'ചതിക്കപ്പെട്ടത് ഞാനാണ്, രാധ സ്വര്‍ണം തട്ടിയെടുത്തു, സ്വത്ത് കൈക്കലാക്കാനും ശ്രമം'; മാധ്യമങ്ങൾക്ക് മുന്നിൽ വിതുമ്പി അംബിക
സ്വന്തം മുറിയിൽ അനാധികൃതമായി കടന്നുകയറി ഒപ്പിട്ട ചെക്കുകൾ മോഷ്ടിച്ചെന്ന നടി രാധയുടെ പരാതിയിലെ ആരോപണങ്ങൾ അംബിക പൂർണമായും നിഷേധിച്ചു

ചെന്നൈ: ചെക്കുകൾ മോഷ്ടിച്ച് 46 കോടി തട്ടിയെടുക്കാൻ ശ്രമിച്ചെന്ന സഹോദരി രാധയുടെ ആരോപണത്തിൽ നടി അംബിക രംഗത്ത്. പരാതിയിൽ കഴമ്പില്ലെന്നും കുടുംബകാര്യം പൊലീസിലെത്തിയതിൽ ദുഃഖമുണ്ടെന്നും നടി ചെന്നൈയിൽ മാധ്യമങ്ങളോട് പറഞ്ഞു.
സ്വന്തം മുറിയിൽ അനാധികൃതമായി കടന്നുകയറി ഒപ്പിട്ട ചെക്കുകൾ മോഷ്ടിച്ചെന്ന നടി രാധയുടെ പരാതിയിലെ ആരോപണങ്ങൾ അംബിക പൂർണമായും നിഷേധിച്ചു. തന്‍റെ വ്യക്തിഗത വസ്തുക്കളും നമ്പർ ലോക്കുള്ള ബാഗുകളും വളരെ സൂക്ഷ്മതയോടെ മാത്രം കൈകാര്യം ചെയ്യുന്ന ആളാണ് രാധയെന്നും അതുകൊണ്ടുതന്നെ അവിടെനിന്ന് മോഷണം നടക്കുക എന്നത് അസാധ്യമാണെന്നും അംബിക പറഞ്ഞു.
"എന്‍റെ ചെറുപ്പകാലത്ത് സഹോദരങ്ങൾക്കായി ഞാൻ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അധ്വാനിച്ചതാണ്. ഒരു മുറിയിൽ കയറി ചെക്ക് മോഷ്ടിച്ചു എന്ന് ആരോപിക്കുന്നത് തികച്ചും അസംബന്ധവും വേദനാജനകവുമാണ്. സ്വന്തം സാധനങ്ങൾ ഇത്രയും സൂക്ഷ്മതയോടെ സൂക്ഷിക്കുന്ന ഒരാളുടെ അടുക്കൽ നിന്ന് ഇത് എങ്ങനെ സാധ്യമാകും?" അംബിക ചോദിച്ചു. എആർഎസ് പ്രോപ്പർട്ടി ഓഹരികളും സ്വർണവുമായി ബന്ധപ്പെട്ട ഔദ്യോഗിക സാമ്പത്തിക ഒത്തുതീർപ്പിന്റെ ഭാഗമായി രാധയുടെ മാനേജരാണ് അഞ്ച് ഒപ്പിട്ട ചെക്കുകൾ തനിക്ക് കൈമാറിയതെന്നും അംബിക വ്യക്തമാക്കി.
എം.ജി.ആറിന്‍റെ അനുഗ്രഹത്തോടെ എന്‍റെ കഠിനാധ്വാനത്തിന്റെ സമ്പാദ്യം കൊണ്ട് നിർമ്മിച്ചതാണ് എആർഎസ് ഗാർഡൻസ്. അതിന്റെ പേര് മായിച്ചുകളയുന്നതും എനിക്ക് അർഹതപ്പെട്ട ഓഹരികൾ നിഷേധിക്കുന്നതും കണ്ടപ്പോഴാണ് നിയമനടപടികളിലേക്ക് കടക്കേണ്ടി വന്നത്. കുടുംബത്തിനുള്ളിൽ തന്നെ ഇത് പരിഹരിക്കാൻ ഞങ്ങൾ പരമാവധി ശ്രമിച്ചിരുന്നു. നിലവിൽ വിഷയം കോടതിയുടെ പരിഗണനയിലുള്ളതിനാൽ, നിയമത്തെ ബഹുമാനിച്ചുകൊണ്ട് കൂടുതൽ പരസ്യ പ്രതികരണങ്ങൾക്കില്ല," എന്നും അംബിക കൂട്ടിച്ചേർത്തു.
അംബികയും സഹോദരൻ മല്ലികാർജുന കുഞ്ഞൻ നായരും ചേര്‍ന്ന് 46 കോടിയോളം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നാണ് രാധയുടെ പരാതി. ഗ്രേറ്റർ ചെന്നൈ പൊലീസ് കമ്മീഷണര്‍ ഓഫീസിൽ നേരിട്ടെത്തിയാണ് രാധ പരാതി നൽകിയത്.
തന്‍റെ വസതിയിൽ സൂക്ഷിച്ചിരുന്ന ഒപ്പിട്ട ബ്ലാങ്ക് ചെക്കുകൾ കൈവശപ്പെടുത്തിയെന്നും പിന്നീട് തന്‍റെ അറിവില്ലാതെ ഉപയോഗിച്ചെന്നും പരാതിയിൽ ആരോപിക്കുന്നു. അംബികയുടെ പേരിൽ ചെക്കുകൾ ഹാജരാക്കിയതായും പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്നുമാണ് ആരോപണം. രാധയുടെ പരാതി പ്രകാരം, തന്‍റെ ബിസിനസിനായി അവർ ഒരു കറന്‍റ് അക്കൗണ്ട് നിലനിർത്തിയിരുന്നു. മുൻപ് എആർഎസ് ഗാർഡൻ സ്റ്റുഡിയോ എന്ന പേരിലാണ് ഈ ബിസിനസ് പ്രവർത്തിച്ചിരുന്നത്. യാത്രകളിലായിരിക്കുമ്പോൾ ശമ്പളം, യൂട്ടിലിറ്റി ബില്ലുകൾ, നികുതികൾ, ഗാർഡൻ പരിപാലനം എന്നിവയുൾപ്പെടെയുള്ള പതിവ് ചെലവുകൾ നടത്തുന്നതിനായി കുറച്ച് ഒപ്പിട്ട ബ്ലാങ്ക് ചെക്കുകൾ താൻ വസതിയിൽ സൂക്ഷിച്ചിരുന്നതായി അവർ പറയുന്നു.
Adjust Story Font
16

