നഗ്മ മുതൽ സുസ്മിത സെൻ വരെയുള്ള നടിമാരുടെ ശബ്ദം; നാല് ഭാഷകളിലായി 250ലധികം സിനിമകൾ, എണ്ണമറ്റ പുരസ്കാരങ്ങൾ: സരിത എന്ന വിസ്മയം
കെ.ബാലചന്ദറായിരുന്നു സരിതയിലെ നടി തിരിച്ചറിഞ്ഞത്

- Updated:
2026-05-16 05:37:52

കാതോട് കാതോരം....നീണ്ട മുടിയഴിച്ച്, പ്രണയത്തിൽ ചിരിക്കുന്ന കണ്ണുകളുമായി ഒരു പുഴ പോലെ പാഴിയൊഴുകി പോകുന്ന സരിത...ഓരോ ചലനങ്ങളിലും നോക്കുകളിലും എന്തൊരു ഭംഗിയാണ്...നാല് ഭാഷകളിലായി 250ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും കാതോട് കാതോരം എന്ന ഒറ്റച്ചിത്രം മതി മലയാളികൾക്ക് സരിതയെ ഓര്‍ക്കാൻ. അന്നുവരെയുള്ള നായികാസങ്കൽപങ്ങളെ പൊളിച്ചെഴുതിയ സരിത എന്ന ആന്ധ്രാക്കാരി ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയുടെ തന്നെ നെടുതൂണായിരുന്നു.
എൺപതുകളിൽ ദക്ഷിണേന്ത്യൻ സിനിമയിൽ അഭിനയപ്രാധാന്യമുള്ള വേഷങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച സരിത തമിഴിലെയും തെലുഗുവിലെയും കന്നഡയിലെയും പല ഹിറ്റ് ചിത്രങ്ങളിലെയും നായികമാരുടെ ശബ്ദമായി മാറിയ ഡബ്ബിങ് ആര്‍ടിസ്റ്റ് കൂടിയായിരുന്നു. കെ.ബാലചന്ദറായിരുന്നു സരിതയിലെ നടിയെ തിരിച്ചറിഞ്ഞത്. ബാലചന്ദറിന്റെ കണ്ടെത്തലുകൾ ഒരിക്കലും വെറുതെയാകാറില്ലെന്ന് ചരിത്രം തെളിയിച്ചിട്ടുള്ളതാണ്. അതുപോലെ തന്നെയായിരുന്നു സരിതയും .ഗ്ലാമർ വേഷങ്ങളേക്കാൾ അഭിനയത്തിന് പ്രാധാന്യമുള്ള ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തിലാകട്ടെ ഭരതൻ, പത്മരാജൻ തുടങ്ങിയ പ്രഗത്ഭ സംവിധായകരുടെ ചിത്രങ്ങളിൽ സരിത ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
കമൽഹാസൻ, രജനീകാന്ത്, മമ്മൂട്ടി തുടങ്ങി ഒട്ടുമിക്ക താരങ്ങളുടെയെല്ലാം നായികയായിട്ടുണ്ട് സരിത. എൺപതുകളിലെ മമ്മൂട്ടി-സരിത ജോഡി മലയാള സിനിമയിലെ ഹിറ്റ് ജോഡിയായിരുന്നു. തനിയാവർത്തനം, കാതോട് കാതോരം, സംഘം , മൂഹൂര്‍ത്തം 11.30, സന്ദര്‍ഭം, ഒരു കൊച്ചുകഥ ആരും പറയാത്ത കഥ തുടങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടിയുടെ നായികയായിരുന്നു സരിത.
സെറ്റുകളിൽ നിന്നും സെറ്റുകളിലേക്കുള്ള ഓട്ടത്തിനിടെ 1979-ൽ 'ഗോറിൻ തക്കു' എന്ന ചിത്രത്തിൽ സുജാതയ്ക്ക് വേണ്ടി ശബ്ദം നൽകിക്കൊണ്ടാണ് സരിത ആദ്യമായി മറ്റൊരാൾക്ക് ശബ്ദമാകുന്നത്. നഗ്മ, സൗന്ദര്യ, രമ്യ കൃഷ്ണൻ, സുസ്മിത സെൻ മുതൽ ശ്രീവിദ്യക്ക് വരെ സരിത ശബ്ദം നൽകിയിട്ടുണ്ട്. തെലുഗ് സിനിമയിലെ ആക്ഷൻ റാണി വിജയശാന്തി ദേശീയ പുരസ്കാരം നേടിക്കൊടുന്ന കര്‍ത്തവ്യത്തിൽ നടിക്ക് വേണ്ടി ശബ്ദമായത് സരിതയായിരുന്നു. വിജയശാന്തിക്ക് തെലുഗുവിൽ ആരാധകരെ നേടിക്കൊടുത്തതിൽ സരിതയുടെ ശബ്ദത്തിനും വലിയ പങ്കുണ്ട്. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന ചിത്രത്തിൽ നഗ്മ അവതരിപ്പിച്ച യമുനാറാണിക്ക് വേണ്ടി ഡബ്ബ് ചെയ്തതും സരിതയായിരുന്നു.
16-ാം വയസിൽ തെലുഗു നടൻ വി. വെങ്കട സുബ്ബയ്യയുമായിട്ടായിരുന്നു ആദ്യ വിവാഹം. ഒരു വര്‍ഷത്തെ ആയുസേ ഈ ബന്ധത്തിനുണ്ടായിരുന്നുള്ളൂ. തുടര്‍ന്നാണ് നടൻ മുകേഷിനെ വിവാഹം കഴിക്കുന്നത്. 2011ൽ ഇവര്‍ വേര്‍പിരിഞ്ഞു. ഈ ബന്ധത്തിൽ ശ്രാവൺ, തേജസ് എന്നീ മക്കളുമുണ്ട്.
മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ആറ് തവണ, ആറ് നന്ദി പുരസ്കാരങ്ങൾ, തമിഴ്നാട് സര്‍ക്കാരിന്റെ അഞ്ച് സംസ്ഥാന അവാര്‍ഡുകൾ, മികച്ച നടിക്കുള്ള കര്‍ണാടക സര്‍ക്കാരിന്റെ പുരസ്കാരം സരിത എന്ന കലാകാരിയെ തേടിയെത്തിയ ബഹുമതികൾ ഇങ്ങനെ പോകുന്നു. നടി വിജി ചന്ദ്രശേഖറിന്റെ സഹോദരി കൂടിയാണ് സരിത.
Adjust Story Font
16
