Quantcast

ഫോണോ ടിവിയോ നൽകിയിട്ടില്ല; 7 വയസുകാരി മകൾ 12 ഭാഷകൾ സംസാരിക്കുമെന്ന് അസിന്‍റെ ഭർത്താവ് രാഹുൽ ശർമ

മൈഗവ് ഇന്ത്യയോട് സംസാരിക്കുന്നതിനിടെയായിരുന്നു രാഹുലിന്‍റെ തുറന്നുപറച്ചിൽ

MediaOne Logo

Web Desk

  • Published:

    26 Oct 2026 2:41 PM IST

ഫോണോ ടിവിയോ നൽകിയിട്ടില്ല; 7 വയസുകാരി മകൾ 12 ഭാഷകൾ സംസാരിക്കുമെന്ന് അസിന്‍റെ ഭർത്താവ് രാഹുൽ ശർമ
X

മുംബൈ: മലയാളത്തിൽ അരങ്ങേറ്റം കുറിച്ചും തെന്നിന്ത്യയും കടന്ന് ബോളിവുഡിൽ തിളങ്ങിയ അഭിനേത്രിയാണ് അസിൻ. അഭിനയിച്ച ഭൂരിഭാഗം ചിത്രങ്ങളും സൂപ്പര്‍ഹിറ്റ്, സൂര്യ, വിജയ്, ആമിര്‍ഖാൻ ഉൾപ്പെടെയുള്ള താരങ്ങളുടെ നായികയായിട്ടുള്ള അസിൻ എന്ന കൊച്ചിക്കാരി കരിയറിന്‍റെ ഉന്നതിയിൽ നിൽക്കുമ്പോഴാണ് സിനിമ വിടുന്നത്. മൈക്രോമാക്സ് ഇൻഫോർമാറ്റിക്സിന്‍റെ സഹസ്ഥാപകനായ രാഹുൽ ശർമയെ വിവാഹം കഴിച്ച ശേഷം കുടുംബ ജീവിതം നയിക്കുകയാണ് നടി ഇപ്പോൾ. അടുത്തിടെ മൊബൈൽ ഫോണും ടിവിയും നൽകാതെയാണ് മകൾ അരിൻ റെയ്ൻ ശര്‍മയെ തങ്ങൾ വളര്‍ത്തിയതെന്ന് രാഹുൽ പറഞ്ഞിരുന്നു.

മൈഗവ് ഇന്ത്യയോട് സംസാരിക്കുന്നതിനിടെയായിരുന്നു രാഹുലിന്‍റെ തുറന്നുപറച്ചിൽ. അസിൻ എന്ന അമ്മയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ''ഞങ്ങൾക്ക് സുന്ദരിയായ ഒരു മകളുണ്ട്. അവൾക്കിപ്പോൾ ഏഴ് വയസാണ്. കൊറിയൻ, ജാപ്പനീസ്, തായ്, ചൈനീസ് ഉൾപ്പെടെ 12 ഭാഷകൾ സംസാരിക്കാനും മനസിലാക്കാനും അവൾക്ക് കഴിയും. രണ്ട് ഭാഷകൾ പോലും സംസാരിക്കാൻ എനിക്ക് ബുദ്ധിമുട്ടാണ്. ഇംഗ്ലീഷും ഹിന്ദിയുമല്ലാതെ മറ്റ് ഭാഷകളൊന്നും ഞങ്ങൾക്കറിയില്ല'' രാഹുൽ വിശദമാക്കുന്നു.

വീട്ടിൽ ടെലിവിഷൻ ഇല്ലാത്തതും കൊണ്ടും മൊബൈൽ ഫോൺ നൽകാത്തതുകൊണ്ടുമാണ് അരിന് ഭാഷകളോട് താൽപര്യം തോന്നിയതെന്ന് രാഹുൽ പറയുന്നു. ''ഞങ്ങളുടെ വീട്ടിൽ പുസ്തകങ്ങൾ മാത്രമേയുള്ളൂ. അവളുടെ സ്കൂളിലുള്ളതിനെക്കാൾ പുസ്തകങ്ങൾ. അവൾ ഇപ്പോൾ രണ്ടാം ക്ലാസിലാണ്. പക്ഷെ 8,9 ക്ലാസുകളിലെ പുസ്തകങ്ങൾ പോലും ഇവിടെയുണ്ട്. അരിനെ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷക്കിരുത്തൂ എന്ന് ഞാൻ തമാശയായി പറയാറുണ്ട്. ഇതിനെല്ലാം കാരണം അസിനാണ്'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അസിനെ വിവാഹം കഴിച്ചതാണ് തന്‍റെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് രാഹുൽ പറയുന്നു. തന്‍റെ പിന്നിലുള്ള ഒരിക്കലും കുലുങ്ങാത്ത പാറയെന്നാണ് അസിനെ രാഹുൽ വിശേഷിപ്പിച്ചത്. പ്രതിസന്ധികളിൽ തനിക്കൊപ്പം നിൽക്കുകയും മുന്നോട്ട് നടക്കാൻ പ്രോത്സാഹനം നൽകുന്നതും അസിനാണ്. അസിൻ എപ്പോഴും തന്നിൽ വിശ്വസിച്ചിരുന്നുവെന്നും ജീവിതത്തിൽ അവളെ സ്വന്തമാക്കിയത് കാര്യങ്ങൾ എളുപ്പമാക്കിയെന്നും രാഹുൽ പറഞ്ഞു.

നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന ചിത്രത്തിലൂടെയാണ് അസിൻ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. എം കുമരൻ സൺ ഓഫ് മഹാലക്ഷ്മിയാണ് തമിഴിൽ അസിന്‍റെ കരിയര്‍ തിരുത്തിക്കുറിച്ചത്. പിന്നീട് അഭിനയിച്ച ഗജിനി, ശിവകാശി, പോക്കിരി, ദശാവതാരം തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിലെ മുൻനിര നായികയായി മാറി. ഗജിനിയുടെ ഹിന്ദി റീമേക്കിലൂടെയാണ് ബോളിവുഡിലെത്തുന്നത്. ചിത്രം ബോക്സോഫീസിൽ ഹിറ്റായി. തുടർന്ന് റെഡി, ഹൗസ്ഫുൾ 2, ബോൽ ബച്ചൻ, ഖിലാഡി 786 തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. 2016 ജനുവരിയിലായിരുന്നു അസിന്‍റെ വിവാഹം.

TAGS :

Next Story