ഹോളിവുഡ് താരം ബര്‍ട്ട് റെയ്നോള്‍ഡ്സ് അന്തരിച്ചു
ഹൃദയാഘാതത്തെ തുടര്‍ന്ന് ഫ്ലോറിഡയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

പ്രമുഖ ഹോളിവുഡ് താരം ബര്‍ട്ട് റെയ്നോള്‍ഡ്സ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഫ്ലോറിഡയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വ്യത്യസ്തമായ അഭിനയ ശൈലി കൊണ്ട് 1970 മുതല്‍ ആരാധക ഹൃദയം കീഴടക്കിയ മികച്ച നടനെയാണ് റെയ്നോള്‍ഡ്സിന്റെ വിയോഗത്തോടെ ഹോളിവുഡിന് നഷ്ടമാകുന്നത്.
നടന്‍, സംവിധായകന്‍ ,നിര്‍മാതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു ബര്‍ട്ട് റെയ്നോള്‍ഡ് സ്. 1962ല്‍ ആരംഭിച്ച ടെലിവിഷന്‍ പരമ്പരയായ ഗണ്‍സ്മോക്കിലൂടെയാണ് റെയ്നോള്‍ഡ്സിന്റെ അരങ്ങേറ്റം. ഡാന്‍ ആഗസ്ത് എന്ന പരമ്പരയും പ്രേക്ഷക ശ്രദ്ധ നേടി . എന്നാല്‍ 1972ല്‍ റീലീസ് ചെയ്ത ഡെലിവറന്‍സിലെ വേഷമാണ് റെയ്നോള്‍ഡ്സിന്റെ അഭിനയജീവിതത്തിലെ വഴിത്തിരിവ്.

ബോക്സ് ഓഫീസില്‍ വമ്പന്‍ ഹിറ്റുകളായ ദി ലോങസ്റ്റ് യാര്‍ഡ് , സ്മോകി ആന്റ് ദ ബണ്ഡിറ്റ്, സെമി ടഫ് , ഹൂപ്പര്‍ , ദി കാനന്‍ ബോള്‍ റണ്‍ , ദി ബെസ്റ്റ് ലിറ്റില്‍ വോര്‍ ഹൌസ് ഇന്‍ ടെക്സാസ് എന്നീ ചിത്രങ്ങളിലും നായക വേഷത്തിലെത്തിയത് റെയ്നോള്‍ഡ് ആയിരുന്നു. 1980 മുതല്‍ റെയ്നോള്‍ഡ്സിന്റെ നിരവധി ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ പരാജയപ്പെട്ടു.
1997ല്‍ പോള്‍ തോമസ് ആന്‍ഡേഴ്സണ്‍ സംവിധാനം ചെയ്ത ബൂഗി നൈറ്റ്സിലൂടെ റെയ്നോള്‍ഡ്സ് വീണ്ടും മുന്‍നിര നായകനിരയിലേക്കെത്തി . ബൂഗി നൈറ്റ്സിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഓസ്കര്‍ അവാര്‍ഡിന് റെയ്നോള്‍ഡ് നാമനിര്‍ദേശം ചെയ്യപ്പെട്ടു .100 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. ബ്രിട്ടീഷ് നടി ജൂഡി കാര്‍ണെയെ 1963 ല്‍ വിവാഹം ചെയ്തെങ്കിലും രണ്ട് വര്‍ഷത്തിന് ശേഷം വിവാഹ മോചിതരായി.
അമേരിക്കന്‍ നടി ലോണി ആന്‍ഡേഴ്സണുമായുള്ള വിവാഹ ബന്ധവും അധികനാള്‍ നീണ്ടുനിന്നില്ല . ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുറച്ച് നാള്‍ അഭിനയത്തില്‍ നിന്ന് വിട്ടു നിന്നു .2017ല്‍ റിലീസ് ചെയ്ത ദി ലാസ്റ്റ് മൂവി സ്റ്റാറിലെ അഭിനയം നിരൂപക പ്രശംസ നേടി. 2018ല്‍ പുറത്തിറങ്ങിയ ഷാഡോ ഫൈറ്റര്‍ ആണ് അവസാനത്തെ ചിത്രം .എഴുത്തുകാരന്‍, ഗായകന്‍ എന്നീ നിലകളിലും റെയ്നോള്‍ഡ് ശ്രദ്ധ നേടി. മൈ ലൈഫ്, ബട്ട് ഇനഫ് എബൌട്ട് മീ എന്നിവ ആത്മകഥാ രചനകളാണ് . 40 വര്‍ഷത്തിലധികം ഹോളിവുഡില്‍ സജീവമായിരുന്ന മികച്ച നടനെയാണ് റെയ്നോള്‍ഡ്സിന്റെ വിയോഗത്തോടെ നഷ്ടമാകുന്നത്.
Adjust Story Font
16

