Quantcast

ചലച്ചിത്രമേളയിലുള്ളത് ലോകസിനിമകളുടെ വൈവിധ്യം രേഖപ്പെടുത്തുന്ന പാക്കേജുകള്‍

MediaOne Logo

Sithara

  • Published:

    18 May 2018 6:45 PM GMT

ചലച്ചിത്രമേളയിലുള്ളത് ലോകസിനിമകളുടെ വൈവിധ്യം രേഖപ്പെടുത്തുന്ന പാക്കേജുകള്‍
X

ചലച്ചിത്രമേളയിലുള്ളത് ലോകസിനിമകളുടെ വൈവിധ്യം രേഖപ്പെടുത്തുന്ന പാക്കേജുകള്‍

ഉദ്ഘാടന ചിത്രമായ പാര്‍ട്ടിംഗിന് പുറമെ കുടിയേറ്റത്തിന്‍റെ ദുരിതങ്ങളെക്കുറിച്ചുള്ള ചിത്രങ്ങളടങ്ങളിയ മൈഗ്രേഷന്‍ പാക്കേജ് മേളയിലുണ്ട്.

ലോകസിനിമകളുടെ വൈവിധ്യങ്ങളെ രേഖപ്പെടുത്തുന്ന പാക്കേജുകളാണ് 21ആമത് ചലച്ചിത്ര മേളയുടെ സവിശേഷത. ഉദ്ഘാടന ചിത്രമായ പാര്‍ട്ടിംഗിന് പുറമെ കുടിയേറ്റത്തിന്‍റെ ദുരിതങ്ങളെക്കുറിച്ചുള്ള ചിത്രങ്ങളടങ്ങളിയ മൈഗ്രേഷന്‍ പാക്കേജ് മേളയിലുണ്ട്. ജെന്‍ഡര്‍ ബെന്‍ഡര്‍, ലൈഫ് ഓഫ് ആര്‍ട്ടിസ്റ്റ്, പ്രഗത്ഭരുടെചിത്രങ്ങളടങ്ങിയ നൈറ്റ് ക്ലാസിക്സ്, ചെക് - സ്ലോവാക്യന്‍ പാക്കേജുകളും ശ്രദ്ധേയമാകും. കണ്‍ട്രി ഫോക്കസില്‍ കസാക്കിസ്താനില്‍ നിന്നുള്ള ചിത്രങ്ങളാണ്. മലയാളം ചിത്രങ്ങളും മറ്റ് ഇന്‍ഡ്യന്‍ ഭാഷകളിലുള്ള ചിത്രങ്ങളും പ്രദര്‍ശനത്തിനുണ്ടാകും

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 184 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. കുടിയേറ്റത്തിന്‍റെ ദുരിതങ്ങള്‍ അനാവരണം ചെയ്യുന്ന മൈഗ്രേഷന്‍ പാക്കേജില്‍ മലയാളിയായ കെ എം കമലിന്‍റെ ഹിന്ദി ചിത്രമായ ഐഡിക്ക് പുറമെ ചലച്ചിത്ര നിരൂപകനായ പൗലോ ബെര്‍ട്ടോലിന്‍ ക്യുറേറ്റ് ചെയ്ത ഏഴ് ചിത്രങ്ങളുണ്ട്.

എല്‍.ജി.ബി.ടി സമൂഹത്തിന് ഐക്യദാര്‍ഢ്യവുമായി 'ജെന്‍ഡര്‍ ബെന്‍ഡര്‍' വിഭാഗത്തില്‍ 'ഫ്രണ്ട് കവര്‍', 'എല്‍.ഒ.ഇ.വി', 'ക്വിക്ക് ചേയ്ഞ്ച്,' പെപ്പ സന്‍ മാര്‍ട്ടിന്റെ 'രാരാ' 'സംതിങ് മസ്റ്റ് ബ്രേക്ക്', 'ദി സമ്മര്‍ ഓഫ് സാങ്‌ഐന്‍' എന്നീ ചിത്രങ്ങളുണ്ട്.

മൊഹ്സന്‍ മക്മല്‍ബഫിന്റെ നിരോധിക്കപ്പെട്ട ഇറാന്‍ ചിത്രമായി ദ സൈറ്റ്സ് ഓഫ് സയാന്‍ദേ മേളയില്‍ പ്രേക്ഷക ശ്രദ്ധ നേടും. കലാകാരന്മാരുടെ ജീവിതത്തെ രേഖപ്പെടുത്തുന്ന ലൈഫ് ഓഫ് ആര്‍ട്ടിസ്റ്റില്‍ വിന്‍സെന്റ് വാന്‍ഗോഗ്, കാമിലി ക്ലൗദല്‍, ബഹ്മാന്‍ മൊഹ്‌സെസ്, അമേദിയോ മോഡിഗ്‌ലിയാനി എന്നിവരെക്കുറിച്ചുള്ള സിനിമകളുണ്ട്.

കണ്‍ട്രി ഫോക്കസിലെ ഡോട്ടര്‍ ഓഫ് ലോ, ലിറ്റില്‍ ബ്രദര്‍, ഗസാക്ക് ഏലി, സ്റ്റുഡന്‍റ്, ഓള്‍ഡ്മാന്‍ എന്നീ കസാക്കിസ്താന്‍ ചിത്രങ്ങള്‍ മേളയുടെ പ്രത്യേകതയാണ്. ഹോമേജ് വിഭാഗത്തില്‍ അബ്ബാസ് കിരിയസ്താമിയുടെ മൂന്ന് ചിത്രങ്ങള്‍ക്ക് പുറമെ ആന്ദ്രേ വൈദയുടെ ആഫ്റ്റര്‍ ഇമേജും കലാഭവന്‍ മണി, ടി എ റസാഖ്, കല്‍പ്പന, രാജേഷ് പിള്ള, എ ശരീഫ്, ശശിശങ്കര്‍ എന്നിവരുടെ സിനിമകളുമുണ്ടാകും.

നൈറ്റ് ക്ലാസിക്കില്‍ ത്രൂഫോ, റോബര്‍ട്ട് ബ്രസന്‍, ഗോദാര്‍ദ്, കെന്‍ജി മിസിഗുച്ചി, കെ ജി ജോര്‍ജ് എന്നിവരുടെ ചിത്രങ്ങളുണ്ട്. ലോക സിനിമാ വിഭാഗത്തില്‍ വിവിധ ഭാഷകളിലുള്ള 81 സിനിമകളില്‍ എട്ട് ഇറാന്‍ ചിത്രങ്ങളും കിംകി ഡുക്കിന്‍റെ നെറ്റും ടര്‍ക്കിഷ്, ലാറ്റിനമേരിക്കന്‍ ചിത്രങ്ങളും ആസ്വാദകരെ കാത്തിരിക്കുന്നു.

മലയാളികളായ വിധു വിന്‍സന്‍റിന്‍റെ മാന്‍ഹോള്‍, ഡോ. ബിജുവിന്‍റെ കാട് പൂക്കും നേരം എന്നിവ ഉള്‍പ്പെടെ 15 സിനിമകളാണ് സുവര്‍ണ ചകോരത്തിനായി മല്‍സരിക്കുന്നത്. റിട്രോസ്‌പെക്ടീവില്‍ ഇംഗ്ലീഷ് സംവിധായകന്‍ കെന്‍ ലോച്ചിന്‍റെ 9 ചിത്രങ്ങളും ചെക് - സ്ലോവാക് ക്ലാസിക്കുകളില്‍ ആറ് ചിത്രങ്ങളും മലയാളം റിട്രോയില്‍ കെ എസ് സേതുമാധവന്‍റെ അഞ്ച് ചിത്രങ്ങളുമുണ്ട്.

TAGS :

Next Story