'എ.ആര്‍ റഹ്മാനെ വിവാഹം ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു മതമായിരുന്നു പ്രശ്നം': മോഹിനി
വീട്ടില്‍ എനിക്ക് ഇഷ്ടമാണ്, കല്യാണം കഴിക്കണം എന്നൊക്കെ പറയാന്‍ സൗകര്യമായിരുന്നു

ചെന്നൈ: 90 കാലഘട്ടങ്ങളിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ നിറഞ്ഞുനിന്ന നടിയാണ് മോഹിനി. ഇടക്കാലത്ത് സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയെങ്കിലും ഇപ്പോൾ ഇടവേള എടുത്തിരിക്കുകയാണ് താരം. ഈയിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തനിക്ക് പ്രശസ്ത സംഗീതസംവിധായകൻ എ.ആര്‍ റഹ്മാനെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നുവെന്നാണ് മോഹിന പറഞ്ഞത്.
വൗ തമിഴ എന്ന തമിഴ് യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. "ഞാന്‍ ഭയങ്കര എ ആര്‍ റഹ്‌മാന്‍ ഫാന്‍ ആയിരുന്നു, ഭ്രാന്തമായ ഇഷ്ടം എന്നു തന്നെ പറയാം. റഹ്‌മാന്‍ മുസ്‍ലിം മതം സ്വീകരിച്ചു എന്നത് എന്‍റെ ഹൃദയം തകർത്തു കളഞ്ഞ ഒന്നായിരുന്നു. അന്ന് ഞാന്‍ ഹിന്ദുവായിരുന്നു. ദിലീപ് എന്ന പേര് തന്നെ മതിയായിരുന്നു, മതം മാറേണ്ടിയിരുന്നില്ല. വീട്ടില്‍ എനിക്ക് ഇഷ്ടമാണ്, കല്യാണം കഴിക്കണം എന്നൊക്കെ പറയാന്‍ സൗകര്യമായിരുന്നു. അടിയും വഴക്കൊന്നും ഇല്ലാതെ കല്യാണം കഴിക്കാം എന്നൊക്കെ പ്ലാന്‍ ചെയ്തതാണ് ഞാന്‍ മനസില്‍.
പക്ഷേ അദ്ദേഹം എന്നെക്കാള്‍ വളരെ ചെറുതാണ് എന്നും എനിക്ക് അറിയാമായിരുന്നു. അന്ന് ലക്ഷ്മി ആന്‍റി എന്നെ കളിയാക്കുമായിരുന്നു, ബിരിയാണി എല്ലാം ഉണ്ടാക്കാന്‍ പഠിച്ചോളൂ, അതെല്ലാമാണ് റഹ്‌മാന് ഇഷ്ടം. റഹ്‌മാനെ നീ കല്യാണം കഴിക്കണമെങ്കില്‍ അവന് ഇഷ്ടമുള്ള ഭക്ഷണമൊക്കെ ഉണ്ടാക്കാന്‍ അറിഞ്ഞിരിക്കണം എന്ന് പറഞ്ഞ് എന്നെ കളിയാക്കും.
ഒറ്റത്തവണ മാത്രമേ എനിക്ക് റഹ്‌മാനെ നേരില്‍ കാണാന്‍ കഴിഞ്ഞിട്ടുള്ളൂ. അദ്ദേഹത്തിന്റെ ഏറ്റവും ആദ്യത്തെ മ്യൂസിക് ഷോ മലേഷ്യയില്‍ നടന്നപ്പോള്‍ അതിന്റെ ഹോസ്റ്റ് ഞാനായിരുന്നു. നാല്‍പതിനായിരത്തോളം ആളുകള്‍ പങ്കെടുത്ത ഷോ ആയിരുന്നു അത്, ഗംഭീരമായ ഷോ. അത് കഴിഞ്ഞ് ഫ്ലൈറ്റില്‍ ഞങ്ങള്‍ തിരിച്ചു വരുമ്പോള്‍ ഒരു പത്തിരുപത്തിയഞ്ച് ആര്‍ട്ടിസ്റ്റുകളുണ്ടായിരുന്നു.
ഞാന്‍ എന്റെ ബാഗ് ഒക്കെ വച്ച് ഇരിക്കാന്‍ ഒരുങ്ങുമ്പോഴാണ് റഹ്‌മാന്‍ സര്‍ അങ്ങോട്ടു വന്നത്. ആരോടും ഒന്നും പറഞ്ഞിട്ടില്ല, പക്ഷേ നേരെ എന്‍റെ അടുത്ത് വന്ന് ഹലോ പറഞ്ഞു. അത് കേട്ടതും എല്ലാ ആര്‍ട്ടിസ്റ്റുകളും എന്നെ നോക്കി. ഹലോ പറഞ്ഞിട്ട് അദ്ദേഹം പോയി"- മോഹിനി പറഞ്ഞു
Adjust Story Font
16

