Quantcast

വട ചെന്നൈക്കെതിരെ മല്‍സ്യ തൊഴിലാളികള്‍; ചിത്രത്തിലെ രംഗങ്ങള്‍ നീക്കം ചെയ്യും  

MediaOne Logo

Web Desk

  • Published:

    23 Oct 2018 4:16 PM GMT

വട ചെന്നൈക്കെതിരെ മല്‍സ്യ തൊഴിലാളികള്‍; ചിത്രത്തിലെ രംഗങ്ങള്‍ നീക്കം ചെയ്യും   
X

വെട്രിമാരനും ധനുഷും ഒന്നിച്ച ‘വട ചെന്നൈ’യിലെ ചില രംഗങ്ങള്‍ക്കെതിരെ മല്‍സ്യ ത്തൊഴിലാളികള്‍. ഈ രംഗങ്ങള്‍ തങ്ങളെ അപമാനിക്കുന്നതാണെന്ന് മല്‍സ്യ തൊഴിലാളികള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ചിത്രത്തിലെ രംഗങ്ങള്‍ നീക്കം ചെയ്യുമെന്ന് സംവിധാകന്‍ വെട്രിമാരന്‍ അറിയിച്ചു.

ചെന്നൈ നഗരത്തിലെ ഏറ്റവും കൂടുതല്‍ മല്‍സ്യത്തൊഴിലാളികള്‍ താമസിക്കുന്ന വടക്കന്‍ ചെന്നൈയാണ് ചിത്രത്തില്‍ കാണിക്കുന്നത്. അവിടുത്തെ ആളുകളുടെ 35 വര്‍ഷത്തെ ജീവിതം പറയുന്ന സിനിമയില്‍ ദേശീയ ക്യാരംസ് കളിക്കാരനായ അന്‍പ് എന്ന കഥാപാത്രത്തെയാണ് ധനുഷ് അവതരിപ്പിക്കുന്നത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു ജനവിഭാഗത്തെ ഇഷ്ടത്തിനനുസരിച്ച് ചിത്രീകരിക്കാനോ അവര്‍ക്കെതിരെ സംസാരിക്കുന്ന ഒരു സിനിമ ഉണ്ടാക്കാനോ തങ്ങള്‍ ഉദ്ദേശിച്ചിട്ടില്ലന്നും സിനിമയിലെ രംഗങ്ങളോ കഥാപാത്രങ്ങളോ ആരെയെങ്കിലും വേദനിപ്പിക്കാന്‍ ഇടയായിട്ടുണ്ടെങ്കില്‍ അതിന് മാപ്പു ചോദിക്കുന്നു എന്നും സംവിധായകന്‍ വെട്രിമാരന്‍ പറഞ്ഞു.

‘അവരോട് സംസാരിച്ചപ്പോള്‍ ചില രംഗങ്ങള്‍ അവരെ അപമാനിക്കുന്ന തരത്തിലാണെന്ന് അവര്‍ പറഞ്ഞു. പ്രത്യേകിച്ചും ബോട്ടില്‍ വെച്ചു ചിത്രീകരിച്ചിട്ടുള്ള വിവാഹരാത്രിയുടെ രംഗം. ആ സീന്‍ സിനിമയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അതിനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങി. പത്തു ദിവസത്തിനുള്ളില്‍ അത് നീക്കം ചെയ്യും’; വെട്രിമാരന്‍ പറഞ്ഞു.

നേരത്തെ എ സര്‍ട്ടിഫിക്കറ്റോടെയാണ് ചിത്രം പുറത്തിങ്ങിയിരുന്നത്. ചിത്രത്തില്‍ നിന്ന് ജയലളിത, ഡിഎംകെ തുടങ്ങിയ വാക്കുകള്‍ നീക്കാന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത് നേരത്തെ വിവാദമായിരുന്നു.

ലൈക്ക പ്രൊഡക്ഷന്‍സും വെട്രിമാരന്റെ തന്നെ നിര്‍മ്മാണ കമ്പനിയായ ഗ്രാസ്റൂട്ട് ഫിലിം കമ്പനിയും ചേര്‍ന്നാണ് ‘വട ചെന്നൈ’ നിര്‍മ്മിച്ചിരിക്കുന്നത്. ധനുഷിനെ കൂടാതെ സമുദ്രക്കനി, ഐശ്വര്യ രാജേഷ്, ആന്‍ഡ്രിയ ജെര്‍മിയ, അമീര്‍, എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നവര്‍.സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചത്. 'വട ചെന്നെെ' പിന്‍ജിയോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും മികച്ച പ്രതികരണം നേടിയിരുന്നു. തമിഴ് നാട്ടില്‍ നിന്നുള്ള ഒരു മികച്ച 'വേള്‍ഡ് പ്രീമിയര്‍' ചിത്രമാണ് 'വട ചെന്നൈ' എന്നാണ് പിന്‍ജിയോ ചലച്ചിത്രമേളയില്‍ 'വട ചെന്നൈ'ക്ക് കിട്ടിയ പ്രതികരണം.

TAGS :

Next Story