Quantcast

നടന്‍ പി.സി. ജോര്‍ജ് അന്തരിച്ചു

ചാണക്യൻ, അഥർവം, ഇന്നലെ, സംഘം തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

MediaOne Logo

Web Desk

  • Updated:

    2021-05-14 06:26:14.0

Published:

14 May 2021 11:53 AM IST

നടന്‍ പി.സി. ജോര്‍ജ് അന്തരിച്ചു
X

വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയനായ നടൻ പി.സി. ജോർജ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തൃശൂർ കൊരട്ടി സ്വദേശിയായിരുന്നു. പൊലീസുകാരനായിരുന്ന പി.സി. ജോർജ്, എസ്.പിയായാണ് വിരമിച്ചത്.

നാടകത്തിലൂടെയാണ് ജോര്‍ജ് അഭിനയ രംഗത്ത് എത്തിയത്. കോളജ് വിദ്യാഭ്യാസ കാലത്ത് മിമിക്രിയിലും മോണോ ആക്ടിലും സജീവമായിരുന്ന അദ്ദേഹം പഠനത്തിനു ശേഷം പൊലീസിൽ ഓഫീസറായി ചേരുകയായിരുന്നു. വയലാര്‍ രാമവര്‍മ്മ, കെ.ജി. സേതുനാഥ് എന്നിവരുമായി സൗഹൃദത്തിലായിരുന്നു ജോര്‍ജ്. ഇതിനിടയിൽ ചില പ്രൊഫഷണൽ നാടകങ്ങളിൽ അദ്ദേഹം അഭിനയിക്കുകയും ചെയ്തു.

അംബ അംബിക അംബാലിക എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ആ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ അദ്ദേഹത്തെ തേടി കൂടുതൽ അവസരങ്ങൾ വന്നു. തുടര്‍ന്ന് വിടരുന്ന മൊട്ടുകള്‍, ശ്രീമുരുകന്‍, രാമു കാര്യാട്ടിന്‍റെ ദ്വീപ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു.

കെ.ജി. ജോർജ്, ജോഷി തുടങ്ങി മലയാളത്തിലെ പ്രമുഖരായ നിരവധി സംവിധായകർക്കൊപ്പം ജോർജ് പ്രവർത്തിച്ചിട്ടുണ്ട്. ചാണക്യൻ, അഥർവം, ഇന്നലെ, സംഘം തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത അദ്ദേഹം 68 ഓളം സിനിമകളിൽ അഭിനയിച്ചു. സംഘം സിനിമയിലെ പ്രായിക്കര അപ്പ ശ്രദ്ധേയമായ കഥാപാത്രമായിരുന്നു.

ആദ്യകാലങ്ങളിൽ സിനിമയും ഔദ്യോഗിക ജീവിതവും ഒരുമിച്ച് കൊണ്ടുപോയെങ്കിലും, ഇടക്ക് പൂർണമായും സിനിമയിൽ നിന്ന് മാറി നിൽക്കേണ്ട സാഹചര്യമുണ്ടായപ്പോൾ അദ്ദേഹം തിരികെ ജോലിയിൽ പ്രവേശിച്ചു. അതിനാല്‍ ഒട്ടനവധി ചിത്രങ്ങളിൽ അദ്ദേഹത്തിനു അഭിനയിക്കാൻ കഴിയാതെ പോയി. പിന്നീട് ചെറുതും വലുതുമായ ചില കഥാപാത്രങ്ങള്‍ ചെയ്തെങ്കിലും ശാരീരിക ആസ്വാസ്ഥ്യം മൂലം കുറച്ചു കാലമായി കലാരംഗത്ത് അദ്ദേഹം സജീവമല്ലായിരുന്നു.

TAGS :

Next Story