Quantcast

'ഓമനിച്ചു വളര്‍ത്തിയ മകൾ പോലും ഇന്ന് അന്യയാണ്, വീട്ടുകാര്‍ക്ക് ഞാൻ വെറുക്കപ്പെട്ടവൻ'; വെളിപ്പെടുത്തലുമായി കൊല്ലം തുളസി

ഭാര്യയും മകളുമൊക്കെ എന്നെ ഉപേക്ഷിച്ചപ്പോൾ, അവർ തിരസ്കരിച്ചപ്പോൾ ഒറ്റപ്പെട്ട സമയത്താണ് ഞാൻ ഇവിടെ അഭയം തേടിയത്

MediaOne Logo

Web Desk

  • Published:

    25 Aug 2025 8:55 AM IST

ഓമനിച്ചു വളര്‍ത്തിയ മകൾ പോലും ഇന്ന് അന്യയാണ്, വീട്ടുകാര്‍ക്ക് ഞാൻ വെറുക്കപ്പെട്ടവൻ; വെളിപ്പെടുത്തലുമായി കൊല്ലം തുളസി
X

വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമയിൽ നിറഞ്ഞുനിന്ന നടനാണ് കൊല്ലം തുളസി. എഴുത്തുകാരൻ കൂടിയാണ് താരത്തിന്‍റെ യഥാര്‍ഥ പേര് എസ്.തുളസീധരൻ നായര്‍ എന്നാണ്. ഇപ്പോഴിതാ താൻ ഗാന്ധിഭവനിലെ താൻ അന്തേവാസിയായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ. ഗാന്ധിഭവനിലെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കൊല്ലം തുളസി.

കൊല്ലം തുളസിയുടെ വാക്കുകൾ

നിങ്ങൾക്ക് പലർക്കും അറിയാത്ത ഒരു കാര്യം ഉണ്ട്. ഞാൻ ഇവിടുത്തെ ഒരു അന്തേവാസി ആയിരുന്നു. എനിക്ക് അനാഥത്വം തോന്നിയപ്പോൾ സ്വയം ഒരു ആറു മാസം ഇവിടെ വന്നുകിടന്നു ഞാൻ. എന്‍റെ കൂടെ അഭിനയിച്ചിരുന്ന ഒരു വലിയ നാടക നടിയും ഇവിടെ ഉണ്ട്, ലൗലി. ഒരുപാടു നാടകങ്ങളിൽ അഭിനയിച്ച നടിയാണ്. സ്റ്റേറ്റ് അവാർഡ് വാങ്ങിയിട്ടുണ്ട്. ഇപ്പോൾ അവർക്ക് ആരുമില്ല. സ്വന്തം അമ്മയെ ഒഴിവാക്കണമെന്നു പറഞ്ഞ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് അവർ ഇവിടെ എത്തിയിരിക്കുകയാണ്. ലൗലിക്ക് അവരുടെ അമ്മയെ വിട്ടുപിരിയാൻ വയ്യ.

മാതൃസ്നേഹമാണല്ലോ ഏറ്റവും വലുത്. അവരുടെ ഭർത്താവും മക്കളും പറയുന്നത് അമ്മയെ എവിടെയെങ്കിലും കളയെന്നാണ്. പക്ഷേ അമ്മയെ കളയാൻ ലൗലിക്ക് കഴിഞ്ഞില്ല. ബുദ്ധിമുട്ടായി പ്രയാസങ്ങളായി ദാരിദ്ര്യമായി. അധ്വാനിച്ച് അവർ മക്കളെ പഠിപ്പിച്ചു. കുടുംബം നോക്കി. മക്കളൊക്കെ സർക്കാരുദ്യോ​ഗസ്ഥരാണ്. അവരിവിടെ വന്ന് അഭയം പ്രാപിച്ചിരിക്കുകയാണ്. രണ്ട് കയ്യുംനീട്ടി ​ഗാന്ധിഭവൻ ഇവരെ സ്വീകരിച്ചു. ഇതാണ് മനുഷ്യന്റെ അവസ്ഥ.

ഭാര്യയും മകളുമൊക്കെ എന്നെ ഉപേക്ഷിച്ചപ്പോൾ, അവർ തിരസ്കരിച്ചപ്പോൾ ഒറ്റപ്പെട്ട സമയത്താണ് ഞാൻ ഇവിടെ അഭയം തേടിയത്. ഞാൻ ഓമനിച്ചു വളർത്തിയ മകൾ പോലും ഇന്ന് എനിക്ക് അന്യയാണ്. അവൾ വലിയ എൻജിനിയർ ആണ്. മരുമകൻ ഡോക്ടറാണ്. അവർ ഓസ്ട്രേലിയയിൽ സെറ്റിൽ ചെയ്തിരിക്കുകയാണ്. ഫോണിൽ വിളിക്കുകപോലും ഇല്ല. അവർക്ക് ഞാൻ വെറുക്കപ്പെട്ടവനാണ്. ഒരു പിടി നമ്മുടെ കയ്യിൽ വേണം. ഏതു സമയത്താണ് എന്താണ് സംഭവിക്കുക എന്ന് അറിയില്ല. ഇത് നമുക്കെല്ലാം ഒരു പാഠമാണ്." കൊല്ലം തുളസിയുടെ വാക്കുകൾ.

TAGS :

Next Story