ഓസ്കര്‍ വാരിക്കൂട്ടിയ ബൊഹീമിയന്‍ റാപ്സഡി; അനശ്വര നായകനായി ഫ്രെഡി മെര്‍ക്കുറി
റാമി മാലെക്കിലൂടെ മികച്ച നടനുള്ള പുരസ്ക്കാരം നേടിയ ചിത്രം, ശബ്ദമിശ്രണം, ശബ്ദ ലേഖനം, എഡിറ്റിംഗ് എന്നിവയിലും ഓസ്കർ കരസ്ഥമാക്കി

റിലീസ് ചെയ്തത് മുതൽ ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമാണ് ബ്രയാന്‍ സിംഗര്‍ സംവിധാനം ചെയ്ത ‘ബൊഹീമിയന്‍ റാപ്‌സഡി’. ജനപ്രിയ ബ്രിട്ടീഷ്
ഗായകൻ ഫ്രെഡി മെർക്കുറിയുടെയും, അദ്ദേഹത്തിന്റെ ക്വീൻ ബാൻഡിന്റെയും കഥ പറഞ്ഞ റാപ്സഡി ആകെ നാല് ഓസ്കറുകളാണ് ഇത്തവണ വാരിക്കൂട്ടിയത്. ചിത്രത്തിൽ ഫ്രെഡി മെർക്കുറിയായി വേഷമിട്ട റാമി മാലെക്കിനാണ് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്.

ആന്റണി മക് കാര്‍ട്ടന്റെ തിരക്കഥയില്‍ ഒരുങ്ങിയ ബ്രയാൻ സിംഗർ ചിത്രത്തിൽ റാമി മാലെക്, ലൂക്കി ബോയ്ന്റണ്‍, ഗ്വലിയം ലീ, ബെന്‍ ഹാര്‍ഡി തുടങ്ങിയവരായിരുന്നു മുഖ്യ വേഷങ്ങളിലെത്തിയത്. മികച്ച നടന് പുറമെ ശബ്ദമിശ്രണം, ശബ്ദ ലേഖനം, എഡിറ്റിംഗ് എന്നിവയിലും റാപ്സഡി ഓസ്കർ കരസ്ഥമാക്കി.
മികച്ച എഡിറ്റിംഗിനുള്ള ഓസ്കർ ജോൺ ഓട്മാൻ സ്വന്തമാക്കിയപ്പോൾ, ജോണ്‍ വാര്‍ഹെസ്റ്റിന് സൗണ്ട് എഡിറ്റിങ്ങിനും പോള്‍ മാസൈ, ടിം കാവഗിന്‍, ജോണ്‍ കേസലി എന്നിവർക്ക് ശബ്ദമിശ്രണത്തിനും പുരസ്കാരം ലഭിച്ചു. ക്വീൻ ബാൻഡിൽ നിന്നും 1975ല്‍ പുറത്തിറങ്ങിയ ബൊഹീമിയൻ റാപ്സഡി, സംഗീത ലോകത്തെ തന്നെ മികച്ച ക്ലാസിക്കുകളിൽ ഒന്നായാണ് കണക്കാക്കുന്നത്. അതു വരെ ആഘോഷിക്കപ്പെട്ട സംഗീതത്തിനും സങ്കല്‍പ്പങ്ങള്‍ക്കും തിരുത്തുമായായിരുന്നു ഫ്രെഡിയും സംഘവും വേദികള്‍ കീഴടക്കിയത്.

പതിറ്റാണ്ടുകള്‍ക്ക് ശേഷം, അതേ പേരിൽ തന്നെ പുറത്തിറങ്ങിയ ഫ്രെഡി മെർക്കുറിയുടെയും സംഘത്തിന്റെയും കഥ പറഞ്ഞ ചിത്രം കഴിഞ്ഞ വർഷം തീയറ്ററുകളിലെത്തിയപ്പോള്‍, തങ്ങളുടെ പ്രിയ കലാകാരന്റെ ജീവിതം ഇരു കയ്യും നീട്ടി സ്വീകരിക്കാതിരിക്കാൻ പ്രേക്ഷകർക്കാകുമായിരുന്നില്ല.
Adjust Story Font
16

