന്നതിനും അപ്പുറമായതിനാൽ തന്നെ ഇത് കുട്ടികളുടെ തുടർ ചികിത്സയെ കാര്യമായി ബാധിച്ചു.
കുട്ടികളുടെ മരുന്ന് മുടങ്ങിയത് മീഡിയവണിലൂടെ പുറത്തെത്തിയതോടെയാണ് ഇപ്പോൾ വിഷയത്തിൽ നടപടിയുണ്ടായിരിക്കുന്നത്. കോഴിക്കോട് അടക്കമുള്ള സ്ഥലങ്ങളിലെ മിഠായി ക്ലിനിക്കുകൾ ലാൻസെന്റ് അടക്കമുള്ള ഉപകരണങ്ങളും മരുന്നുകളും വിതരണം ചെയ്തു തുടങ്ങി.
Adjust Story Font
16

