Quantcast

സോനു സൂദിന് സ്പൈസ്ജെറ്റിന്‍റെ സല്യൂട്ട്; ബോയിങ് 737 വിമാനം നടന് സമര്‍പ്പിച്ചു

സോനു സൂദിന്‍റെ ചിത്രമുള്ള ബോയിങ് 737 വിമാനം സ്പൈസ്ജെറ്റ് പുറത്തിറക്കി.

MediaOne Logo

Web Desk

  • Published:

    20 March 2021 11:31 AM GMT

സോനു സൂദിന് സ്പൈസ്ജെറ്റിന്‍റെ സല്യൂട്ട്; ബോയിങ് 737 വിമാനം നടന് സമര്‍പ്പിച്ചു
X

മഹാമാരിക്കാലത്തെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ ഹീറോ പരിവേഷം നേടിയ നടനാണ് സോനു സൂദ്. ലോക്ക് ഡൗണ്‍ വേളയില്‍ രാജ്യത്തിന്‍റെ വിവിധ കോണുകളില്‍ കുടുങ്ങിപ്പോയ കുടിയേറ്റതൊഴിലാളികളെ നാട്ടിലെത്തിക്കുന്നതടക്കം പ്രശംസനാര്‍ഹമായ അനവധി പ്രവര്‍ത്തനങ്ങള്‍ സോനു ചെയ്തു. ഇതിനു പിന്നാലെ കയ്യടികളും അംഗീകാരങ്ങളും സോനുവിനെ തേടിയെത്തി. ഇപ്പോഴിതാ സോനുവിന്‍റെ നിസ്വാര്‍ത്ഥ പരിശ്രമങ്ങളുടെ സ്മരണാര്‍ത്ഥം പ്രത്യേക വിമാനം വരെ പുറത്തിറക്കിയിരിക്കുകയാണ് സ്പൈസ്ജെറ്റ്.

സോനു സൂദിന്‍റെ ചിത്രമുള്ള ബോയിങ് 737 വിമാനമാണ് സ്പൈസ്ജെറ്റ് പുറത്തിറക്കിയത്. സോനു സൂദ് കോവിഡ് കാലത്ത് ചെയ്ത മികച്ച സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തുകയാണ് കമ്പനിയുടെ ഉദ്ദേശമെന്ന് സ്പൈസ്ജെറ്റ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അജയ് സിങ് വ്യക്തമാക്കി. 'നിങ്ങള്‍ ഒരു പ്രചോദനമാണ്, അനുകമ്പ നിറഞ്ഞ നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു' എന്നാണ് സ്പൈസ്ജെറ്റ് ട്വിറ്ററില്‍ കുറിച്ചത്.

ലോക്ക് ഡൗണ്‍ വേളയില്‍ വിദേശത്ത് കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന ദൗത്യത്തില്‍ സോനു സൂദിനൊപ്പം സ്പൈസ്ജെറ്റും പങ്കാളിയായിരുന്നു. കിര്‍ഗിസ്ഥാനില്‍ അകപ്പെട്ട 1500ഓളം ഇന്ത്യന്‍ വിദ്യാര്‍ഥികളെയും ഉസ്ബെക്കിസ്ഥാന്‍, റഷ്യ, മനില, അല്‍മാറ്റി എന്നിവിടങ്ങളില്‍ കുടുങ്ങിയ നൂറുകണക്കിന് ഇന്ത്യക്കാരെയും നാട്ടിലെത്തിക്കാന്‍ ഈ ദൗത്യത്തിനു കഴിഞ്ഞിരുന്നു.

സ്പൈസ്ജെറ്റിന്‍റെ പ്രവര്‍ത്തിയില്‍ അങ്ങേയറ്റം നന്ദിയുണ്ടെന്നാണ് സോനുവിന്‍റെ പ്രതികരണം. ലോക്ക് ഡൗണ്‍ സമയത്ത് സ്പൈസ്ജെറ്റ് നടത്തിയ അശ്രാന്ത പരിശ്രമങ്ങളെയും സോനു സൂദ് പ്രശംസിച്ചു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story