വിട്ടുനിന്നത് അപമാനിക്കപ്പെട്ട എന്റെ രാജ്യത്തിനും മറ്റ് ആറ് രാജ്യങ്ങള്‍ക്കും വേണ്ടി: ഫര്‍ഹാദി

വിട്ടുനിന്നത് അപമാനിക്കപ്പെട്ട എന്റെ രാജ്യത്തിനും മറ്റ് ആറ് രാജ്യങ്ങള്‍ക്കും വേണ്ടി: ഫര്‍ഹാദി
ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ദ സെയില്‍സ്മാന്റെ സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദി ഓസ്കാര്‍ ചടങ്ങ് ബഹിഷ്കരിച്ചു
ഓസ്കാര്‍ പുരസ്കാര വേദിയിലെ ശ്രദ്ധേയമായ അസാന്നിധ്യമായിരുന്നു മികച്ച അന്യഭാഷ ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയ 'ദ സെയില്‍സ്മാന്‍' എന്ന ചിത്രത്തിന്‍റെ സംവിധായകനായ അസ്ഗര്‍ ഫര്‍ഹാദിയുടേത്. ഏഴ് മുസ്‍ലിം ഭൂരിപക്ഷരാഷ്ട്രങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് അമേരിക്കയില്‍ വിലക്കേര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ വിവാദ ഉത്തരവിനോടുള്ള പ്രതിഷേധ സൂചകമായാണ് ഇറാന്‍ വംശജനായ ഫര്‍ഹാദി ചടങ്ങ് ബഹിഷ്കരിച്ചത്. പുരസ്കാരം ഏറ്റുവാങ്ങി കൊണ്ടുള്ള ഫര്‍ഹാദിയുടെ സന്ദേശം ചടങ്ങില്‍ വായിച്ചു. അഭയാര്‍ഥികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ട്രംപിന്‍റെ നടപടി മനുഷ്യത്വരഹിതമാണെന്ന് വിശേഷിപ്പിച്ച ഫര്‍ഹാദി ഇറാനിയന്‍ ജനതയോടുള്ള ആദരസൂചകമായാണ് താന്‍ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നും സന്ദേശത്തില്‍ വ്യക്തമാക്കി. ലോകത്തെ അമേരിക്കയെന്നും നമ്മുടെ ശത്രുക്കളെന്നും രണ്ട് വിഭാഗങ്ങളായി വേര്‍തിരിക്കുന്നത് ഭീതി ജനിപ്പിക്കുന്ന നടപടിയാണെന്നും ഫര്‍ഹാദി കൂട്ടിച്ചേര്‍ത്തു.
വിവാദമായ യാത്രാവിലക്ക് ഉത്തരവ് കോടതി പിന്നീട് റദ്ദ് ചെയ്തെങ്കിലും ചടങ്ങില്‍ പങ്കെടുക്കേണ്ടതില്ലെന്ന മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കാന്‍ ഫര്‍ഹാദി തീരുമാനിക്കുകയായിരുന്നു. 2012ല്‍ നേടിയ ഓസ്കര്‍ പുരസ്കാരം ഫര്‍ഹാദി സമര്‍പ്പിച്ചത് ഇറാനിയന്‍ ജനതക്കായിരുന്നു.
ഫര്‍ഹാദിയുടെ സന്ദേശത്തിന്റെ പൂര്‍ണരൂപം
വിലപ്പെട്ട ഈ പുരസ്കാരം രണ്ടാം തവണയും ലഭിക്കുന്നത് വലിയൊരു ബഹുമതിയാണ്. അക്കാദമി അംഗങ്ങള്‍, ഇറാനിലുള്ള എന്‍റെ സഹപ്രവര്‍ത്തര്‍, നിര്‍മ്മാതാവ് അലക്സാന്‍ഡ്രെ മാലറ്റ് -ഗയ്, കോഹന്‍ മീഡിയ, ആമസോണ്‍, മികച്ച വിദേശ ചിത്രത്തിനായി മത്സരിച്ച മറ്റ് സിനിമകളുടെ അണിയറ പ്രവര്‍ത്തകര്‍ എന്നിവരോടുള്ള എന്‍റെ നന്ദി ഞാന്‍ അറിയിക്കുന്നു. നിങ്ങളോടൊപ്പം ഈ രാത്രി എത്തിച്ചേരാനാകാത്തതില്‍ എനിക്ക് ദുഖമുണ്ട്. അമേരിക്കയിലേക്കുള്ള കുടിയേറ്റം നിരോധിച്ച മനുഷ്യത്വരഹിതമായ ഉത്തരവിലൂടെ അപമാനിക്കപ്പെട്ട എന്‍റെ രാജ്യത്തെയും മറ്റ് ആറ് രാഷ്ട്രങ്ങളിലെയും ജനതയോടുള്ള ബഹുമാനസൂചകമായാണ് ഞാന്‍ ഈ ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. നമ്മളും നമ്മളുടെ ശത്രുക്കളുമെന്ന രണ്ട് വിഭാഗങ്ങളായി ലോകത്തെ വിഭജിക്കുന്നത് വലിയ ഭയമാണ് ഉളവാക്കുന്നത്. യുദ്ധത്തിനും പ്രകോപനമില്ലാത്ത ആക്രമണത്തിനുമുള്ള കപടമായ ഒരു ന്യായീകരണമാണത്. നീതീകരണമില്ലാത്ത ആക്രമണത്തിന് ഇരയായ രാഷ്ട്രങ്ങളിലെ ജനാധിപത്യത്തെയും മനുഷ്യാവകാശങ്ങളെയും ഹനിക്കുന്നതാണ് ഇത്തരം യുദ്ധങ്ങള്‍. പങ്കുവയ്ക്കപ്പെടുന്ന മാനുഷിക ഗുണങ്ങളിലേക്ക് കാമറ തിരിച്ചുവച്ച് ദേശീയതയെയും മതങ്ങളെയും കുറിച്ചുള്ള ഭാവനപൂര്‍ണമായ വാര്‍പ്പ് മാതൃകകളെ തച്ചുടക്കാന്‍ സിനിമകള്‍ക്കും അതിന്‍റെ അണിയറപ്രവര്‍ത്തകര്‍ക്കും കഴിയും. നമ്മള്‍ക്കും മറ്റുള്ളവര്‍ക്കുമിടയില്‍ മറ്റെന്നത്തെക്കാളും അധികം ഇന്ന് അനിവാര്യമായി തീര്‍ന്നിരിക്കുന്ന താദാത്മ്യപ്പെടല്‍ സൃഷ്ടിക്കാന്‍ അവയ്ക്ക് കഴിയും.
Adjust Story Font
16

