Quantcast

'ഈ സ്ഥാപനം പാണക്കാട് തങ്ങളുടെ പേരിൽ; ഇവിടെ ചേരുമ്പോൾ രാഷ്ട്രീയം മാറേണ്ടതില്ല...' - നജീബ് കാന്തപുരം എം.എൽ.എ

മകന് അഡ്മിഷൻ കിട്ടിയതിന്റെ പേരിൽ താൻ രാഷ്ട്രീയം മാറുന്നില്ലെന്ന കമ്മ്യൂണിസ്റ്റുകാരനായ രക്ഷിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റിനായിരുന്നു എം.എൽ.എയുടെ മറുപടി

MediaOne Logo

Web Desk

  • Published:

    17 Aug 2022 6:18 AM GMT

ഈ സ്ഥാപനം പാണക്കാട് തങ്ങളുടെ പേരിൽ; ഇവിടെ ചേരുമ്പോൾ രാഷ്ട്രീയം മാറേണ്ടതില്ല... - നജീബ് കാന്തപുരം എം.എൽ.എ
X

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പേരിൽ പെരിന്തൽമണ്ണയിൽ സ്ഥാപിച്ച സൗജന്യ ഐ.എ.എസ് പരീശിലന അക്കാദിയിൽ തന്റെ മകൻ കണ്ണൻ ചേർന്നതുകൊണ്ട് കമ്മ്യൂണിസ്റ്റുകാരായ താനോ മകനോ ആശയം മാറുന്നില്ലെന്ന് വിദ്യാർത്ഥിയുടെ പിതാവ്. ഡി.വൈ.എഫ്.ഐ കരുവാരകുണ്ട് പഞ്ചായത്ത് സെക്രട്ടറി, സി.പി.എം ലോക്കൽ സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിട്ടുള്ള എം മണി കരുവാരകുണ്ട് ആണ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. കണ്ണന്റെ മാത്രമല്ല, അക്കാദമിയിലെ ഒരു കുട്ടിയുടെയും രാഷ്ട്രീയം അന്വേഷിച്ചിട്ടില്ലെന്നും ആരും രാഷ്ട്രീയം മാറേണ്ടതില്ലെന്നും വ്യക്തമാക്കി നജീബ് കാന്തപുരം എം.എൽ.എയും രംഗത്തുവന്നു.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

'ഫൈസൽ & ഷബാന ടീമിന്റെ സാമ്പത്തിക പിന്തുണയോടെ ബഹു. പെരിന്തൽമണ്ണ എം.എൽ.എ ശ്രീ നജീബ് കാന്തപുരം ആരംഭിച്ച സിവിൽ സർവ്വീസ് അക്കാദമിയിൽ അപേക്ഷ നൽകിയപ്പൊ കണ്ണൻ പറഞ്ഞു... 'അച്ഛന്റെ രാഷ്ട്രീയത്തിനോ നിലപാടുകൾക്കോ എതിരാവുകയോ അച്ഛന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാവുകയോ ചെയ്യുമെങ്കിൽ ഞാനിവിടെ ചേരില്ല. '

പിന്നീട് 3500 ഓളം അപേക്ഷകരിൽ നിന്ന് 100 ലേക്ക് വിവിധ തലങ്ങളിലെ സ്‌ക്രീനിങ്ങിന് ശേഷം നടന്ന ഇന്റർവ്യുവിൻ കണ്ണൻ അവന്റെ രാഷ്ട്രീയ നിലപാട് തുറന്നുപറഞ്ഞു. കേരള വർമയിൽ യു.യു.സി ആയിരുന്നതും മറച്ചുവെച്ചില്ല. അഭിമുഖ പരീക്ഷ കഴിഞ്ഞ് അവൻ തികഞ്ഞ ശുഭാപ്തി വിശ്വാസത്തിലായിരുന്നു. എന്തായാലും കിട്ടും...

അവന്റെ സംശയത്തിന് അന്ന് തന്നെ മറുപടി പറഞ്ഞു. നിനക്ക് അഡ്മിഷൻ കിട്ടാൻ ഞാൻ ആരോടും ശുപാർശ ചെയ്യില്ല. അങ്ങനെ ജൂലായ് 31 ന് കണ്ണൻ അവിടെ ചേർന്നു.

1998 ൽ ബഹു കെ.ടി. മാനു മുസ്ലിയാരുടെ നേതൃത്വത്തിലുള്ള നജാത്ത് ഹൈസ്‌കൂളിൽ മലയാളം അധ്യാപകനായി ഞാൻ ചേർന്നു. അന്ന് ഡി.വൈ.എഫ്.ഐ കരുവാരകുണ്ട് പഞ്ചായത്ത് സെക്രട്ടറി. 2002 ൽ പാർട്ടി ലോക്കൽ സെക്രട്ടറി. പിന്നീട് 2007 പി.എസ്.സി കിട്ടുന്നതു വരെ ആ സ്ഥാനത്ത് തുടർന്നു. അന്നൊന്നും നിലപാടിൽ അൽപ്പം പോലും വെള്ളം ചേർത്തില്ല.

ഒരിക്കൽ മാനു മുസ്ലിയാരോട് ആരോ പറഞ്ഞു... 'മണിയെ പോലെ ഒരാളെ നമ്മുടെ സ്ഥാപനത്തിൽ നിർത്തുന്നത് ശരിയാണോ?'

ലോകം കണ്ട അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: 'അവൻ ഏത് പാർട്ടി എന്നത് എന്റെ വിഷയമല്ല, അയാളെ ഏൽപ്പിച്ച മലയാളം മാഷിന്റെ പണി അയാൾ നന്നായി നിർവ്വഹിക്കുന്നുണ്ടോ എന്നു മാത്രമേ ഞാൻ നോക്കുന്നുള്ളൂ... അത് അയാൾ നന്നായി നിർവഹിക്കുന്നു എന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട് .'

കണ്ണൻ ഹൈദരലി ശിഹാബ് തങ്ങളുടെ പേരിലുള്ള സിവിൽ സർവീസ് അക്കാദമിയിൽ ചേർന്നത് അറിഞ്ഞ ചിലർ വ്യക്തിപരമായി പ്രകടിപ്പിച്ച സംശയത്തിനുള്ള മറുപടി കൂടിയാണീ പോസ്റ്റ്.'

താനും കുടുംബവും കമ്മ്യൂണിസ്റ്റുകാരാണെന്നും അത് മനസ്സിലാക്കിയിട്ടും അക്കാദമിയിൽ പ്രവേശനം നേടിയെങ്കിൽ അത് മകന്റെ യോഗ്യത മാത്രമാണെന്നും മണി പോസ്റ്റിൽ പറയുന്നു.

രാഷ്ട്രീയം നോക്കുന്നില്ലെന്ന് എം.എൽ.എ

എം. മണി കരുവാരകുണ്ടിന്റെ പോസ്റ്റിൽ കമന്റ് രേഖപ്പെടുത്തിയാണ് നജീബ് കാന്തപുരം മറുപടി നൽകിയത്.

"മണി മാഷോ മകനോ ഒരു രാഷ്ട്രീയവും മാറേണ്ട. അത്‌ കണ്ണന്റെ മെറിറ്റിനുള്ള അംഗീകാരമാണ്‌. കണ്ണന്റെ മാത്രമല്ല, അവന്റെ കൂടെ പഠിക്കുന്ന ഒരു കുട്ടിയുടെയും രാഷ്ട്രീയം ഞാൻ അന്വേഷിച്ചിട്ടില്ല. ഒരു രാഷ്ട്രീയ ആനുകൂല്യവും ഞാൻ പ്രതീക്ഷിക്കുന്നുമില്ല. പാണക്കാട്‌ തങ്ങളുടെ നാമധേയത്തിലാണ്‌ ഈ സ്ഥാപനം. കണ്ണൻ നിങ്ങൾക്ക്‌ എത്ര പ്രിയപ്പെട്ടവനാണോ അത്രയും ഞങ്ങൾക്കും പ്രിയപ്പെട്ടവനാണ്‌. ആ കുട്ടികൾ ചരിത്രമെഴുതുന്ന ദിവസമാണെന്റെ സ്വപ്നം..."

TAGS :

Next Story