'അമ്മയാകണമെന്നുണ്ട്, വിവാഹം വേണ്ടെന്ന തീരുമാനം പുനരാലോചിക്കും'; ഐശ്വര്യ ലക്ഷ്മി
പക്ഷേ ഇന്നും ഒരു വിവാഹ ബന്ധം നിലനില്‍ക്കാന്‍ ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടേണ്ടതുണ്ട് എന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു

ചെന്നൈ: വിവാഹം എന്ന സമ്പ്രദായത്തിൽ തനിക്ക് വിശ്വാസമില്ലെന്ന് നടി ഐശ്വര്യ ലക്ഷ്മി മുൻപ് പറഞ്ഞിരുന്നു. അതേ സമയം ലിവിങ് ടുഗെര്‍ റിലേഷന്‍ഷിപ്പിനോട് എതിര്‍പ്പില്ല എന്നും നടി പറഞ്ഞിരുന്നു. ഇപ്പോഴിതാ ആ തീരുമാനത്തിൽ മാറ്റം വരുത്തണമെന്ന് ആലോചിക്കുന്നതായി ഐശ്വര്യ വ്യക്തമാക്കുന്നു. തന്‍റെ പുതിയ ചിത്രമായ 'ഗാട്ട ഗുസ്തി 2' എന്ന സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി ഗലാട്ട യൂട്യൂബ് ചാനലിൽ മാധ്യമപ്രവർത്തകനായ ഭരദ്വാജ് രംഗന് നൽകിയ അഭിമുഖത്തിലാണ് ഐശ്വര്യ മനസ് തുറന്നത്.
വിവാഹമെന്ന വ്യവസ്ഥയെക്കുറിച്ച് ഇപ്പോഴും സംശയങ്ങളുണ്ടെങ്കിലും ഇപ്പോൾ തന്‍റെ തീരുമാനം പുനഃപരിശോധിക്കുകയാണെന്ന് നടി വ്യക്തമാക്കുന്നു. ഒരു മിഡില്‍ക്ലാസ് ഫാമിലിയില്‍ നിന്നും വരുന്ന ആളാണ് ഞാന്‍, പഠിച്ചതും കരിയര്‍ ബില്‍ഡ് ചെയ്തതും എല്ലാം എന്റെ രക്ഷിതാക്കളുടെയും ഇഷ്ടത്തിന്റെയും താത്പര്യത്തിന്റെയും ഭാഗമായിരുന്നു. അപ്പോള്‍, ഈ വിവാഹം വേണ്ട എന്ന നിലപാടിനോട് അവരുടെ പ്രതികരണം എന്തായിരുന്നു എന്നായിരുന്നു ഭരത്വാജിന്റെ ചോദ്യം. പാരന്റ്‌സ് ആഗ്രഹിക്കുന്നത് പോലെ പലതും ചെയ്തു എന്നതിനൊപ്പം തന്നെ, അവര്‍ ഒരുപാട് എതിര്‍ക്കുന്ന കാര്യങ്ങളും ഞാന്‍ ദിവസേനെ ചെയ്യാറുണ്ട്. അവര്‍ക്ക് തലവേദനയുണ്ടാക്കുന്ന ഓരോ കാര്യങ്ങളും ചെയ്യുന്നത് സ്ഥിരമാണ് എന്നാണ് ഐശ്വര്യ ലക്ഷ്മി പറഞ്ഞത്.
പക്ഷേ ഇന്നും ഒരു വിവാഹ ബന്ധം നിലനില്‍ക്കാന്‍ ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടേണ്ടതുണ്ട് എന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു. പക്ഷേ സത്യസന്ധമായി പറഞ്ഞാല്‍, ഗാട്ട ഗുസ്തി 2 എന്ന സിനിമ ചെയ്യുമ്പോള്‍ ഒരു കുട്ടി വേണം എന്ന ആഗ്രഹം എനിക്കുണ്ടായി. കാരണം ആ സിനിമയില്‍ ഞാന്‍ ഒരു കുട്ടിയുടെ അമ്മയായിട്ടാണ് അഭിനയിക്കുന്നത്. ആ കുട്ടിയുമായുള്ള ബന്ധം ഞാന്‍ ശരിക്കും ആസ്വദിച്ചിരുന്നു. അതുവരെ എനിക്കൊരു കൊച്ചു കുട്ടിയുമായുള്ള ഇന്‍ട്രാക്ഷന്‍ ഇത്രയടുത്ത് ഉണ്ടായിരുന്നില്ല. ഒരു അമ്മയായി അഭിനയിക്കുമ്പോള്‍ എന്നിലൊരു അമ്മയുണ്ട് എന്ന് ഞാന്‍ അറിഞ്ഞു, ഒരു അമ്മയാവണം എന്ന ആഗ്രഹവുമുണ്ടായി.
ആ ഒരു വികാരം എനിക്കുണ്ടായപ്പോള്‍ നേരത്തെ വിവാഹത്തെ കുറിച്ച് ഞാന്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ എല്ലാം ഞാന്‍ വീണ്ടും ചിന്തിച്ചു. എനിക്കങ്ങനെ ഒരു കുഞ്ഞിനെ വേണം എന്നുണ്ടെങ്കില്‍, തീര്‍ച്ചയായും നല്ലൊരു അച്ഛനാവാന്‍ പറ്റിയ പങ്കാളിയെയായിരിക്കണം എനിക്ക് വേണ്ടത്. അങ്ങനെ ഒരു ബന്ധത്തില്‍ നിന്ന് ഓടിപ്പോകാത്ത ഒരാളായിരിക്കണം, അത് നിയമപരമായ വിവാഹ ബന്ധത്തിലൂടെ മാത്രമേ ശക്തിപ്പെടുത്താന്‍ കഴിയൂ.
അത്രയും ശക്തമായ ഒരു പ്രസ്താവനാ ഞാന്‍ എന്റെ ജീവിതത്തില്‍ നേരത്തെ നടത്തിയതിന് ശേഷം വ്യക്തിപരമായി എനിക്ക് ചില മാറ്റങ്ങളും, വിവാഹത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളും മാറിയിട്ടുണ്ട്. ഒരു കുഞ്ഞിന് വേണ്ടി ഒരാളുമായി നിയമപരമായ ബന്ധം തെറ്റല്ല എന്ന തീരുമാനിത്തിലേക്ക് എന്നെ എത്തിച്ചു എന്നതാണ് സത്യമെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ക്കുന്നു.
'' വിവാഹമെന്ന ഇൻസ്റ്റിറ്റ്യൂഷനിൽ വിശ്വസം ഇല്ലാത്ത ആളാണ് ഞാൻ. ഇനി വിവാഹം ചെയ്യേണ്ടി വരുകയാണെങ്കിൽ അങ്ങനെ ഒരാളെ ജീവിതത്തിൽ കൂട്ടണം എന്ന് തോന്നുന്ന സമയത്ത് കല്യാണം കഴിക്കും. അല്ലാത്ത പക്ഷം ഒരു സർട്ടിഫിക്കറ്റ് കൊണ്ട് ഒരാളെ ലൈഫിൽ പങ്കാളിയായി വിളിക്കുന്നതിനോട് തനിക്ക് വിശ്വാസമില്ല. ഇത് ഒരിടത്തും താൻ തുറന്ന് പറഞ്ഞിട്ടില്ല. എന്നാൽ സുഹൃത്തുക്കൾക്ക് ഇക്കാര്യം അറിയാം തനിക്ക് വിവാഹം കഴിക്കാൻ താൽപര്യമില്ല എന്നുള്ളത്. അതുപോലെ അച്ഛനും അമ്മയ്ക്കും നല്ലത് പോലെ അറിയാമെന്നുമാണ് ഐശ്വര്യ മുൻപ് പറഞ്ഞത്.
Adjust Story Font
16

