'സോഷ്യൽമീഡിയയിലൂടെ ദിവസവും ബലാത്സംഗ ഭീഷണിയും വധഭീഷണിയും,ഭയം തോന്നുന്നു'; വെളിപ്പെടുത്തലുമായി ആയിഷ ഖാൻ
തന്‍റെ രൂപത്തെക്കുറിച്ച് ആത്മവിശ്വാസം തോന്നാൽ കുറച്ചു സമയമെടുത്തുവെന്നും ആയിഷ

- Published:
4 March 2026 11:50 AM IST

മുംബൈ: കഴിഞ്ഞ വര്‍ഷം ബോളിവുഡിൽ പുറത്തിറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രമായിരുന്നു രൺവീര്‍ സിങ് നായകനായ ധുരന്ധര്‍. ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഹിറ്റായിരുന്നെങ്കിലും ആയിഷ ഖാൻ അഭിനയിച്ച 'ശരാരത്' എന്ന ഗാനത്തിനും കൊറിയോഗ്രഫിക്കും പ്രത്യേക ആരാധക വൃന്ദം തന്നെയുണ്ട്. ഗാനരംഗത്തിൽ ഏറ്റവും കൂടുതൽ സ്കോര്‍ ചെയ്തതും ആയിഷയായിരുന്നു. ഇപ്പോഴിതാ ശരീരവണ്ണത്തിന്‍റെ പേരിൽ പരിഹാസത്തിന് ഇരയായിട്ടുണ്ടെന്നും ഒരു സിനിമയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും തുറന്നുപറയുകയാണ് താരം.
'വീ ദി വിമൻ' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ആയിഷ. പ്ലസ് ടുവിന് പഠിക്കുമ്പോൾ ടി-സീരീസിന്‍റെ മ്യൂസിക് വീഡിയോയിൽ സെക്കന്‍ഡ് ഹീറോയിനായി അഭിനയിക്കേണ്ടതായിരുന്നു താനെന്ന് നടി വെളിപ്പെടുത്തി. എന്നാൽ ഷൂട്ടിങ്ങിന് തൊട്ടുമുൻപ് രാത്രി തന്നെ ആ ആൽബത്തിൽ നിന്നും മാറ്റി. തനിക്ക് 'വണ്ണക്കൂടുതൽ' ആണെന്നും അവർ ഉദ്ദേശിച്ച ലുക്കിൽ അല്ല താനെന്നുമാണ് അണിയറപ്രവർത്തകർ നൽകിയ വിശദീകരണം. ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ശരീരവണ്ണത്തിന്‍റെ പേരിൽ ഒരാളെ മാറ്റുന്നത് തികച്ചും വിവേചനപരമാണെന്ന് താരം ചൂണ്ടിക്കാട്ടി. തന്‍റെ രൂപത്തെക്കുറിച്ച് ആത്മവിശ്വാസം തോന്നാൽ കുറച്ചു സമയമെടുത്തുവെന്നും അവര്‍ സമ്മതിച്ചു.
സോഷ്യൽമീഡിയയിൽ നിരന്തരം സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകുന്നുണ്ടെന്നും ആയിഷ പറയുന്നു. ബലാത്സംഗ ഭീഷണികളും വധഭീഷണികളും തനിക്ക് സ്ഥിരമായി ലഭിക്കുന്നുണ്ടെന്നും ഇത് തന്നെ ഭയപ്പെടുത്തുന്നുവെന്നും ആയിഷ പറഞ്ഞു. "ഇത് വളരെ ഭയാനകമാണ് . ഓരോ ദിവസവും ഇത്തരം മെസ്സേജുകൾ കണ്ടാണ് ഉണരുന്നത് എന്നത് മാനസികമായി തളർത്തുന്നു," എന്ന് താരം വ്യക്തമാക്കി.
ഏക്താ കപൂർ നിർമിച്ച കസൗതി സിന്ദഗി കേ എന്ന ടെലിവിഷൻ പരമ്പരയിലൂടെ ജൂനിയര്‍ ആര്‍ടിസ്റ്റായിട്ടാണ് ആയിഷ അഭിനയ ജീവിതം ആരംഭിക്കുന്നത്. കുട്ടികളുടെ പരമ്പരയായ ബാലവീര്‍ റിട്ടേൺസിൽ ബിര്‍ബ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 2022 ൽ മുഖചിത്രം എന്ന തെലുഗ് ചിത്രത്തിലൂടെ സിനിമയിലുമെത്തി. ബിഗ് ബോസ് 17 എന്ന റിയാലിറ്റി ഷോയിലൂടെയാണ് ആയിഷ ശ്രദ്ധിക്കപ്പെട്ടത്. 'വൈൽഡ് കാർഡ്' എൻട്രിയായാണ് ആയിഷ എത്തിയത്. ഷോയിലെ മത്സരാർഥിയായിരുന്ന മുനവർ ഫാറൂഖിയുമായുള്ള വ്യക്തിപരമായ തർക്കങ്ങളെയും വെളിപ്പെടുത്തലുകളെയും തുടര്‍ന്നാണ് പ്രേക്ഷകര്‍ ആയിഷയെ ശ്രദ്ധിക്കുന്നത്.
Adjust Story Font
16
