കയ്യിലുള്ളത് മകൾ അവസാനം ധരിച്ച വാച്ച്, ചെരുപ്പിടില്ലെന്ന ശപഥം; വിജയ് ആന്റണിയുടെ തീരുമാനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഭാര്യ
അപ്പ കുട്ടി ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങിൽ വിജയ് ആന്റണിയുടെ ഭാര്യ ഫാത്തിമ വിജയ് ആന്റണിയുടെ വൈകാരിക വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്

എം.യു മാരന്റെ രചനയിലും സംവിധാനത്തിലും ഒരുങ്ങുന്ന തമിഴ് ചിത്രമാണ് അപ്പ കുട്ടി. നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. അച്ഛന്റേയും മകളുടേയും വൈഗാരിക നിമിഷങ്ങൾ പങ്കുവെയ്ക്കുന്ന ചിത്രമാണിത്.
ചിത്രത്തിന്റെ പ്രീറിലീസ് ചടങ്ങിൽ വിജയ് ആന്റണിയുടെ ഭാര്യ ഫാത്തിമ വിജയ് ആന്റണിയുടെ വൈകാരിക വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്. കണ്ടിരിക്കുന്ന ഏവരുടേയും മനസ്സലിയിപ്പിക്കുന്ന രംഗമായിരുന്നു അത്. വിജയ് ആന്റണി ചെരുപ്പ് ധരിക്കാത്തതിന്റെയും വിലകൂടിയ വാച്ചുകൾ ഉപേക്ഷിച്ചതിന്റേയും മകൾ മീരയോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത സ്നേഹത്തെക്കുറിച്ചെല്ലാമായിരുന്നു അവർ വേദിയിൽ പങ്കുവെച്ചത്.
'മീര കോളജിൽ പോകാൻ തയാറെടുക്കുമ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വാങ്ങിനൽകിയ നിരവധി ജോഡി ചെരുപ്പുകൾ വീട്ടിൽ ഉണ്ടായിരുന്നു. യുഎസ്, ലണ്ടൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നൊക്കെ മകൾക്കായി വാങ്ങിയ ആ ചെരുപ്പുകൾ തൊടാതെ അതുപോലെ കിടക്കുന്നത് തങ്ങളുടെ വലിയൊരു നഷ്ടത്തിന്റെ വേദന എപ്പോഴും ഓർമിപ്പിക്കുന്ന ഒന്നാണ്.
ആ ചെരുപ്പുകളിലേക്ക് നോക്കി ഇനി ചെരുപ്പ് ധരിക്കില്ലെന്ന് അദ്ദേഹം ശപഥം ചെയ്യുകയായിരുന്നു. റാഡോ, റോളക്സ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ വിലകൂടിയ വാച്ചുകളുടെ വലിയൊരു ശേഖരം തന്നെ വിജയ് ആന്റണിക്കുണ്ടായിരുന്നു. എന്നാൽ മകളുടെ വിയോഗത്തിന് ശേഷം അവയെല്ലാം അദ്ദേഹം പൂർണമായും ഉപേക്ഷിച്ചു. പകരം, മീര മരിക്കുന്ന സമയത്ത് ധരിച്ചിരുന്ന വാച്ചാണ് അദ്ദേഹം ഇപ്പോൾ ഉപയോഗിക്കുന്നത്' -ഫാത്തിമ വിജയ് പറയുന്നു. 2023ലായിരുന്നു വിജയ് ആന്റണിയുടെ മൂത്ത മകൾ 16കാരിയായ മീര ജീവനൊടുക്കിയത്. കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും സ്വന്തം അച്ഛനെ ഓർത്തുപോകുമെന്നും, അദ്ദേഹത്തെ വിളിക്കാൻ തോന്നുംവിധമുള്ള വൈകാരിക മുഹൂർത്തങ്ങൾ ചിത്രത്തിലുണ്ടെന്ന് വിജയ് ആന്റണിയും പറയുന്നു.
ചിത്രം 20ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് വിജയ് ആന്റണി തന്നെയാണ്. പ്രീതി അസ്രാണി, ബേബി ലിഥന്യ, ഭഗവതി പെരുമാൾ തുടങ്ങി നിരവധി പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും ഇതിനോടകം തന്നെ യൂട്യൂബിൽ വലിയ തരംഗം സൃഷ്ടിച്ചുകഴിഞ്ഞിട്ടുണ്ട്.
Adjust Story Font
16

