Quantcast

നമുക്ക് പൌഡറിട്ട് ഒരുങ്ങാന്‍, കുരുതി കൊടുക്കപ്പെടുന്നത് മാസം 20ലധികം കുഞ്ഞുങ്ങള്‍

അജ്‌യാല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുപ്പെട്ട ആദ്യ മലയാളചിത്രം ശ്യംഗാറിന്‍റെ സംവിധായകന്‍ മുഹമ്മദ് നൌഫല്‍ സംസാരിക്കുന്നു

MediaOne Logo

  • Published:

    9 Nov 2020 7:54 AM GMT

നമുക്ക് പൌഡറിട്ട് ഒരുങ്ങാന്‍, കുരുതി കൊടുക്കപ്പെടുന്നത് മാസം 20ലധികം കുഞ്ഞുങ്ങള്‍
X

ഒന്ന് പൌഡറിട്ട് ഒരുങ്ങിയിറങ്ങുമ്പോള്‍, ആത്മവിശ്വാസം കൂട്ടാന്‍ ഒരിത്തിരി മേക്കപ്പ് ഇട്ട് അണിഞ്ഞൊരുങ്ങുമ്പോള്‍ അതിനായി ജീവന്‍ ബലികഴിപ്പിക്കേണ്ടി വന്ന അനവധി കുരുന്നുകളുണ്ടെന്ന് നമ്മള്‍ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ.. അത്തരമൊരു നടുക്കുന്ന യാഥാര്‍ത്ഥ്യം പങ്കുവെക്കുകയാണ് ശൃംഗാര്‍ എന്ന കൊച്ചു ചിത്രം.

മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് നൌഫല്‍ ആണ് ചിത്രത്തിന്‍റെ സംവിധായകന്‍‍. അജ്‌യാല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുപ്പെട്ട ആദ്യ മലയാളചിത്രമായിരിക്കുകയാണ് നൌഫലിന്‍റെ ശൃംഗാര്‍. ഖത്തര്‍ പ്ലാസ്റ്റിക് പ്രൊഡക്ഷന്‍ കമ്പനിയില്‍ ഫിനാന്‍സ് അസിസ്റ്റന്‍റ് ആണ് നൌഫല്‍. ബോര്‍ഡര്‍, റോഡ്സൈഡ്, ലൌഡര്‍ വോയ്സ് എന്നീ ചിത്രങ്ങളിലൂടെ നേരത്തെയും നൌഫലിനെ തേടി പുരസ്കാരങ്ങള്‍ എത്തിയിട്ടുണ്ട്. ദി അണ്‍ജസ്റ്റ് എന്ന ചിത്രം നേരത്തെ ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഒരു മിനിറ്റ് ചലച്ചിത്രവിഭാഗത്തില്‍ അംഗീകാരം നേടിയിരുന്നു.

മുഹമ്മദ് നൌഫല്‍

അജ്‍യാല്‍ ഫിലിം ഫെസ്റ്റിവലിന്‍റെ ഭാഗമായതിനെ കുറിച്ചും ശൃംഗാര്‍ മുന്നോട്ടു വെക്കുന്ന നടുക്കുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളെ കുറിച്ചും മുഹമ്മദ് നൌഫല്‍ സംസാരിക്കുന്നു....

ആദ്യമായി ഒരു മലയാള സിനിമയ്ക്ക് അജ്‍യാല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് പ്രവേശനം ലഭിച്ചിരിക്കുകയാണ്. അഭിമാനം എത്രമാത്രമുണ്ട്?

2013 തൊട്ട് ഖത്തറില്‍ നടന്നുവരുന്ന ഒരു ഇന്‍ര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലാണ് അജ്‍യാല്‍ ഫിലിം ഫെസ്റ്റിവല്‍. ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് എല്ലാ വര്‍ഷവും നടത്തിവരുന്ന ദേശീയ ചലച്ചിത്രമേളയാണിത്. നവംബര്‍ 18 മുതല്‍ 23 വരെയാണ് ഈ വര്‍ഷം മേള നടക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമകള്‍ എല്ലാ വര്‍ഷവും അജ്‍യാല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശനത്തിനെത്താറുണ്ട്. അതില്‍ രണ്ട് കാറ്റഗറിയാണ് ഉള്ളത്. ഒന്ന് ഫീച്ചര്‍ ഫിലിം എന്ന കാറ്റഗറിയും രണ്ട് മെയ്ഡ് ഇന്‍ ഖത്തര്‍ എന്ന കാറ്റഗറിയും. ഖത്തറില്‍ നിര്‍മ്മിക്കപ്പെടുന്ന, ഖത്തറുമായി ബന്ധപ്പെടുന്ന വിഷയങ്ങള്‍ പറയുന്ന, ഖത്തറില്‍ നിന്നുള്ള ആള്‍ പ്രൊഡ്യൂസറോ ഡയറക്ടറോ ആയിട്ടുള്ള സിനിമകളെയാണ് മെയ്ഡ് ഇന്‍ ഖത്തര്‍ എന്ന കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുന്നത്. ഷോര്‍ട്ട്ഫിലിം, ഷോര്‍ട്ട് ഡോക്യുമെന്‍ററി, ആനിമേഷന്‍ ഫിലിം അടക്കം 16 സിനിമകളാണ് മെയ്ഡ് ഇന്‍ ഖത്തര്‍ കാറ്റഗറിയിലായി അജ്‍യാല്‍ ഫെസ്റ്റിവലില്‍ ഇത്തവണ മത്സരത്തിനുള്ളത്. അതിലൊന്നാണ് ശൃംഗാറെന്നത് വളരെ സന്തോഷമുള്ള കാര്യം തന്നെയാണ്.

2012 ലാണ് ഞാന്‍ ഖത്തറിലെത്തുന്നത്. പ്രവാസിയായിട്ട് ഇപ്പോള്‍ എട്ടുവര്‍ഷമാകുന്നു. 2014 ലാണ് ബോര്‍ഡര്‍ എന്ന പേരില്‍ ആദ്യത്തെ ഒരു ഷോര്‍ട്ട് ഫിലിം ചെയ്യുന്നത്. കൈരളി നടത്തിയ ഖത്തര്‍ കനവുകള്‍ ഷോര്‍ട്ട്ഫിലിം ഫെസ്റ്റിന് വേണ്ടി ഒരുക്കിയതായിരുന്നു ആ ഷോര്‍ട്ട് ഫിലിം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഒരു മലയാള സിനിമയുടെ അജ്‍യാല്‍ ഫിലിം ഫെസ്റ്റിവലിലേക്കുള്ള പ്രവേശനം ഒരു സ്വപ്നമായിരുന്നു. ഈ വര്‍ഷം ശൃംഗാറിന് ലഭിച്ച പ്രവേശനം മലയാളികള്‍ക്ക് മാത്രമല്ല, ഇന്ത്യക്കാര്‍ക്കാകെ അഭിമാന മുഹൂര്‍ത്തമാണെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്.

ശ്യംഗാര്‍ ഒരു ഹിന്ദി വാക്കല്ലേ.. ഇത് ഒരു മലയാള ചിത്രമല്ലേ..?

മലയാളം ഷോര്‍ട്ട് ഫിലിം തന്നെയാണ് ശ്യംഗാര്‍. നൂറുശതമാനവും, ക്രൂ ആയിട്ടും കാസ്റ്റ് ആയിട്ടും അതിന് പിന്നിലുള്ളത് മലയാളികള്‍ മാത്രമാണ്. വെറും 11 മിനിറ്റ് മാത്രമാണ് ശൃംഗാറിന്‍റെ ദൈര്‍ഘ്യം. ശൃംഗാര്‍ എന്നത് ഒരു ഹിന്ദി വാക്കാണ്. മേക്കപ്പ് എന്നാണ് അതിനര്‍ത്ഥം.

ഷീറ്റ് മൈക്ക ലോകത്ത് ഉത്പാദിപ്പിക്കുന്നതിന്‍റെ 60 ശതമാനവും ഇന്ത്യയില്‍ നിന്നാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പെയിന്‍റ് പോലുള്ള സാധനങ്ങള്‍ നിര്‍മ്മിക്കാനുള്ള അസംസ്കൃത വസ്തുവായിട്ടാണ് പ്രധാനമായും ഈ ഷീറ്റ്മൈക്ക ഉപയോഗിക്കുന്നത്. അതുപോലെ മേക്കപ്പിനുപയോഗിക്കുന്ന എല്ലാതരം ഉത്പന്നങ്ങളുടെയും പ്രധാന ചേരുവ ഈ ഷീറ്റ് മൈക്കയാണ്. ചിത്രത്തിന്‍റെ പ്രമേയം അതായതുകൊണ്ടാണ് അങ്ങനെയൊരു പേര് തെരഞ്ഞെടുത്തത്.

എന്തുകൊണ്ടാണ് ഇത്തരമൊരു പ്രമേയം ഒരു ടെലിഫിലിമിന് തെരഞ്ഞെടുത്തത്?

ലോകത്തിലെ പല പ്രധാനപ്പെട്ട കോസ്‍മെറ്റിക്സ് കമ്പനികളും ഷീറ്റ് മൈക്ക വാങ്ങിക്കുന്നത് ഇന്ത്യയില്‍ നിന്നാണ്. ഇന്ത്യയില്‍ പ്രധാനമായും ജാര്‍ഖണ്ഡിലാണ് മൈക്ക മൈനിംഗ് കുടുതലായി നടക്കുന്നത്. ജാര്‍ഖണ്ഢില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന നിരവധി മൈക്ക മൈനിംഗ് ഖനികളുണ്ട്. അത്തരം ഖനികളില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്ന നിരവധി കുഞ്ഞുങ്ങളുണ്ട്. ബാലവേലയുടെ അങ്ങേയറ്റത്തെ ചൂഷണമാണ് അവിടെ നടക്കുന്നത്. ഗ്രാമപ്രദേശങ്ങളിലെ, വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട, അടിസ്ഥാന ആവശ്യങ്ങള്‍ നിഷേധിക്കപ്പെട്ട കുഞ്ഞുങ്ങളാണ് അവിടെ ജോലിക്കെത്തുന്നത്. പട്ടിണി മാറ്റാന്‍ അവര്‍ക്കു മുന്നില്‍ മറ്റ് വഴികളൊന്നുമില്ല. മൈക്ക മൈനിംഗ് ഖനികളാണ് ചുറ്റും എന്നതിനാല്‍ തന്നെ കൃഷിക്ക് അനുയോജ്യമായ മണ്ണല്ല ആ പ്രദേശങ്ങളിലേത്. അതുകൊണ്ട് ആ പ്രദേശങ്ങളിലെ പ്രധാന വരുമാന മാര്‍ഗം മൈക്ക ശേഖരിക്കുക എന്നതുമാത്രമായി തീരുന്നു. മൈക്ക ശേഖരിക്കാന്‍ കുട്ടികളെ ഉപയോഗിക്കുന്നതിനെ കുറിച്ചാണ് ശൃംഗാര്‍ പറയുന്നത്. അതിനിടെ ഭീമാകാരമായ കുഴികളില്‍ വീണ് കൊല്ലപ്പെടുന്ന കുരുന്നുകളെ കുറിച്ചാണ് ചിത്രം ഓര്‍മപ്പെടുത്തുന്നത്.

ഈ ജോലി ചെയ്യാന്‍ പ്രദേശങ്ങളിലെ കുഞ്ഞുങ്ങള്‍ നിര്‍ബന്ധിതരാകുകയാണ്. കുടുംബത്തിന്‍റെ വരുമാനത്തിന് തങ്ങളുടേതായി ഒരു സഹായം എന്ന് കരുതി ജോലി ചെയ്യാന്‍ തയ്യാറാവുന്ന കുട്ടികള്‍ മാത്രമല്ല, ഈ ഖനികളുടെ ഇടനിലക്കാര്‍ ഭീഷണിപ്പെടുത്തി തൊഴിലിനെത്തിക്കുന്ന കുട്ടികള്‍ വരെ ഈ കൂട്ടത്തിലുണ്ട്.

കൊല്ലപ്പെടുന്ന കുരുന്നുകളോ, ഒന്ന് വ്യക്തമാക്കാമോ?

അതെ, അതാണ് ഇതിന്റെ ഏറ്റവും വലിയ സാമൂഹിക പ്രശ്നം. വലിയ വലിയ ടണലുകള്‍ പോലുള്ള കുഴികള്‍ കുഴിച്ചിട്ട് അതിന് അടിയില്‍ പോയി ഈ മൈക്ക ശേഖരിക്കുന്നത് എട്ടുവയസ്സുമുതല്‍ 12 വയസ്സുവരെയുള്ള കുഞ്ഞുങ്ങളാണ്. ഈ കുഞ്ഞുങ്ങളില്‍ പലരും ഓരോ മാസവും മണ്ണ് ഇടിഞ്ഞിട്ടോ പാറ ഇടിഞ്ഞിട്ടോ ശ്വാസംമുട്ടി കൊല്ലപ്പെടുന്നു. അല്ലെങ്കില്‍ അംഗവൈകല്യം സംഭവിക്കുന്നു. ഇങ്ങനെ ഓരോ മാസവും ജീവന്‍ നഷ്ടപ്പെടുന്നത് 20 ഓളം കുഞ്ഞുങ്ങള്‍ക്കാണ്. ഇത്തരത്തില്‍ കുഞ്ഞുങ്ങളെ കുരുതികൊടുത്താണ് ലോക മൈക്കവ്യവസായത്തിന്‍റെ 60 ശതമാവും ഇന്ത്യ സംഭാവന ചെയ്യുന്നത് എന്നതാണ് വസ്തുത.

ഇന്ത്യയിലെ മൈക്ക മൈനിംഗ് മാഫിയ അത്രയും ശക്തമാണ്. നമ്മള്‍ ഓരോ ദിവസവും മേക്കപ്പിട്ട് അണിഞ്ഞൊരുങ്ങുമ്പോള്‍, അത് ഒരു പൌഡറാകട്ടെ, മറ്റെന്തെങ്കിലും ഫെയര്‍നെസ് ക്രീമുകളാകട്ടെ അതിന്‍റെ പിറകില്‍ വലിയൊരു മാഫിയ പ്രവര്‍ത്തിക്കുന്നുണ്ട് ഒരു വര്‍ഷം 200 ലധികം കുഞ്ഞുങ്ങള്‍ കുരുതികൊടുക്കപ്പെടുന്നുണ്ട്.

പല കോര്‍പ്പറേറ്റുകമ്പനികള്‍ക്കും ഇവിടങ്ങളില്‍ ഇടനിലക്കാരുണ്ട്. ഇവിടങ്ങളില്‍ മൈക്ക മൈനിംഗ് ചെയ്തെടുക്കുന്നത് എങ്ങനെയാണെന്ന് ഈ കോര്‍പ്പറേറ്റ് കമ്പനികള്‍ അന്വേഷിക്കേണ്ടതില്ലല്ലോ.. പ്രാദേശിക ഭരണകൂടങ്ങളോ പൊലീസോ ഒന്നും ഇതിനെതിരെ ഇതുവരെ ഒരു നടപടിയും എടുക്കാന്‍ തയ്യാറായിട്ടുമില്ല. രണ്ടുമാസം മുമ്പ് അല്‍ജസീറയാണ് ഈ വിഷയത്തില്‍ ഒരു ഡോക്യുമെന്‍ററി ഇറക്കിയിട്ടുള്ളത്.

കഥ പറയുന്ന ഒരു അമ്മയും കഥ കേള്‍ക്കുന്ന കുഞ്ഞും- എന്തുകൊണ്ടാണ് ഇങ്ങനെയൊരു കഥ പറച്ചില്‍ പരീക്ഷിച്ചത്

വെറുതെ ഒരു ഷോര്‍ട്ട് ഫിലിം തട്ടിക്കൂട്ടുകയല്ലായിരുന്നു ഞങ്ങളുടെ ലക്ഷ്യം, വ്യത്യസ്ത കലാരൂപങ്ങളെ എങ്ങനെ ഈ ഷോര്‍ട്ട് ഫിലിമില്‍ കൊണ്ടുവരാം എന്ന പരീക്ഷണം കൂടിയായിരുന്നു ഈ കൊച്ചുചിത്രം. കഥക് ഡാന്‍സിലൂടെയാണ് കഥ പറഞ്ഞുപോകുന്നത്. അതിനൊപ്പം തന്നെ അന്യം നിന്ന് പോയിരിക്കുന്ന നിഴല്‍കൂത്ത് എന്ന കലാരൂപവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മേക്കപ്പ് കഴുകി കളയാന്‍ വിസമ്മതിക്കുന്ന ഒരു കുട്ടിക്ക് ഒരു അമ്മ പറഞ്ഞുകൊടുക്കുന്ന കഥയായിട്ടാണ് ഈ ഷോര്‍ട്ട് ഫിലിം മുന്നോട്ടുപോകുന്നത്. പണ്ട് പണ്ട് ഒരു രാജ്യത്ത് എന്നു പറഞ്ഞാണ് അമ്മ കഥ പറഞ്ഞു തുടങ്ങുന്നത്. അമ്മ പറയുന്ന കഥ കുട്ടിയെ പേടിപ്പെടുത്തുന്നുണ്ട്. ആ കഥ പ്രതിനിധീകരിക്കുന്നത് ഇന്ത്യയെയാണ്.. ഇന്ത്യയിലെ ജാര്‍ഖണ്ഢ് എന്ന സംസ്ഥാനത്തെയാണ്... അതില്‍ മൌനം പാലിക്കുന്ന അധികാര കേന്ദ്രങ്ങളും കടന്നുവരുന്നുണ്ട്. ഇതിനൊരിക്കലും ഭാഷയുടെ പരിമിതിയുണ്ടാവില്ല. മലയാളം സംസാരിക്കുന്നു എന്നതിനാല്‍ മലയാളത്തില്‍ ഒതുങ്ങി പോകുകയുമില്ല.

അതുകൊണ്ടുതന്നെ ഈ കൊച്ചുചിത്രം കൊണ്ട് ഞങ്ങള്‍ ലക്ഷ്യം വെക്കുന്നത് കുട്ടികളെയാണ്, അല്ലെങ്കില്‍ ഈ വിഷയം എത്തണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നത് കുട്ടികളിലേക്കാണ്, അടുത്ത തലമുറയിലേക്കാണ്. അവരെയാണ് ഈ വിഷയത്തില്‍ നമ്മള്‍ ബോധവത്കരിക്കേണ്ടത്. നമ്മളെന്താണോ, അത് സമൂഹത്തിനെ കാണിക്കുക. നമ്മളെന്താണോ നമ്മള്‍ നമ്മളായിട്ട് തന്നെ നില്‍ക്കുക. നമ്മള്‍ നമ്മളായിട്ട് ജീവിക്കുക. അതിന് 'മേക്കപ്പ് ഫ്രീ' കോണ്‍സെപ്റ്റ് അടുത്ത തലമുറയിലേക്ക് പകര്‍ന്നുകൊടുക്കേണ്ടതുണ്ട്. മേക്കപ്പുകളില്ലാതെ, നമ്മള്‍ നമ്മളായി ജീവിക്കേണ്ടതുണ്ട്. ബോഡി ഷെയിമിംഗുകള്‍ ഇല്ലാതാവേണ്ടതുണ്ട്. നിറത്തിന്‍റെ പേരില്‍, ഭംഗിയുടെ പേരില്‍ ആരും ആരെയും മാറ്റിനിര്‍ത്താനിടയില്ലാത്ത ഒരു ലോകം പുലരേണ്ടതുണ്ട്. അതുകൊണ്ടുതന്നെ കുട്ടികള്‍ കാണണം ഈ കുഞ്ഞു സിനിമ. അവരെ ഇത് ബോറടിപ്പിക്കരുത്. അതുകൊണ്ടാണ് ചിത്രം 11 മിനിറ്റാക്കി ചുരുക്കിയതുപോലും.

TAGS :

Next Story