Quantcast

'നട്ടെല്ലുള്ള മനുഷ്യന്‍': ഷാരൂഖ് നിശബ്ദനായിരുന്നിട്ട് സിനിമയിലൂടെ സംസാരിച്ചെന്ന് അനുരാഗ് കശ്യപ്

'പലതും സംഭവിച്ചിട്ടും ഷാരൂഖ് നിശബ്ദനായിരുന്നു. എന്നാല്‍ സ്ഥിരതയോടെ സത്യസന്ധതയോടെ അദ്ദേഹം സ്‌ക്രീനിൽ സംസാരിച്ചു'

MediaOne Logo

Web Desk

  • Updated:

    2023-01-30 03:56:08.0

Published:

30 Jan 2023 3:53 AM GMT

Anurag Kashyap about Shah Rukh Khan and Pathaan
X

അനുരാഗ് കശ്യപ്, ഷാരൂഖ് ഖാന്‍

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാനെ പ്രശംസിച്ച് സംവിധായകന്‍ അനുരാഗ് കശ്യപ്. ഏറ്റവും ശക്തമായ നട്ടെല്ലുള്ള മനുഷ്യൻ എന്നാണ് അനുരാഗ് കശ്യപ് ഷാരൂഖിനെ വിശേഷിപ്പിച്ചത്. പഠാന്‍ സിനിമയ്ക്കെതിരെയും വ്യക്തിപരമായും നേരിടേണ്ടിവന്ന ആക്രമണങ്ങള്‍ക്ക് ഷാരൂഖ് സ്ക്രീനിലൂടെ മറുപടി നല്‍കിയെന്നാണ് അനുരാഗ് കശ്യപ് പറഞ്ഞത്. മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അനുരാഗ് കശ്യപിന്‍റെ പ്രതികരണം.

"പ്രേക്ഷകര്‍ തിയറ്ററുകളിലേക്ക് മടങ്ങിവരുന്നു. അതിലുപരി പ്രേക്ഷകര്‍ സിനിമകളിലേക്ക് തിരിച്ചെത്തി ഡാന്‍സ് കളിക്കുന്നു. ആ ഉന്മേഷം മനോഹരമാണ്. ഈ ആനന്ദം കുറച്ചുകാലമായി ഇല്ലായിരുന്നു. ഇത് ഒരു സാമൂഹ്യ - രാഷ്ട്രീയ ഉന്മേഷം കൂടിയാണ്. അത് ഒരു പ്രസ്താവന നടത്തുന്നത് പോലെയാണ്"- എന്നാണ് അനുരാഗ് കശ്യപ് പറഞ്ഞത്.

ശക്തമായ നട്ടെല്ലുള്ള മനുഷ്യനാണ് ഷാരൂഖ് ഖാനെന്നും അനുരാഗ് കശ്യപ് പറഞ്ഞു- "ഇതെല്ലാം സംഭവിച്ചിട്ടും ഷാരൂഖ് നിശബ്ദനായിരുന്നു. എന്നാല്‍ സ്ഥിരതയോടെ, സത്യസന്ധതയോടെ അദ്ദേഹം സ്‌ക്രീനിൽ സംസാരിച്ചു. അത് മനോഹരമാണ്. അദ്ദേഹം സ്‌ക്രീനിൽ ഉറക്കെ സംസാരിച്ചു. അദ്ദേഹം എന്താണ് നമ്മളെ പഠിപ്പിക്കുന്നതെന്ന് എനിക്ക് മനസ്സിലായി. സ്വന്തം ജോലിയിലൂടെ സംസാരിക്കൂ, അല്ലാതെ അനാവശ്യമായി സംസാരിക്കേണ്ടെന്ന് അദ്ദേഹം പഠിപ്പിക്കുന്നു. അദ്ദേഹം ആരാണെന്നും എന്താണെന്നും ഇപ്പോള്‍ കാണാന്‍ കഴിയും".

സംഘപരിവാറിന്‍റെ ബഹിഷ്കരണാഹ്വാനത്തിനിടെ തിയറ്ററുകളിലെത്തിയ പഠാന്‍ ബോക്സ്ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. നാല് ദിവസം കൊണ്ട് 429 കോടി രൂപയാണ് പഠാന്‍റെ കളക്ഷന്‍. സിനിമയിലെ ബെഷറം രംഗ് എന്ന് തുടങ്ങുന്ന ഗാനരംഗത്തിലെ ദീപിക പദുകോണിന്റെ വസ്ത്രധാരണം ചൂണ്ടിക്കാട്ടിയാണ് സംഘപരിവാര്‍ സംഘടനകള്‍ പരസ്യ ഭീഷണി മുഴക്കിയത്. ദീപികയുടെ കാവി ബിക്കിനി ഹിന്ദുമത വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തി എന്നായിരുന്നു പരാതി. എന്നാല്‍ ബഹിഷ്കരണാഹ്വാനത്തിന് ഇടയിലും തിയറ്ററുകള്‍ നിറഞ്ഞുകവിഞ്ഞു.

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ബിഗ് സ്ക്രീനില്‍ തിരിച്ചെത്തിയ സിനിമയാണ് പഠാന്‍. ഷാരൂഖ് ഖാനും ദീപിക പദുക്കോണിനുമൊപ്പം ജോൺ എബ്രഹാമും മുഖ്യവേഷത്തിലെത്തി. സിദ്ധാർഥ് ആനന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണിത്. യഷ് രാജ് ഫിലിംസാണ് നിർമാണം.

Summary- Anurag Kashyap praised Shah Rukh Khan the man with the strongest spine. He said that the actor kept quiet through everything but spoke with his work in Pathaan.

TAGS :

Next Story