'ഭാര്യയിൽ നിന്നും പോക്കറ്റ് മണി വാങ്ങിയാണ് ഷൂട്ടിങ്ങിന് പോകാറുള്ളത്, എന്‍റെ വീട്ടിൽ ആരും എന്‍റെ ആരാധകരല്ല'; അനിൽ കപൂര്‍
സുബേദാറിന്‍റെ ട്രെയിലര്‍ ലോഞ്ചിനിടെ കുടുംബത്തെക്കുറിച്ച് അനിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്

- Published:
25 Feb 2026 11:56 AM IST

മുംബൈ: ബോളിവുഡിലെ നിത്യഹരിത നായകനാണ് അനിൽ കപൂര്‍. നാല് പതിറ്റാണ്ടിലേറെയായി സിനിമാരംഗത്ത് സജീവമായി നിൽക്കുന്ന താരം 60കളിലും തന്‍റെ ചുറുചുറുക്കും വ്യത്യസ്തമായ ഗെറ്റപ്പ് കൊണ്ടും പ്രേക്ഷകരെ അത്ഭുതപ്പെടുത്താറുണ്ട്. ഇപ്പോഴിതാ പുതിയ ചിത്രമായ സുബേദാറിലൂടെ പ്രേക്ഷകരെ വീണ്ടും രസിപ്പിക്കാനൊരുങ്ങുകയാണ് താരം. സുബേദാറിന്‍റെ ട്രെയിലര്‍ ലോഞ്ചിനിടെ കുടുംബത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
വലിയൊരു ആരാധകവൃന്ദമുണ്ടെങ്കിലും തന്‍റെ വീട്ടിൽ ആരും തന്‍റെ ആരാധകരല്ലെന്നും ഭാര്യയിൽ നിന്ന് ഇപ്പോഴും പോക്കറ്റ് മണി വാങ്ങാറുണ്ടെന്നുമായിരുന്നു അനിൽ കപൂര്‍ പറഞ്ഞത്. തന്‍റെ വിജയത്തിൽ ഭാര്യ സുനിത കപൂര്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് താരം പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. ട്രെയിലര്‍ ലോഞ്ചിനിടെയും അത് ആവര്‍ത്തിച്ചു. ''എന്‍റെ വീട്ടിൽ ആരും എന്‍റെ ആരാധകരല്ല, ഇന്ന് ഞാൻ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ, ഒരു ട്രെയിലർ ലോഞ്ചിന് പോകുകയാണെന്ന് ഭാര്യയോട് പറഞ്ഞു. ഏത് സിനിമയെന്നായിരുന്നു അവളുടെ മറുചോദ്യം. എന്‍റെ പ്രൊഫഷണൽ ജീവിതത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് അവൾക്ക് ഒരു ധാരണയുമില്ല - ഞാൻ അത്തരമൊരു കുടുംബത്തിൽ നിന്നാണ് വരുന്നത്. അവർ എന്നോട് എപ്പോഴും ഒരേ രീതിയിൽ പെരുമാറുന്നു. ചിലപ്പോൾ ഷൂട്ടിങ്ങിന് പോകുന്നതിനുമുമ്പ് 10000 രൂപയോ 15000 രൂപയോ ഞാൻ പോക്കറ്റ് മണിയായി ചോദിച്ചുവാങ്ങാറുണ്ട്'' കപൂര്‍ പറഞ്ഞു.
തന്‍റെ കരിയറിന് വേണ്ടി സുനിത ഒരുപാട് ത്യാഗങ്ങൾ സഹിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്‍റെ ഭാര്യയോടുള്ള ബന്ധം മക്കളോടില്ല. തീര്‍ച്ചയായും റിയയും സോനവും ഞാനും സുഹൃത്തുക്കളെപ്പോലെയാണ്. എന്‍റെ ഭാര്യയോടുള്ള സ്നേഹം, ജോലിയോടുള്ള സ്നേഹം, രാജ്യത്തോടുള്ള സ്നേഹം എല്ലാം വലുതാണ്. ഞാൻ എന്‍റെ രാജ്യത്തെ സ്നേഹിക്കുന്നു, ജോലിയെ സ്നേഹിക്കുന്നു'' അനിൽ കപൂര്‍ വിശദീകരിക്കുന്നു.
1984 മേയ് 19നാണ് അനിലും സുനിതയും വിവാഹിതരാകുന്നത്. നടി സോനും കപൂറാണ് ദമ്പതികളുടെ മൂത്ത മകൾ. സവാരിയ എന്ന ചിത്രത്തിലൂടെ രൺബീര്‍ കപൂറിനൊപ്പമാണ് സോനം അരങ്ങേറ്റം കുറിച്ചത്.
സുരേഷ് ത്രിവേണിയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന സുബേദാര്‍ അടുത്ത മാസം 5നാണ് പുറത്തിറങ്ങുന്നത്. അനിൽ കപൂറാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാധിക മദൻ, സൗരഭ് ശുക്ല, ആദിത്യ റാവൽ, മോന സിംഗ്, ഫൈസൽ മാലിക് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Adjust Story Font
16
