Quantcast

സത്യപ്പെടുത്തുന്ന നുണകളും മനസ്സ് നിറക്കുന്ന കഥകളുമായി 'ആയിരത്തൊന്ന് നുണകൾ'

കഥാസന്ദർഭങ്ങളിൽ ഓരോ കഥാപാത്രങ്ങളെ കുറിച്ചും ചോദ്യങ്ങളും സംശയങ്ങളും പ്രേക്ഷകന് ഉയർന്നുവരും. എന്നാൽ, സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന് 'ആയിരത്തൊന്ന് നുണകൾ' ഒരേസമയം മനോഹരമായും അത്ഭുതമായും നിലനിൽക്കും

MediaOne Logo
സത്യപ്പെടുത്തുന്ന നുണകളും മനസ്സ് നിറക്കുന്ന കഥകളുമായി ആയിരത്തൊന്ന് നുണകൾ
X

'ആയിരത്തൊന്ന് നുണകൾ' ചിത്രത്തില്‍നിന്നുള്ള രംഗം

നവാഗത പ്രവാസി സംവിധായകൻ താമാറിന്റെ 'ആയിരത്തൊന്ന് നുണകൾ' എന്ന സിനിമ പ്രേക്ഷക ശ്രദ്ധയാകർഷിക്കുന്നു. പൂർണ്ണമായും യു.എ.ഇയിൽ ചിത്രീകരിച്ച താരപ്പൊലിമ ഏതുമില്ലാതെ പുറത്തിറങ്ങിയ സിനിമയിൽ ഒട്ടുമിക്ക കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നതും പുതുമുഖ നടീനടന്മാരാണ്. സിനിമ ഒ.ടി.ടി റിലീസായി സോണിലിവിലാണ് പ്രദർശനത്തിനെത്തിയിരിക്കുന്നതെങ്കിലും ഇതിനകം അന്താരാഷ്ട്ര ചലച്ചിത്രോത്സവമായ ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിക്കുകയും നിരൂപക പ്രശംസ നേടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ദുബൈയിൽ നടന്ന പ്രീമിയർ ഷോയിൽ കലാ, സാംസ്‌കാരിക, സാമൂഹ്യ മേഖലയിലെ പ്രമുഖർ മികച്ച അഭിപ്രായം രേഖപ്പെടുത്തി.

പ്രശസ്ത സംവിധായകൻ സലിം അഹമ്മദാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ഫീൽ ഗുഡ്, ഫാമിലി ഡ്രാമ കാറ്റഗറിയിൽ ആയിരത്തൊന്ന് നുണകൾ ഉൾപ്പെടുത്താം. ആയിരത്തൊന്ന് രാവുകളിലെ അറബിക്കഥകൾ പോലെ കഥകളിൽ എന്തും സംഭവിക്കാം. അനിർവചനീയമായാണ് കഥകൾ പലതും. രാത്രി ഇരുട്ടി വെളുക്കുമ്പോഴും നിമിഷങ്ങൾ മറിയുമ്പോഴും സത്യം നുണയാവുമ്പോഴും നുണ സത്യമാവുമ്പോഴും ആഹ്ലാദവും ആനന്ദവും ദുഃഖവും ഹാസ്യവും അപഹാസ്യവും മാറിമറിയുന്ന കഥാസന്ദഭമൊരുക്കാൻ ആയിരത്തൊന്ന് നുണകൾക്കായിട്ടുണ്ട്.

പ്രവാസ പശ്ചാത്തലത്തിൽ നടക്കുന്ന കഥയായിട്ടാണ് സംവിധായകൻ താമാറും സഹഎഴുത്തുകാരൻ ഹാഷിം സുലൈമാനും ചിത്രത്തെ അവതരിപ്പിച്ചിട്ടുള്ളതെങ്കിലും ആയിരത്തൊന്ന് നുണകൾ ഒരു പ്രവാസ ചിത്രമാണെന്ന് പറയാനാവില്ല. ആറു കുടുംബങ്ങളിൽ നടക്കുന്ന നുണക്കഥകളെ വെളിപ്പെടുത്തുന്നതും അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ഇത് ഷാർജ്ജയിലെ ഒരു താമസ കെട്ടിടത്തിന് തീപിടിച്ച യഥാർത്ഥ സംഭവത്തിൽനിന്നാണ് കഥ തുടങ്ങുന്നത്. പിന്നീടങ്ങോട്ട് കഥ പൂർണ്ണമായും താമാറും ഹാഷിമും മെനഞ്ഞെടുക്കുന്നത് തന്നെയാണ്.

പൂർണ്ണമായും പ്രവാസികഥയല്ലെങ്കിലും പ്രവാസജീവിതത്തെ കാര്യമായി സ്പർശിച്ച് പോകുന്നുണ്ട് സിനിമ. സൗഹൃദ കൂട്ടായ്മയിലെ ഒരു ചെറിയ ആഘോഷവേളയിൽ ഒരു കളിയെന്നോണം ജീവിതത്തിലെ നുണകളെ തുറന്നുപറയുന്നതിലൂടെയാണ് സിനിമ മുന്നോട്ടുപോകുന്നത്. ആറു കുടുംബങ്ങളിലെ നുണക്കഥകൾ ചിലത് ചിരിപ്പിക്കുകയും, ചിലത് ചിന്തിപ്പിക്കുകയും, ചിലത് കണ്ണ് നനയിക്കുകയും ചെയ്യുന്നുണ്ട്. കഥാപാത്രങ്ങൾ തമ്മിലുള്ള സൗഹൃദം കഥാഗതിയിൽ ബന്ധങ്ങളുടെ ആഴവും വ്യാപ്തിയും കാണിക്കുന്നുണ്ട്. മനുഷ്യസ്വഭാവത്തിലെ വ്യത്യസ്തമായ ഭാവങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. കഥയുടെ മുന്നോട്ടുള്ള ഒഴുക്കിൽ പ്രേക്ഷകനെ പിടിച്ചിരുത്തുകയും അവസാനം വരെ ത്രില്ലിംഗ് എക്‌സ്പീരിയൻസ് നൽകുകയും ചെയ്യുന്നുണ്ട് സിനിമ.

കുടുംബബന്ധങ്ങളിൽ നുണകൾ എങ്ങിനെ കടന്നുപോകുന്നുവെന്നും വെളിവാക്കപ്പെടുന്ന നുണകൾ ഉണ്ടാക്കുന്ന ത്രില്ലിംഗ് എക്‌സ്പീരിയൻസും ക്യാമറാമാൻ ജിത്തിൻ ഒപ്പിയെടുത്തിട്ടുണ്ട്. നേഹയാണ് ചിത്രത്തിൽ പാട്ടുകൾ ഒരുക്കിയിട്ടുള്ളത്. സലിം അഹമ്മദിൻറെ ഉടമസ്ഥതയിലുള്ള അലൻസ് മീഡിയ നിർമ്മിച്ച ചിത്രത്തിൽ അഡ്വ. ഹാഷിക്കും ടി.പി സുധീഷും സഹനിർമ്മാതാക്കളാണ്. നിഷാദാണ് ചിത്രത്തിൻറെ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത്. ആയിരത്തൊന്ന് നുണകളിലെ ഓരോ കഥാപാത്രത്തിനും വ്യത്യസ്തമായ സ്വഭാവവൈവിധ്യങ്ങൾ നൽകാൻ കഥാകൃത്തുക്കൾക്കായിട്ടുണ്ട്. രമ്യ സുരേഷ്, ഷിനാസ് ഷാൻ, വിദ്യ വിജയകുമാർ, വിഷ്ണു അഗസ്ത്യ എന്നിവരൊഴികെ മറ്റെല്ലാ നടീനടന്മാരും പുതുമുഖങ്ങളായിട്ടും വ്യത്യസ്ത തലങ്ങളിലുള്ള കഥാപാത്രങ്ങളെ കയ്യടക്കത്തോടെ കൈകാര്യം ചെയ്യാൻ എല്ലാവർക്കുമായിട്ടുണ്ട്.

കഥാസന്ദർഭങ്ങളിൽ ഓരോ കഥാപാത്രങ്ങളെ കുറിച്ചും ചോദ്യങ്ങളും സംശയങ്ങളും പ്രേക്ഷകന് ഉയർന്നുവരും. എന്നാൽ സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന് ആയിരത്തൊന്ന് നുണകൾ എന്ന പേര് ഒരേസമയം മനോഹരമായും അത്ഭുതമായും നിലനിൽക്കും. ഒരുപക്ഷെ മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തിനടുത്ത മൂക്കുതല എന്ന ഗ്രാമത്തിൽ നിന്ന് ചെറുപ്പത്തിൽ കേട്ടതും വായിച്ചതുമായ ആയിരത്തൊന്ന് രാവുകളിലെ അത്ഭുതങ്ങളും നുണകളും അതിശയോക്തിയും ചേർന്ന അറബിക്കഥകൾ അറബിനാട്ടിൽ പ്രവാസിയായി എത്തിയപ്പോഴും താമാർ എന്ന ചെറുപ്പക്കാരനെ വിടാതെ പിന്തുടരുന്നുണ്ടാവാം. എന്തായായിരുന്നാലും ആയിരത്തൊന്ന് രാവുകൾ പോലെ രസകരവും ജിജ്ഞാസ ഉളവാക്കുന്നതുമാണ് ആയിരത്തൊന്ന് നുണകളും. ആയിരത്തൊന്ന് രാവുകൾ ചലച്ചിത്രമാക്കി വിജയിച്ച സംവിധായകൻ പോളോ പബോലിനി അദ്ദേഹത്തിൻറെ ചിത്രാന്ത്യത്തിൽ കുറിച്ചത് 'ഒരു സ്വപ്നത്തിൽനിന്ന് മാത്രം സത്യത്തിൽ എത്തിച്ചേരാനാവില്ല; ഒട്ടേറെ സ്വപ്നത്തിൽ കൂടിയേ അത് സാധ്യമാവൂ' എന്നായിരുന്നു. ഇവിടെയും സത്യവും നുണകളും ഇഴപിരിഞ്ഞിരിക്കുകയാണ്. സത്യവും നുണയും ഓരോ പ്രേക്ഷകനും അവന്റെ ചിന്തക്കനുസരിച്ച് വേർതിരിക്കാം.

Summary: 'Aayirathonnu Nunakal' Malayalam movie review

TAGS :

Next Story