ഈ അബദ്ധങ്ങൾ ഒഴിവാക്കിയാൽ നിങ്ങളുടെ റെസ്യൂമെ കളറാകും; മുന്നറിയിപ്പുമായി ഗൂഗിൾ മുൻ റിക്രൂട്ടർ
റെസ്യൂമെയിലെ നാല് പ്രധാന 'റെഡ് ഫ്ലാഗുകൾ' എങ്ങനെ പരിഹരിക്കാമെന്ന് ഗൂഗിൾ, ടിക് ടോക്ക് തുടങ്ങിയ വൻകിട കമ്പനികളിൽ റിക്രൂട്ടറായി പ്രവർത്തിച്ച് പരിചയമുള്ള ഫറ ഷർഗി വ്യക്തമാക്കുന്നു

ജോലി അന്വേഷിക്കുന്നവരിൽ പലരും റെസ്യൂമെ (Resume) തയ്യാറാക്കുമ്പോൾ വരുത്തുന്ന ചില പ്രധാന അബദ്ധങ്ങളുണ്ട്. ഗൂഗിൾ, ടിക് ടോക്ക്, ഉബർ, ന്യൂയോർക്ക് ടൈംസ് തുടങ്ങിയ വൻകിട കമ്പനികളിൽ റിക്രൂട്ടറായി പ്രവർത്തിച്ച് പരിചയമുള്ള ഫറ ഷർഗി അത്തരം ചില വലിയ തെറ്റുകളെക്കുറിച്ച് ഉദ്യോഗാർഥികൾക്ക് മുന്നറിയിപ്പ് നൽകുന്നു. റെസ്യൂമെയിലെ നാല് പ്രധാന 'റെഡ് ഫ്ലാഗുകൾ' എങ്ങനെ പരിഹരിക്കാമെന്ന് അവർ വ്യക്തമാക്കുന്നു.
തങ്ങളെക്കുറിച്ച് കൃത്യമായി അറിയുന്ന ഒരാൾക്ക് വേണ്ടി എഴുതുന്നത് പോലെയാണ് പലരും റെസ്യൂമെ തയ്യാറാക്കുന്നത് എന്നതാണ് ഇതിലെ ഏറ്റവും വലിയ അബദ്ധമെന്ന് ഫറ പറയുന്നു. തങ്ങളുടെ സ്വന്തം നേട്ടങ്ങളും ഉത്തരവാദിത്തങ്ങളും തനിക്ക് തന്നെ വ്യക്തമായി അറിയാമെങ്കിലും, അത് വായിക്കുന്ന പുതിയ കമ്പനിയിലെ റിക്രൂട്ടർക്ക് പൂർണമായി മനസിലാകണമെന്നില്ല. ഇതിനൊരു ലളിതമായ പരിശോധനയും അവർ നിർദേശിക്കുന്നുണ്ട്: റെസ്യൂമെയുടെ മുകളിലെ നിങ്ങളുടെ പേര് മറച്ചുപിടിച്ച് അതൊന്ന് വായിച്ചുനോക്കുക. അത് മറ്റേതെങ്കിലും ഉദ്യോഗാർഥിയുടേതാണെന്ന് തോന്നുകയാണെങ്കിൽ നിങ്ങളുടെ റെസ്യൂമെ മാറ്റിയെഴുതേണ്ടതുണ്ട്.
റെസ്യൂമെയിലെ നാല് പ്രധാന അബദ്ധങ്ങളും അവയുടെ പരിഹാരങ്ങളും
അവ്യക്തമായ വാചകങ്ങൾ ഉപയോഗിക്കുന്നത്
റെസ്യൂമെയിൽ പലപ്പോഴും ഉദ്യോഗാർഥിക്ക് മാത്രം മനസിലാകുന്ന ചില വാചകങ്ങൾ ഉൾപ്പെടുത്താറുണ്ട്. ഉദാഹരണത്തിന്, 'തീരുമാനങ്ങളെടുക്കാൻ സഹായിക്കുന്നതിനായി സാമ്പത്തിക വിശകലനങ്ങൾ നടത്തി' എന്നൊക്കെയുള്ള വാചകങ്ങൾ റിക്രൂട്ടർക്ക് യാതൊരു വ്യക്തതയും നൽകുന്നില്ല.
പരിഹാരം: നിങ്ങൾ ചെയ്ത കാര്യങ്ങൾ ബുള്ളറ്റ് പോയിന്റുകളായി നൽകുന്നതിന് മുൻപായി ഒരു വരിയിൽ സന്ദർഭം നൽകുക. സ്ഥാപനം എന്താണ് ചെയ്യുന്നതെന്നും അതിൽ നിങ്ങളുടെ പങ്ക് എന്തായിരുന്നുവെന്നും ചുരുക്കത്തിൽ വിശദീകരിച്ചാൽ റിക്രൂട്ടർക്ക് കാര്യങ്ങൾ വേഗത്തിൽ മനസിലാക്കാൻ സാധിക്കും.
പശ്ചാത്തലമില്ലാതെ സംഖ്യകൾ നൽകുന്നത്
'രണ്ടാം പാദത്തിൽ 6,30,000 ഡോളർ നേടി' എന്നത് പോലെയുള്ള കണക്കുകൾ അടിസ്ഥാന വിവരങ്ങൾ ഇല്ലാതെ നൽകുമ്പോൾ അതിന് യാതൊരു വിലയുമില്ല. ആ സംഖ്യ എന്തിനെ സൂചിപ്പിക്കുന്നു എന്ന് കൂടി വ്യക്തമാക്കണം.
പരിഹാരം: സംഖ്യകൾ എന്തിനെ അളക്കുന്നുവെന്നും അവയുടെ പ്രാധാന്യം എന്താണെന്നും റിക്രൂട്ടർക്ക് മനസിലാകുമ്പോൾ മാത്രമേ അതിനൊരു അർഥമുണ്ടാകൂ. അതുകൊണ്ട് സാമ്പത്തിക കണക്കുകളോ മറ്റ് സംഖ്യകളോ നൽകുമ്പോൾ അത് എന്തിനെ പ്രതിനിധീകരിക്കുന്നു എന്ന കൃത്യമായ വിവരണം കൂടെ നൽകുക.
കമ്പനികൾക്ക് മാത്രം മനസിലാകുന്ന പദപ്രയോഗങ്ങൾ
നിങ്ങൾ ജോലി ചെയ്തിരുന്ന കമ്പനിക്കുള്ളിൽ മാത്രം ഉപയോഗിക്കുന്ന ചില പ്രൊജക്റ്റ് പേരുകളും ഷോർട്ട് ഫോമുകളും ഉണ്ടാകും. പുറത്തുനിന്നുള്ള ഒരു റിക്രൂട്ടർക്ക് ഇവയൊന്നും മനസിലാകണമെന്നില്ല.
പരിഹാരം: ഇത്തരം വാക്കുകൾ റെസ്യൂമെയിൽ നിന്നും പൂർണമായും ഒഴിവാക്കുക. പകരം, നിങ്ങൾ ഉപയോഗിച്ച ടൂളുകളെക്കുറിച്ചും പ്രൊജക്റ്റുകളെക്കുറിച്ചും ഏത് ഇൻഡസ്ട്രിയിലുള്ള വ്യക്തിക്കും ഒറ്റനോട്ടത്തിൽ മനസിലാകുന്ന ലളിതമായ ഭാഷയിൽ വിശദീകരിക്കുക.
തെളിയിക്കാനാവാത്ത അവകാശവാദങ്ങളും വിശേഷണങ്ങളും
'മികച്ച ആശയവിനിമയ ശേഷി', 'ടീം പ്ലെയർ', 'കഠിനാധ്വാനി' എന്നിങ്ങനെയുള്ള വാക്കുകൾ റെസ്യൂമെയിൽ കുത്തിനിറയ്ക്കുന്നതിൽ യാതൊരു അർഥവുമില്ല. കാരണം ഇവയൊന്നും തന്നെ കേവലം റെസ്യൂമെയിലൂടെ മാത്രം തെളിയിക്കാൻ സാധിക്കുന്ന കാര്യങ്ങളല്ല.
പരിഹാരം: ഒരു പ്രത്യേക ഉദാഹരണത്തിലൂടെ നിങ്ങളുടെ കഴിവ് തെളിയിക്കാൻ കഴിയുന്നില്ലെങ്കിൽ അത്തരം വിശേഷണങ്ങൾ ഒഴിവാക്കുന്നതാണ് എപ്പോഴും നല്ലത്. നൈപുണ്യങ്ങൾ (Skills) എന്നാൽ നിങ്ങൾക്ക് ചെയ്തു കാണിക്കാൻ കഴിയുന്ന കാര്യങ്ങളാണ്. നിങ്ങളുടെ വ്യക്തിത്വ സവിശേഷതകൾ എഴുതിപ്പിടിപ്പിക്കുന്നതിന് പകരം അത് ഇന്റർവ്യൂ സമയത്ത് പ്രകടിപ്പിക്കാൻ ശ്രമിക്കുക.
ചുരുക്കത്തിൽ, നിങ്ങളുടെ റെസ്യൂമെ വായിക്കുന്ന വ്യക്തിക്ക് നിങ്ങളുടെ ജോലിയെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും വളരെ ലളിതമായി മനസിലാക്കാൻ കഴിയുന്ന രീതിയിലായിരിക്കണം അത് തയ്യാറാക്കേണ്ടത് എന്നാണ് ഈ മുൻ ഗൂഗിൾ റിക്രൂട്ടറുടെ പ്രധാന ഉപദേശം.
Adjust Story Font
16

