'അച്ഛന്‍റെ കയ്യിൽ നിന്ന് ചില്ലിക്കാശ് പോലും വാങ്ങിയിട്ടില്ല, സ്വന്തം പണം കൊണ്ടാണ് മുംബൈയിലെ സ്വപ്നഭവനം വാങ്ങിയത്'; ഉദിത് നാരായണന്‍റെ മകൻ ആദിത്യ
ഒരു യുട്യൂബ് ചാനലായ ഭാരതി ടിവിയോട് സംസാരിക്കുകയായിരുന്നു ആദിത്യ

മുംബൈ: 2020ലാണ് നടനും ഗായകനും അവതാരകനും പ്രശസ്ത പിന്നണി ഗായകന്‍ ഉദിത് നാരായണിന്‍റെ മകനുമായ ആദിത്യ നാരായൺ മുംബൈയിലെ അന്ധേരിയിൽ 10.5 കോടി വിലമതിക്കുന്ന ആഡംബര വീട് സ്വന്തമാക്കുന്നത്. അഞ്ച് കിടപ്പുമുറികളുള്ള വീട് ആദിത്യയുടെ മാതാപിതാക്കളായ ഉദിത് നാരായണും ദീപ നാരായണ്‍ ഝായും താമസിക്കുന്ന സ്ഥലത്ത് നിന്ന് വെറും മൂന്ന് കെട്ടിടങ്ങള്‍ മാത്രം അകലെയാണ് അപ്പാര്‍ട്ട്മെന്‍റ്. തന്‍റെ സ്വന്തം വരുമാനം കൊണ്ടാണ് വീട് വാങ്ങിയതെന്നും പിതാവ് സാമ്പത്തികമായി സഹായിച്ചിട്ടില്ലെന്നും ഈയിടെ ഒരു അഭിമുഖത്തിൽ ആദിത്യ വ്യക്തമാക്കിയിരുന്നു.
ഒരു യുട്യൂബ് ചാനലായ ഭാരതി ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ''മുംബൈയിൽ ഞാൻ വളരെ മനോഹരമായ ഒരു വീട് വാങ്ങി. വളരെക്കാലത്തെ എന്‍റെ കഠിനാധ്വാനത്തിന്‍റെ ഫലമാണ് അത്. അതിന്‍റെ 12 അടി സീലിങ് എന്നെ ആകര്‍ഷിച്ചു. മുംബൈയിൽ ഇത് ഒരു ആഡംബരമാണ്, അവിടെ മിക്ക വീടുകൾക്കും വളരെ താഴ്ന്ന സീലിംഗ് ഉണ്ട്. വളരെ ചെറിയ സീലിംഗ് ഉള്ള ഒരു വീട്ടിലാണ് ഞാൻ താമസിച്ചിരുന്നത്” ആദിത്യ പറഞ്ഞു. ആദി പറയുന്ന വീട് സ്വന്തം കഠിനാധ്വാനം കൊണ്ട് വാങ്ങിയതാണെന്ന് നിരവധി റിയാലിറ്റി ഷോകളിൽ അദ്ദേഹവുമായി അടുത്ത് പ്രവര്‍ത്തിച്ചിട്ടുള്ള ഹര്‍ഷ് പറഞ്ഞു. ''ഒരു സെലിബ്രിറ്റിയുടെ മകനായിരിക്കുമ്പോൾ അദ്ദേഹത്തിനുള്ള എല്ലാ സൗഭാഗ്യങ്ങളും നേട്ടങ്ങളും മക്കൾക്ക് കൈമാറുമെന്ന് ആളുകൾ പലപ്പോഴും കരുതുന്നതിനാൽ ഇത് പരാമർശിക്കേണ്ടത് പ്രധാനമാണ്.” ഹര്‍ഷ് കൂട്ടിച്ചേര്‍ത്തു.
ആറാം വയസിൽ താൻ സമ്പാദിക്കാൻ തുടങ്ങിയെന്നും ഏഴ് വയസ് മുതൽ നികുതി നൽകിത്തുടങ്ങിയെന്നും ആദിത്യ വെളിപ്പെടുത്തി. ബാലതാരമായിട്ടാണ് ആദിത്യ കരിയര്‍ ആരംഭിച്ചത്. 1998 ൽ പുറത്തിറങ്ങിയ ജബ് പ്യാർ കിസിസെ ഹോത്താ ഹേ എന്ന സിനിമയിൽ സൽമാൻ ഖാന്‍റെ മകനായി അഭിനയിച്ചു, ആ വേഷത്തിന് 3.5 ലക്ഷം രൂപ ലഭിച്ചു. "എന്റെ മാതാപിതാക്കൾ ആ പണം കൊണ്ട് ഒരു മഞ്ഞ സെൻ കാർ വാങ്ങി''ആദിത്യ പറഞ്ഞു.
ആദിത്യ ലിറ്റിൽ വണ്ടേഴ്‌സ് ട്രൂപ്പിലും അംഗമായിരുന്നു, ലോകമെമ്പാടും പ്രകടനം നടത്തുകയും കുട്ടിക്കാലം മുഴുവൻ പണം സമ്പാദിക്കുകയും ചെയ്തു. 18-ാം വയസിൽ 2007 ലെ സാ രീ ഗ മ പ ചലഞ്ചിൽ അവതാരകനായി. ഒരു എപ്പിസോഡിന് 15,000 രൂപയായിരുന്നു പ്രതിഫലം. ആദ്യസീസണിൽ 52 എപ്പിസോഡുകൾ ചിത്രീകരിച്ചതായും തനിക്ക് 8 ലക്ഷം രൂപം ലഭിച്ചതായും അദ്ദേഹം പറഞ്ഞു.രണ്ടാം സീസണായപ്പോൾ ഒരു എപ്പിസോഡിന് 25,000 രൂപയായിരുന്നു പ്രതിഫലം. 2022 വരെ ആദിത്യ ഷോയിൽ സ്ഥിരം സാന്നിധ്യമായിരുന്നു.
Adjust Story Font
16

