Quantcast

അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് തന്നെയെന്ന് കങ്കണ; നല്ല തമാശയെന്ന് നെറ്റിസണ്‍സ്

ഞാന്‍ രാജസ്ഥാനിലോ പശ്ചിമ ബംഗാളിലോ ന്യൂഡല്‍ഹിയിലോ അതോ മണിപ്പൂരിലോ പോയാലും എല്ലായിടത്തുനിന്നും സ്‌നേഹവും ബഹുമാനവും ലഭിക്കാറുണ്ട്

MediaOne Logo

Web Desk

  • Published:

    6 May 2024 12:23 PM IST

Kangana Ranaut
X

കങ്കണ റണൗട്ട്

ഷിംല: പ്രചരണത്തിരക്കിലാണ് നടിയും ഹിമാചല്‍പ്രദേശ് മാണ്ഡിയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയുമായ കങ്കണ റണൗട്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലെ കങ്കണയുടെ പ്രസംഗങ്ങള്‍ പലപ്പോഴും വൈറലാകാറുണ്ട്. ഇപ്പോഴിതാ മുതിര്‍ന്ന നടന്‍ അമിതാഭ് ബച്ചനെ താനുമായി താരതമ്യം ചെയ്തുകൊണ്ടുള്ള കങ്കണയുടെ വാക്കുകള്‍ ചര്‍ച്ചയായിരിക്കുകയാണ്. ബിഗ് ബി കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത് തന്നെയാണെന്നാണ് കങ്കണയുടെ അവകാശവാദം.

''രാജ്യം ഒന്നടങ്കം അമ്പരന്നിരിക്കുകയാണ്. ഞാന്‍ രാജസ്ഥാനിലോ പശ്ചിമ ബംഗാളിലോ ന്യൂഡല്‍ഹിയിലോ അതോ മണിപ്പൂരിലോ പോയാലും എല്ലായിടത്തുനിന്നും സ്‌നേഹവും ബഹുമാനവും ലഭിക്കാറുണ്ട്. അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ബോളിവുഡില്‍ ഏറ്റവും സ്‌നേഹവും ബഹുമാനവും ലഭിക്കുന്നത് എനിക്കാണെന്ന് എനിക്ക് ഉറപ്പിച്ച് പറയാനാകും'' കങ്കണ പറഞ്ഞു. കങ്കണയുടെ വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലാവുകയും ചെയ്തു. തുടര്‍ച്ചയായ ബോക്സോഫീസ് പരാജയങ്ങള്‍ക്കിടയിലും ബോളിവുഡ് ഐക്കണുമായി സ്വയം താരതമ്യപ്പെടുത്തുന്നതിന് കങ്കണയെ നെറ്റിസണ്‍സ് പരിഹസിച്ചു. ''2015ലാണ് കങ്കണയുടെ അവസാന ഹിറ്റ് ചിത്രം വന്നത്. പിന്നീടിറങ്ങിയ 15 ചിത്രങ്ങള്‍ പരാജയപ്പെട്ടു. എന്നിട്ടും നടി അമിതാഭ് ബച്ചനുമായി താരതമ്യപ്പെടുത്തുകയാണ്'' ഒരാള്‍ കുറിച്ചു.

ഏഴാം ഘട്ടത്തില്‍ ജൂണ്‍ 1നാണ് മാണ്ഡിയിലെ വോട്ടെടുപ്പ്. 2019ൽ ബിജെപിയുടെ രാം സ്വരൂപ് ശർമ ഇവിടെ മത്സരിച്ച് ജയിച്ചെങ്കിലും 2021ല്‍ അദ്ദേഹത്തിന്‍റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിഞ്ഞുകിടക്കുകയായിരുന്നു. ആ വർഷം അവസാനം നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ പ്രതിഭാ സിംഗ് സീറ്റ് തിരിച്ചുപിടിച്ചു.

TAGS :

Next Story