ഒരു കുടുംബത്തിൽ മൂന്ന് ഐഎഎസ് ഓഫീസർമാർ, ഒരു ഐപിഎസ് ഓഫീസർ; അസാധാരണ നേട്ടം കൈവരിച്ച് മിശ്ര കുടുംബം
അനിൽ മിശ്രയുടെ മക്കളായ യോഗേഷ്, മാധവി, ലോകേഷ്, ക്ഷമ എന്നിവരാണ് അസാധാരണ നേട്ടം കൈവരിച്ചത്

- Updated:
2026-01-08 14:08:22.0

ലഖ്നൗ: ഇന്ത്യയിലെ ഏറ്റവും കഠിനമായ പരീക്ഷകളിലൊന്നാണ് സിവിൽ സർവീസ് പരീക്ഷ. വർഷാവർഷം ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ എഴുതുന്ന ഈ പരീക്ഷയിൽ കുടുംബത്തിൽ നിന്ന് ഒരാൾ വിജയിക്കുന്നത് പോലും വലിയ നേട്ടമായാണ് കണക്കാക്കുന്നത്. എന്നാൽ, ഉത്തർപ്രദേശിലെ പ്രതാപ്‌ഗഢിലെ ഒരു കുടുംബത്തിലെ നാല് സഹോദരങ്ങളാണ് സിവിൽസർവീസ് പരീക്ഷ എന്ന കടമ്പ മറികടന്നത്.
അനിൽ മിശ്രയുടെ മക്കളായ യോഗേഷ്, മാധവി, ലോകേഷ്, ക്ഷമ എന്നിവരാണ് ഈ അസാധാരണ നേട്ടം കൈവരിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും മക്കളുടെ വിദ്യാഭ്യാസത്തിന് അനിൽ മിശ്ര നൽകിയ പ്രാധാന്യമാണ് മക്കളെ ഈ നേട്ടത്തിലേക്ക് നയിച്ചത്. സഹോദരങ്ങളിൽ മൂത്തയാളായ യോഗേഷാണ് ആദ്യമായി സിവിൽ സർവീസിൽ പ്രവേശിച്ചത്. 2013-ൽ ആദ്യ ശ്രമത്തിൽ തന്നെ യുപിഎസ്‌സി റിസർവ് ലിസ്റ്റിൽ ഇടംനേടിയ യോഗേഷ് മിശ്രക്ക് സാധിച്ചു. പിന്നീട് , ഐഎഎസ് ഓഫീസറായി നിയമിതനായി.
ജ്യേഷ്ഠന്റെ വിജയം നൽകിയ ആത്മവിശ്വാസത്തിലാണ് 2014-ൽ മാധവി മിശ്ര പരീക്ഷ എഴുതിയത്. ആദ്യ ശ്രമത്തിൽ തന്നെ 62-ാം റാങ്ക് നേടി ഐഎഎസ് ഓഫീസറായി. അടുത്ത ഊഴം സഹോദരനായ ലോകേഷ് മിശ്രക്കായിരുന്നു. 2015 ൽ ലോകേഷും സിവിൽ സർവീസ് എഴുതി. അഖിലേന്ത്യ തലത്തിൽ 44-ാം റാങ്ക് നേടിയ ലോകേഷും ഐഎഎസ് ഉദ്യാഗസ്ഥനാണ്. സഹോദരങ്ങളുടെ പിന്തുണയിൽ പരീക്ഷ എഴുതിയ ക്ഷമ തന്റെ നാലാം ശ്രമത്തിലാണ് ഐപിഎസ് ഓഫീസർ എന്ന സ്വപ്നം സാക്ഷാത്കരിച്ചത്.
പ്ലസ് ടുവരെ ഹിന്ദി മീഡിയത്തിൽ പഠിച്ച നാലു പേരും ലക്ഷ്യ ബോധവും അധ്വാനിക്കാനുള്ള മനസുമുണ്ടെങ്കിൽ ഏത് പ്രതിസന്ധിയേയും മറികടക്കാമെന്ന് തെളിയിച്ചിരിക്കുകയാണ്. സാധാരണ കുടുംബങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് സിവിൽ സർവീസ് ഉദ്യോഗാർത്ഥികൾക്ക് വലിയ പ്രചോദനമാണ് മിശ്ര കുടുംബത്തിന്റെ ഈ കഥ.
Adjust Story Font
16
