'അന്യായം'; ബിൽകീസ് ബാനു കേസ് പ്രതികളുടെ മോചനത്തിനെതിരെ നടി അനസൂയ ഭരദ്വാജ്
ട്വീറ്റിന് പിന്നാലെ അനസൂയയ്‌ക്കെതിരെ സൈബർ ആക്രമണങ്ങളുണ്ടായി

ഹൈദരാബാദ്: ബിൽകീസ് ബാനു കേസിലെ പ്രതികളെ മോചിപ്പിച്ച ഗുജറാത്ത് സർക്കാർ നടപടിക്കെതിരെ തെലുങ്ക് നടി അനസൂയ ഭരദ്വാജ്. ഇതുമായി ബന്ധപ്പെട്ട് തെലങ്കാന ഐടി വകുപ്പു മന്ത്രി കെ.ടി രാമറാവുവിന്റെ ട്വീറ്റ് പങ്കുവച്ചാണ് ഇവർ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്. ട്വീറ്റിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നും നടി പിന്നീട് വിശദീകരിച്ചു.
'അന്യായം. നമ്മൾ സ്വാതന്ത്ര്യത്തെ പുനർനിർവചിക്കേണ്ടതുണ്ട് എന്നു തോന്നുന്നു. ബലാത്സംഗികളെ തുറന്നു വിടാൻ അനുവദിക്കുകയും സ്ത്രീകളെ വാതിലടച്ച് ഇരുത്താനുമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് എങ്കിൽ... അങ്ങനെയാകട്ടെ!' എന്നായിരുന്നു നടിയുടെ ട്വീറ്റ്. ബിൽകീസ് ബാനു കേസിലെ പ്രതികളെ പൂമാലയിട്ടു സ്വീകരിച്ചതിനെ വിമർശിച്ച രാമറാവുവിന്റെ ട്വീറ്റാണ് ഇവർ പങ്കുവച്ചത്. രാജ്യത്തിന്റെ മനസ്സാക്ഷിക്കു മേൽ ഏറ്റ കളങ്കം, ബലാത്സംഗികളെ സ്വാതന്ത്ര്യസമര സേനാനികളെ പോലെ ആദരിക്കുന്നു, ബിൽകീസ് ബാനു കേസിൽ ഇന്ന് സംഭവിച്ചത് നാളെ ആർക്കും സംഭവിക്കാം എന്നാണ് രാമറാവു ചിത്രം പങ്കുവച്ച് ട്വിറ്ററിൽ കുറിച്ചത്.
ട്വീറ്റിന് പിന്നാലെ അനസൂയയ്‌ക്കെതിരെ സൈബർ ആക്രമണങ്ങളുണ്ടായി. ഇതോടെയായിരുന്നു നടിയുടെ വിശദീകരണം. 'രാഷ്ട്രീയ ട്വീറ്റുകൾ പങ്കുവയ്ക്കാതിരിക്കുന്നതാകും നല്ലത്, നിങ്ങൾ ഒരു കലാകാരിയാണ് എന്ന് ആദ്യം അംഗീകരിക്കണം' എന്ന രാജേഷ് സുപ്പഗ എന്നയാളുടെ ട്വീറ്റ് പങ്കുവച്ച്, 'ഞാനാദ്യം മനുഷ്യനാണ്. പിന്നീടാണ് സ്ത്രീ... എന്നിട്ടാണ് എല്ലാം' എന്നാണ് നടി മറുപടി നൽകിയത്.
'ക്രിമിനലുകളെ മോചിപ്പിക്കുന്നതിനെതിരെ ട്വീറ്റ് ചെയ്യുന്നത് എങ്ങനെയാണ് രാഷ്ട്രീയമാകുക. നിങ്ങൾ രാഷ്ട്രീയക്കാരനാണ് എങ്കിൽ ക്ഷമിക്കണം. രാജ്യത്ത് അതിക്രമങ്ങൾക്കെതിരെ, പ്രത്യേകിച്ചും സ്ത്രീകൾക്കെതിരെ നടക്കുന്ന ക്രൂരതകൾക്കെതിരെ പ്രതികരിക്കേണ്ടത് രാഷ്ട്രീയക്കാരന്റെ മാത്രം ഉത്തരവാദിത്വമാണോ?' - അവർ ചോദിച്ചു.
ടെലിവിഷൻ അവതരാകയായിരുന്ന അനസൂയ 2003ൽ നാഗ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറിയത്. മമ്മൂട്ടി നായകനായ ഭീഷ്മവർവ്വത്തിൽ ആലീസായി വേഷമിട്ടത് ഇവരായിരുന്നു. അല്ലു അർജുന്റെ പുഷ്പ ദ റൈസിലും അഭിനയിച്ചിട്ടുണ്ട്. പുഷ്പയുടെ രണ്ടാം ഭാഗത്തിലും ഇവർക്ക് റോളുണ്ട്.
ബില്‍കീസ് ബാനു കേസ്
2002 ലെ ഗുജറാത്ത് വംശഹത്യയിൽ രാജ്യശ്രദ്ധനേടിയ കേസുകളിലൊന്നായിരുന്നു ബിൽകീസ് ബാനു കേസ്. ഗർഭിണിയായ 21 കാരി ബിൽകീസ് ബാനുവിനെ കുടുംബാംഗങ്ങൾക്ക് മുന്നിലിട്ട് കൂട്ടബലാത്സംഗം ചെയ്യുകയും ഏഴ് കുടുംബാംഗങ്ങളെ നിഷ്‌കരുണം കൊലപ്പെടുത്തുകയുമായിരുന്നു. കൊല്ലപ്പെട്ടവരിൽ ബൽകീസ് ബാനുവിന്റെ പിഞ്ചുകുഞ്ഞും ഉണ്ടായിരുന്നു. അഞ്ചുമാസം ഗർഭിണിയായിരുന്ന ബിൽകീസ് ബാനു മരിച്ചു എന്നു കരുതിയാണ് അക്രമി സംഘം സ്ഥലം വിട്ടത്. കേസിൽ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ച പ്രതികളെയാണ് ഗുജറാത്ത് സർക്കാർ വെറുതെ വിട്ടത്.
സുപ്രിം കോടതി ഇടപെടലിനെ തുടർന്ന് സി.ബി.ഐ അന്വേഷിച്ച കേസാണിത്. 2008 ൽ മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് 11 പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. തെളിവുകളുടെ അഭാവം ചൂണ്ടികാണിച്ച് ഏഴു പ്രതികളെ വെറുതെ വിട്ടു. പിന്നീട്, ബോംബെ ഹൈക്കോടതി 11 പേരുടെ ശിക്ഷ ശരിവെക്കുകയും ഏഴു പേരെ വെറുതെ വിട്ട നടപടി റദ്ദാക്കുകയും ചെയ്തു.
Adjust Story Font
16

