Quantcast

മറഡോണയും മാത്തനും തമ്മിലെന്ത്? 

ക്വട്ടേഷന്‍ സംഘങ്ങളുടെ കഥകള്‍ പല തവണ മലയാള സിനിമകള്‍ക്ക് പ്രമേയമായിട്ടുണ്ട്. പുതുമയുള്ള ശൈലിയില്‍ തിരക്കഥ സ്ക്രീനില്‍ എത്തിക്കാന്‍ സംവിധായകനായ വിഷ്ണു നാരായണന് കഴിഞ്ഞു എന്നതാണ് മറഡോണയുടെ സവിശേഷത

MediaOne Logo
മറഡോണയും മാത്തനും തമ്മിലെന്ത്? 
X

അടിയും ഇടിയും വെട്ടും കുത്തുമൊക്കെ ഏറ്റെടുക്കുന്ന ക്വട്ടേഷന്‍ സംഘങ്ങളുടെ, അത്തരം സംഘങ്ങളില്‍ പെട്ടുപോകുന്നവരുടെ കഥകള്‍ പല തവണ മലയാള സിനിമകള്‍ക്ക് പ്രമേയമായിട്ടുണ്ട്. അതുകൊണ്ടുതന്നെ ആവര്‍ത്തന വിരസതയില്ലാതെ അങ്ങനെയൊരു പ്രമേയം കൈകാര്യം ചെയ്യുക എളുപ്പമല്ല. എന്നാല്‍ വേറിട്ട, പുതുമയുള്ള ശൈലിയില്‍ കൃഷ്ണമൂര്‍ത്തിയുടെ തിരക്കഥയെ സ്ക്രീനില്‍ എത്തിക്കാന്‍ നവാഗത സംവിധായകനായ വിഷ്ണു നാരായണന് കഴിഞ്ഞു എന്നതാണ് മറഡോണയുടെ സവിശേഷത. മറഡോണയെന്ന ടൈറ്റില്‍ റോളിലെത്തിയ ടൊവിനോ തോമസും സുഹൃത്ത് സുധിയായി എത്തിയ ടിറ്റോ വിത്സണും ആശയായെത്തിയ പുതുമുഖ നായിക ശരണ്യ നായരും മുതല്‍ റാമ്പോ എന്ന പട്ടിക്കുട്ടി വരെ കഥപാത്രങ്ങളോട് നീതി പുലര്‍ത്തി. ചെമ്പൻ വിനോദും ലിയോണ ലിഷോയും ജിൻസ് ബക്കറും ബാലതാരങ്ങളും അപ്പൂപ്പന്‍ കഥാപാത്രവുമെല്ലാം അതിഭാവുകത്വമില്ലാതെ സ്വാഭാവിക അഭിനയം കാഴ്ചവെച്ചു.

ത്രില്ലര്‍ സ്വഭാവമുള്ളതാണ് ചിത്രമെന്ന് ആദ്യ സീന്‍ തന്നെ സൂചന നല്‍കുന്നു. അടിപിടിയില്‍ കാലിന് പരിക്കേറ്റ് എങ്ങനെയോ ഓടിരക്ഷപ്പെടുന്ന മറഡോണയില്‍ നിന്നാണ് ചിത്രം തുടങ്ങുന്നത്. ചിക്‍മംഗളൂരുവിലെ അകന്ന ബന്ധുവിന്‍റെ ഫ്ലാറ്റില്‍ അഭയം തേടുന്നതോടെ ചിത്രം ഇമോഷണല്‍ ഡ്രാമയായി വികസിക്കുകയാണ്. ആ ഫ്ലാറ്റില്‍ ഒരാഴ്ച പുറത്തിറങ്ങാന്‍ പോലുമാകാതെ കുടുങ്ങിപ്പോകുന്ന മറഡോണയുടെ വര്‍ത്തമാനകാല ജീവിതവും ക്രിമിനല്‍ പശ്ചാത്തലവും രസച്ചരട് പൊട്ടാതെ നോണ്‍ ലീനിയറായി അവതരിപ്പിക്കുന്നു.

ഫ്ലാറ്റില്‍ ഒറ്റപ്പെട്ടുപോയ ആദ്യ ദിവസങ്ങളിലെ കാഴ്ചകളില്‍ നിന്ന് തന്നെ അയാള്‍ ഹീറോയല്ല ആന്‍റി ഹീറോയാണെന്ന് വ്യക്തമാകും. പക്ഷേ ബാല്‍ക്കണി കാഴ്ചകളും അവിടെ വെച്ച് വിവിധ ഫ്ലാറ്റുകളില്‍ നിന്നും അയാളുമായി ആശയവിനിമയം നടത്തുന്ന അപ്പൂപ്പനും യുവാവും പിന്നെ ഹോം നഴ്സായ ആശയുമെല്ലാം അയാള്‍ പോലുമറിയാതെ അയാളെ സ്വാധീനിക്കുകയാണ്. മായാനദിയില്‍ ടൊവിനോ അവതരിപ്പിച്ച മാത്തനല്ലേയിത് എന്ന് ചിലര്‍ക്കെങ്കിലും സംശയം തോന്നാം.

എന്നാല്‍ മാത്തനല്ല, അതിലും കൂടിയ ഇനമാണ് മറഡോണ. മാത്തന്‍ ജീവിക്കാനായി തട്ടിപ്പുകള്‍ നടത്തുന്ന, കരുതിക്കൂട്ടിയല്ലാതെ നടത്തിയ കൊലപാതകത്തിന്‍റെ പേരില്‍ ഉറങ്ങാന്‍ പറ്റാത്ത, തുടക്കം മുതല്‍ ഒടുക്കം വരെ പ്രണയത്തിലൂടെ സ്വന്തം ജീവിതത്തിലെ ദുരിതങ്ങള്‍ അതിജീവിക്കാന്‍ ശ്രമിക്കുന്ന നിഷ്കളങ്കനാണ്. എന്നാല്‍ മറഡോണ അസ്സല്‍ ക്രിമിനലാണ്. സുധിയെന്ന കൂട്ടുകാരനൊപ്പം തല്ലും വെട്ടും ബ്ലാക് മെയിലിങും വണ്ടിക്കച്ചവടത്തില്‍ തട്ടിപ്പുമൊക്കെ നടത്തി തരിമ്പും കുറ്റബോധമില്ലാതെ ജീവിക്കുന്നവന്‍. ചെറിയ കുട്ടികളോടും പട്ടിയോടും പ്രാവിനോടുമെല്ലാം ക്രൂരത കാട്ടുന്നവന്‍.

മറഡോണയുടെ ആദ്യ ഘട്ടത്തിലെ ആന്‍റി ഹീറോ സ്വഭാവത്തിന് മാറ്റം വരുന്നത് ബാല്‍ക്കണിയിലെ ആശയവിനിമയങ്ങളിലൂടെയാണ്. മറഡോണയും ആശയും തമ്മില്‍ പരിചയപ്പെടുന്നതും അവര്‍ തമ്മിലുള്ള സംഭാഷണങ്ങളുമെല്ലാം കൃത്രിമത്വമില്ലാതെ വളരെ സ്വാഭാവികമായി അനുഭവപ്പെടുന്നു. ആവര്‍ത്തിച്ച് വരുമ്പോള്‍ വിരസമായി പോകുമായിരുന്ന ബാല്‍കണി കാഴ്ചകള്‍ മനോഹരമായി ഒപ്പിയെടുത്തതില്‍ ദീപക് ഡി സോമന്റെ ഛായാഗ്രഹണത്തിന് പ്രത്യേക പങ്കുണ്ട്. സുഷിൻ ശ്യാമിന്റെ സംഗീതവും ചിത്രത്തിന് ഇണങ്ങുന്നതായിരുന്നു.

ആദ്യ പകുതിയിലെ പുതുമ നിറഞ്ഞ കഥ പറച്ചില്‍ രണ്ടാം പകുതിയില്‍ മറഡോണയ്ക്ക് മാനസാന്തരം വരുന്ന ഘട്ടത്തിലെത്തിയപ്പോള്‍ ചിലപ്പോഴൊക്കെ കൈമോശം വരുന്നുണ്ട്. ബാല്‍ക്കണിയില്‍ നിന്നുള്ള മറഡോണയുടെയും അയല്‍വാസികളുടെയും ആശയവിനിമയത്തിന്‍റെ സ്വാഭാവികതയും തീവ്രതയും ഒരാഴ്ച കഴിഞ്ഞ് മറഡോണ ഫ്ലാറ്റില്‍ നിന്ന് പുറത്തിറങ്ങിയ ശേഷമുള്ള കൂടിക്കാഴ്ചകളില്‍ ഉണ്ടാകുന്നില്ല. ഈ ഘട്ടത്തില്‍ സിനിമ ക്ലീഷെ ഡയോഗുകളിലൂടെയും രംഗങ്ങളിലൂടെയും കടന്നുപോകുന്നു. കഥാഗതിയില്‍ അതുവരെയുണ്ടായിരുന്ന ചടുലത നഷ്ടമായി ഇഴച്ചില്‍ അനുഭവപ്പെടുന്നു.

പതിവ് ക്വട്ടേഷന്‍ സിനിമകളിലെന്ന പോലെ ഒന്നുകില്‍ നായകന്‍ എതിരാളികളെ ഇടിച്ചുനിരപ്പാക്കുന്നു, അല്ലെങ്കില്‍ നായകന്‍ പൊരുതി മരിക്കുന്നു എന്ന അവസ്ഥയിലേക്ക് പോകുമെന്ന് തോന്നിയ സ്ഥലത്ത് വീണ്ടും തിരക്കഥാകൃത്തിന്‍റെയും സംവിധായകന്‍റെയും പ്രതിഭ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നു. മരണമുഖത്ത് മറഡോണയും സുഹൃത്തും തമ്മിലെ സംഭാഷണങ്ങളില്‍ അവരുടെ തിരിച്ചറിവുകളുടെ തീവ്രത പ്രേക്ഷകര്‍ക്ക് അനുഭവപ്പെടും. ക്ലൈമാക്സ് കുറേ സംശയങ്ങള്‍ പ്രേക്ഷകരില്‍ ബാക്കിയാക്കുമെങ്കിലും പതിവ് ക്വട്ടേഷന്‍ സിനിമകളുടെ ശൈലിയില്‍ നിന്നും വ്യത്യസ്തമായി മറഡോണയുടെ ക്ലൈമാക്സ് ഒരുക്കാന്‍ തിരക്കഥാകൃത്തും സംവിധായകനും ശ്രമിച്ചിട്ടുണ്ട്.

TAGS :

Next Story