ആരാധകരുടെ തിക്കിത്തിരക്കിനിടെ കാലിന് പരിക്കേറ്റു; നടൻ അജിത് ആശുപത്രിയിൽ
ആൾക്കൂട്ടത്തെ നിയന്ത്രിക്കാനും സാധിച്ചില്ല

ചെന്നൈ: കാലിന് പരിക്കേറ്റതിനെ തുടർന്ന് നടൻ അജിത് കുമാറിനെ ബുധനാഴ്ച ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ചെന്നൈ വിമാനത്താവളത്തിൽ ആരാധകരുടെ തിക്കിത്തിരക്കിനിടയിൽ പെട്ട് താരത്തിന്‍റെ കാലിന് ചെറിയ പരിക്കേറ്റിരുന്നുവെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
"ചെന്നൈ വിമാനത്താവളത്തിൽ ഒരു വലിയ ജനക്കൂട്ടം അജിതിനെ വളയുന്നതിനിടെ അദ്ദേഹത്തിന്‍റെ കാലിന് പരിക്കേറ്റു. ഫിസിയോതെറാപ്പിക്ക് വേണ്ടി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടനെ ഇന്ന് വൈകുന്നേരം ഡിസ്ചാർജ് ചെയ്യാൻ സാധ്യതയുണ്ട്. അദ്ദേഹത്തിന്‍റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ല'' താരവുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ചൊവ്വാഴ്ച പത്മഭൂഷൺ സ്വീകരിച്ച ശേഷം ഡൽഹിയിൽ നിന്നും ചെന്നൈയിലേക്ക് മടങ്ങിയെത്തിയപ്പോൾ അദ്ദേഹത്തിന്‍റെ വരവ് കാത്ത് ആരാധകരുടെ ഒരു കൂട്ടം വിമാനത്താവളത്തിൽ തടിച്ചുകൂടിയിരുന്നുവെന്ന് തന്തി ടിവി റിപ്പോര്‍ട്ട് ചെയ്തു. ആൾക്കൂട്ടത്തെ നിയന്ത്രിക്കാനും സാധിച്ചില്ല.
തിങ്കളാഴ്ച രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് അജിത് പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി. ഭാര്യ ശാലിനിയും മക്കളും ഈ അഭിമാന നിമിഷത്തിന് സാക്ഷിയാകാൻ താരത്തിനൊപ്പമുണ്ടായിരുന്നു. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ, തന്‍റെ വിജയത്തിന് ഭാര്യ ശാലിനി അജിത്തിനെയാണ് താരം പ്രശംസിച്ചത്. “എന്റെ കുടുംബത്തിന്റെ പിന്തുണയ്ക്ക് ഞാൻ നന്ദിയുള്ളവനാണ്. ശാലിനി വളരെയധികം ത്യാഗങ്ങൾ ചെയ്തു. അവർ എന്‍റെ നെടുംതൂണായിരുന്നു. ലോകത്തോട് ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്. ചില വലിയ പ്രയാസകരമായ സമയങ്ങളിൽ എന്നോടൊപ്പം ഉണ്ടായിരുന്ന എല്ലാവരും. നല്ല ദിവസങ്ങളിലും മോശം ദിവസങ്ങളിലും എനിക്ക് നിരുപാധികമായ സ്നേഹം നൽകിയ എന്റെ ആരാധകരും എൻ്റെ കൂടെ നിന്നു. ഇത് ഇങ്ങനെ തന്നെ തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” അജിത് പറഞ്ഞു.
Adjust Story Font
16

