പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ ഓഫിസിന് മുന്നില്‍ സംഘര്‍ഷം; നടന്‍ വിശാല്‍ അറസ്റ്റില്‍
വിശാല്‍ ഒരുപാട് കുറ്റകൃത്യങ്ങളില്‍ പങ്കാളിയാണെന്നും കൗണ്‍സിലിന്റെ ചുമതല കൈമാറി രാജിവച്ച് പുറത്ത് പോകണമെന്നും നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു

തമിഴനാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ (ടി.എൻ.പി.സി) ഓഫിസിന് മുന്നിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് നടന്‍ വിശാലിനെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. സംഘടനയുടെ അദ്ധ്യക്ഷ സ്ഥാനം വിശാല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കൗണ്‍സിലെ ഒരു വിഭാഗം ആളുകള്‍ ഓഫിസ് പൂട്ടിയിട്ട് പ്രതിഷേധിക്കുന്നതിനിടെ, സ്ഥലത്തെത്തിയ വിശാല്‍ പ്രതിഷേധക്കാരെ മറികടന്ന് ഓഫീസ് തുറന്ന് അകത്ത് കടക്കാന്‍ ശ്രമിച്ചതോടെ സ്ഥിതി വഷളാവുകയായിരുന്നു.
ടി നഗറില്‍ സ്ഥിതി ചെയ്യുന്ന തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ ഓഫീസിന് മുന്‍പിലാണ് മുന്നൂറോളം നിര്‍മ്മാതാക്കള്‍ അടങ്ങുന്ന സംഘം പ്രതിഷേധം സംഘടിപ്പിച്ചത്. വിശാല്‍ ഒരുപാട് കുറ്റകൃത്യങ്ങളില്‍ പങ്കാളിയാണെന്നും കൗണ്‍സിലിന്റെ ചുമതല കൈമാറി രാജിവച്ച് പുറത്ത് പോകണമെന്നും നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. നിയമാവലിക്ക് വിരുദ്ധമായാണ് വിശാല്‍ പ്രവര്‍ത്തിക്കുന്നതെന്നും പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പരിസരത്ത് പൊലീസ് നിലയുറപ്പിച്ചിരുന്നു. പൊലീസ് നിര്‍ദേശം മാനിക്കാതെ ഓഫീസ് പരിസരത്ത് നിന്നും മാറാന്‍ കൂട്ടാക്കാതിരുന്ന വിശാലിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
Adjust Story Font
16

