പ്രവാസികൾക്ക് ഇരട്ട കോവിഡ് ടെസ്റ്റ്; പ്രവാസി സംഘടനകൾ പ്രതിഷേധിച്ചു
കേരളത്തിൽ മാത്രം 14 ദിവസത്തെ ക്വാറന്‍റൈന്‍ നിർബന്ധമാക്കിയത് സംസ്ഥാന സർക്കാറിൻ്റെ ക്രൂരതയാണെന്ന് ഒ.ഐ.സി.സി കുറ്റപ്പെടുത്തി

ഇന്ത്യയിലെത്തുന്ന പ്രവാസികൾക്ക് ഇരട്ട കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയതിനെതിരെ സൗദിയിൽ വിവിധ പ്രവാസി സംഘടനകൾ പ്രതിഷേധിച്ചു. കേരളത്തിൽ മാത്രം 14 ദിവസത്തെ ക്വാറന്‍റൈന്‍ നിർബന്ധമാക്കിയത് സംസ്ഥാന സർക്കാറിൻ്റെ ക്രൂരതയാണെന്ന് ഒ.ഐ.സി.സി കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാർ പോലും കോവിഡ് ചട്ടങ്ങൾ പാലിക്കാതെ പൊതുപരിപാടികൾ നടത്തുകയാണെന്ന് കെ.എം.സി.സി ആരോപിച്ചു.
ഗൾഫ് നാടുകളിൽ നിന്ന് കോവിഡ് പരിശോധന നടത്തിയശേഷം, ഇന്ത്യയിലെത്തുന്ന പ്രവാസികൾക്ക് വീണ്ടും പരിശോധന നടത്തണമെന്ന കേന്ദ്ര-സംസ്ഥാന സർക്കാർ മാനദണ്ഡങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് സൗദിയിലെ വിവിധ പ്രവാസി സംഘടനകൾ ഉയർത്തുന്നത്.
കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ഇരട്ട കോവിഡ് പരിശോധനക്ക് പുറമെ, സംസ്ഥാന സർക്കാർ കേരളത്തിൽ 14 ദിവസത്തെ ക്വാറൻ്റൈൻ കൂടി നിർബന്ധമാക്കിയത് പ്രവാസികളോട് കാണിക്കുന്ന ക്രൂരതയാണെന്ന് ഒ.ഐ.സി.സി ജിദ്ദ വെസ്റ്റേണ്‍ റീജിയണൽ കമ്മറ്റി കുറ്റപ്പെടുത്തി.
കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ഇത്തരം പരിശോധന നിര്‍ബന്ധമാക്കുന്നത് വിചിത്രവും വിരോധാഭാസവുമാണെന്നു പ്രവാസി സാംസ്കാരിക വേദി റിയാദ് സെൻട്രൽ കമ്മറ്റി പ്രസിഡന്‍റ് സാജു ജോർജ്ജ് പറഞ്ഞു. സംസ്ഥാന സർക്കാറും വിവിധ രാഷ്ട്രീയ സംഘടനകളും കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റിൽ പറത്തി പൊതു പരിപാടികൾ സംഘടിപ്പിക്കുകയും, പ്രവാസികളോട് കടുത്ത വിവേചനം കാണിക്കുകയും ചെയ്യുന്ന പ്രവണത സർക്കാറുകൾ അവസാനിപ്പിക്കണമെന്ന് കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മറ്റി ആവശ്യപ്പെട്ടു.
സർക്കാർ നടപടി ക്രൂരവും കടുത്ത അനീതിയുമാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷണൽ കമ്മിറ്റി ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു. അമിത ചാർജ്ജ് ഈടാക്കി നടത്തുന്ന ഇത്തരം പരിശോധനകൾ പിൻവലിക്കണമെന്ന് പ്രവാസി മലയാളി ഫെഡറേഷൻ ആവശ്യപെട്ടു. പ്രവാസികൾ ഇത്രയും കടുത്ത അവഗണന നേരിടുമ്പോൾ മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ പ്രതികരിക്കാത്തത് ലജ്ജാകരമാണെന്ന് സമസ്‌ത ഇസ്‌ലാമിക് സെന്‍റര്‍ സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്‍റ് സയ്യിദ് ഉബൈദുല്ല തങ്ങൾ അൽ ഹൈദ്രൂസി പറഞ്ഞു.
Adjust Story Font
16

