മഹേഷ്ഭട്ടുമായുള്ള പ്രണയത്തിനിടെയായിരുന്നു പർവീണ്‍ ബാബിയുടെ ജീവിതത്തിലെ അവസാനത്തെ തകർച്ച; പഴയകാല നടി പർവീണെ കുറിച്ച് വെളിപ്പെടുത്തലുകളുമായി ജിതേഷ് പിള്ള
പർവീണ്‍ ബാബിയുടെ ചരമദിനമായ ഇന്നലെയാണ് താരത്തെ കുറിച്ചള്ള കുറിപ്പ് ജിതേഷ് തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

70,80 കാലഘട്ടത്തില്‍ ഗ്ലാമർ വേഷങ്ങളിലൂടെ ബോളിവുഡില്‍ തിളങ്ങിയ പർവീണ്‍ ബാബിയെ കുറിച്ച് വെളിപ്പെടുത്തലുകളുമായി ഫിലിംഫയർ എഡിറ്റർ ജിതേഷ് പിള്ള. പർവീൻ ബാബിയുടെ ചരമദിനമായ ഇന്നലെയാണ് താരത്തെ കുറിച്ചള്ള കുറിപ്പ് ജിതേഷ് തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

മനഃശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമുണ്ടായിരുന്ന പർവീണ്‍ എങ്ങനെയാണ് മാനസികമായി തകർന്നടിഞ്ഞതെന്ന് ജിതേഷ് ചോദിക്കുന്നു. ഒന്നിന് പിറകെ ഒന്നായി തകർന്ന ബന്ധങ്ങൾ കാരണമാകാം ഇതെന്ന് ജിതേഷ് പോസ്റ്റിൽ പറയുന്നു. എന്തുതന്നെയായിരുന്നാലും സിനിമാ ലോകം അടക്കി വാണിരുന്ന താരറാണിയായിരുന്നു ഒരു കാലത്ത് പർവീൻ ബാബി.

വെള്ളിത്തിരയ്ക്ക് അകത്തും പുറത്തും അടങ്ങിയും ഒതുങ്ങിയും ജീവിച്ചിരുന്ന മറ്റ് നടിമാരിൽ നിന്ന് തികച്ചും വ്യത്യസ്തയായിരുന്നു പർവീണ്‍ ബാബി. ഡാനി ഗെങ്‌സോംഗ്പാ, കബീർ ബേദി, എന്നിവരുമായി ബന്ധമുണ്ടായിരുന്നപ്പോൾ തന്നെ പർവീണ്‍ വളരെയധികം അസ്വസ്ഥയായിരുന്നു. ഒടുവിൽ മഹേഷ് ഭട്ടുമായി പ്രണയത്തിലായിരുന്നപ്പോഴാണ് പർവീണ്‍ അവസാനമായി തകർച്ച നേരിടുന്നത്. പർവീണുമായുള്ള പ്രണയത്തിന്റെ അംശങ്ങൾ അർഥ്, ഫിർ തേരി കഹാനി യാദ് ആയി, വോ ലംഹേ എന്നീ ചിത്രങ്ങളിലൂടെ മഹേഷ് ഭട്ട് കാണിച്ചുതരുന്നുണ്ട്. കഥകൾക്കും നുണപ്രചരണങ്ങൾക്കുമിടയിലാണ് പലപ്പോഴും സത്യം ഒളിഞ്ഞ് കിടക്കുന്നതെന്നും താരപരിവേഷത്തിനിടയിൽ സ്വയം നഷ്ടപ്പെട്ടുപോയ ഒരു ജ്വലിക്കുന്ന നക്ഷത്രമായി പർവീണ്‍ തന്റെ മനസ്സിൽ എന്നും തുടരുമെന്നും ജിതേഷ് പറയുന്നു.
ഗുജറാത്ത് സ്വദേശിയായ പര്‍വീണ്‍ ഗ്ലാമര്‍ റോളുകളിലൂടെയാണ് ബി ടൌണിനെ കീഴടക്കിയത്. ദീവാർ, നമക് ഹലാൽ, അമർ അക്ബർ ആന്റണി, ശാൻ എന്നിവയാണ് പര്‍വീണിന്റെ പ്രധാന ചിത്രങ്ങള്‍. അന്‍പതോളം ചിത്രങ്ങളില്‍ പര്‍വീണ്‍ അഭിനയിച്ചിട്ടുണ്ട്.2005 ജനുവരി 20നാണ് താരം അന്തരിച്ചത്.

Adjust Story Font
16

