24 മണിക്കൂറില്‍ 3.6 കോടി കാഴ്ചക്കാര്‍; 'ജവാനിലെ' സ്വന്തം റെക്കോര്‍ഡും തകര്‍ത്ത് ഷാരൂഖ് ഖാന്
ഇതുവരെ ഈ നേട്ടം ഷാരൂഖ് ഖാന്റെ തന്നെ 'ജവാൻ' ചിത്രത്തിലെ 'സിന്ദാ ബന്ദ' എന്ന ഗാനത്തിന്റെ പേരിലായിരുന്നു

ഷാരൂഖ് ഖാന്റെ പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങിയ പുതിയ ചിത്രം 'കിങ്ങി'ലെ ആദ്യ ഗാനം റെക്കോർഡ് നേട്ടവുമായി ശ്രദ്ധ നേടുന്നു. നവംബർ രണ്ടിന് റിലീസ് ചെയ്ത 'തു മിൽ ജായേ' ആദ്യ 24 മണിക്കൂറിനുള്ളിൽ യൂട്യൂബിൽ നേടിയത് 3.63 കോടി കാഴ്ചക്കാർ. ഇതോടെ ഒറ്റ ദിവസം ഏറ്റവും കൂടുതൽ കാഴ്ചകൾ നേടിയ ഇന്ത്യൻ സിനിമാഗാനമെന്ന റെക്കോർഡും ഗാനം സ്വന്തമാക്കി. ഷാരൂഖിന്റെ 61-ാം പിറന്നാൾ ആഘോഷങ്ങൾക്കിടെയാണ് ആരാധകർക്ക് ഈ സംഗീതവിരുന്ന് ലഭിച്ചത്.
ദീപിക പദുക്കോണിന്റെ പ്രത്യേക സാന്നിധ്യവും പ്രണയ ദൃശ്യങ്ങളുമാണ് ഗാനത്തിന്റെ മറ്റൊരു ആകർഷണം. വിവിധ പ്ലാറ്റ്ഫോമുകളിലായി ആദ്യ ദിവസം തന്നെ ആറ് കോടിയിലധികം ആളുകൾ ഗാനം കണ്ടെന്നാണ് റിപ്പോർട്ടുകൾ. യൂട്യൂബിൽ മാത്രം 36.3 മില്യൺ കാഴ്ചകളും 4.3 ലക്ഷത്തിലധികം ലൈക്കുകളും ഗാനത്തിന് ലഭിച്ചു.
സ്വന്തം റെക്കോർഡും തകർത്ത് ഷാരൂഖ്
ഇതുവരെ ഈ നേട്ടം ഷാരൂഖ് ഖാന്റെ തന്നെ 'ജവാൻ' ചിത്രത്തിലെ 'സിന്ദാ ബന്ദ' എന്ന ഗാനത്തിന്റെ പേരിലായിരുന്നു. 2023ൽ പുറത്തിറങ്ങിയ ഗാനം ആദ്യ 24 മണിക്കൂറിൽ യൂട്യൂബിൽ 3.46 കോടി വ്യൂസ് ആണ് നേടിയിരുന്നത്. പുതിയ ഗാനത്തിലൂടെ ഷാരൂഖ് സ്വന്തം റെക്കോർഡ് തന്നെ മറികടന്നു.
'സത്യ പ്രേം കി കഥ'യിലെ 'ഗുജ്ജു പടാക' (3.4 കോടി), 'ആദിപുരുഷി'ലെ 'ജയ് ശ്രീറാം' (3.22 കോടി), 'രാം സിയാ രാം' (3.21 കോടി), 'സിക്കന്ദറി'ലെ 'സിക്കന്ദർ നാച്ചേ' (3.19 കോടി) എന്നീ ഗാനങ്ങളെയും 'തു മിൽ ജായേ' പിന്നിലാക്കി.
ഷാരൂഖ് ഖാനും ദീപിക പദുക്കോണും ഒന്നിച്ചെത്തുന്ന ഗാനത്തിന് ലഭിച്ച സ്വീകാര്യത 'കിങ്' എന്ന ചിത്രത്തെക്കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷയും വർധിപ്പിച്ചിട്ടുണ്ട്. റിലീസിന് പിന്നാലെ റെക്കോർഡ് കാഴ്ചകൾ നേടിയ ഗാനം സമൂഹമാധ്യമങ്ങളിലും ചർച്ചയാകുകയാണ്.
Adjust Story Font
16

