കൈയ്യടിക്കാം ഈ 'സ്‌കോളർഷിപ്പ് മാസ്റ്റർക്ക്'; ലക്ഷകണക്കിന് വിദ്യാർഥികളുടെ സ്വപ്‌നത്തിന് ചിറക് മുളച്ചത് ഈ അധ്യാപകന്റെ നിശ്ചയദാർഢ്യത്തിലാണ്
കിട്ടുന്ന പെൻഷന്റെ പകുതിയും ചിലവിടുന്നത് പാവപ്പെട്ട വിദ്യാർഥികൾക്ക് വേണ്ടിയുള്ള സ്‌കോളർഷിപ്പ് പ്രവർത്തനങ്ങൾക്ക്

ബംഗളുരു: അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ സാമ്പത്തിക പ്രയാസം മൂലം പഠനം നിർത്തേണ്ട സാഹചര്യമുണ്ടായിരുന്നു കെ.നാരായണ നായിക്കിന്. ആ പ്രതിസന്ധിയെ മറികടന്ന് ഉന്നതവിദ്യാഭ്യാസം നേടി അധ്യാപകനായി. പിന്നീട്, സ്‌കൂൾ ഇൻസ്‌പെക്ടറായി. വിരമിച്ചതോടെ ഒരു തീരുമാനമെടുത്തു.- പാവപ്പെട്ട വിദ്യാർഥികൾക്ക് അവർ അർഹിക്കുന്ന സ്‌കോളർഷിപ്പുകൾ കിട്ടാൻ സഹായിക്കുക. കഴിഞ്ഞ 21 വർഷത്തിനിടെ ലക്ഷക്കണക്കിന് വിദ്യാർഥികൾക്കാണ് ഇദ്ദേഹം മാർഗദർശിയായത്. അതോടെ ഇദ്ദേഹത്തിന് ഒരു പേര് വീണു, 'സ്‌കോളർഷിപ്പ് മാസ്റ്റർ '
വിളിപ്പേരിനോട് നൂറ് ശതമാനം നീതി പുലർത്തുന്ന പ്രവർത്തനമാണ് കെ. നാരായണ നായിക്കിന്റേത്. പ്രൈമറി സ്‌കൂൾ അധ്യാപകനായി ഔദ്യോഗിക ജീവിതം തുടങ്ങിയ ഇദ്ദേഹം പടി-പടിയായി സ്‌കൂൾ ഇൻസ്‌പെക്ടർ വരെയായി. വിരമിച്ചതോടെ പാവപ്പെട്ട വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയായി പ്രവർത്തനം. പെൻഷനായി ലഭിക്കുന്നത് 40,000 രൂപയാണ്. ഇതിലെ പകുതിയിലേറെയും ഇദ്ദേഹം ചിലവിടുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സന്ദർശിക്കാനും സ്‌കോളർഷിപ്പിനായി കുട്ടികളെ സഹായിക്കാനുമാണ്.
'സർക്കാരിന്റെയും സ്വകാര്യ സ്ഥാപനങ്ങളുടെയും നിരവധി സ്‌കോളർഷിപ്പുകൾ ഇന്നുണ്ട്. പക്ഷേ, ഇവയെക്കുറിച്ചും അവ എങ്ങനെ നേടണമെന്നതിനെക്കുറിച്ചും വിദ്യാർത്ഥികൾക്ക് വേണ്ടത്ര അവബോധമില്ല. ലഭ്യമായ സ്‌കോളർഷിപ്പുകളെല്ലാം കണ്ടെത്തുക, വിദ്യാർത്ഥികൾക്കിടയിൽ അവബോധം സൃഷ്ടിക്കുക, ഏറ്റവും അർഹതയുള്ള വിദ്യാർത്ഥികളെ അത് നേടാൻ സഹായിക്കുക ഇവയിലാണ് ഞാൻ ശ്രദ്ധേ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.
എല്ലാവർഷവും 350 ലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇദ്ദേഹം സന്ദർശിക്കുന്നുണ്ട്. വിദ്യാർത്ഥികളുടെ കുടുംബങ്ങളെ നേരിൽ കാണും. സ്‌കോളർഷിപ്പിനുള്ള അപേക്ഷ ഒരുക്കി നൽകും. അപേക്ഷാ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതുവരെ സർക്കാർ വകുപ്പുകളിലും എൻജിഒകളിലും ഇടപെട്ട് തുടർ നടപടികൾ സ്വീകരിക്കും. ഇതാണ് ഈ 'സ്‌കോളർഷിപ്പ് ' മാസ്റ്ററുടെ പ്രവർത്തനരീതി.
Adjust Story Font
16

