Quantcast

തിയറ്ററും മനസ്സും നിറച്ച വർഷം; 2022ലെ മികച്ച മലയാള ചിത്രങ്ങൾ

അന്യഭാഷാ ചിത്രങ്ങൾ കേരള ബോക്‌സ് ഓഫീസ് മുഴുവൻ തകർത്ത് കടന്നുപോയ വർഷം കൂടിയായിരുന്നു 2022

MediaOne Logo

അലി കൂട്ടായി

  • Updated:

    2022-12-31 14:38:16.0

Published:

31 Dec 2022 2:22 PM GMT

തിയറ്ററും മനസ്സും നിറച്ച വർഷം; 2022ലെ മികച്ച മലയാള ചിത്രങ്ങൾ
X

കോവിഡ് അതിന്റെ താണ്ഡവം അവസാനിപ്പിച്ചെന്ന് കരുതിയാണ് 2022ന്റെ പുലരി പുതിയ സിനിമാകാഴ്ചകളിലേക്ക് തുറന്നത്. 2021ൽ തുടങ്ങിയ സിനിമാ ശാലകളിലെ പകുതി പേർക്ക് മാത്രമുള്ള പ്രവേശനം അങ്ങനെ 2022ലും തുടർന്നു. 50 ശതമാനം മാത്രം പ്രവേശനം തിയറ്ററുകൾക്ക് വൻ നഷ്ടമുണ്ടാക്കി. വൈദ്യുതി ചാർജ്, ശമ്പളം ഉൾപ്പെടെയുള്ളവ കൃത്യമായി നൽകേണ്ടതിനാൽ പകുതി പേരെ വെച്ചുള്ള ഷോ പലയിടങ്ങളിലും ഉപേക്ഷിക്കുന്നത് പതിവായി.


എന്നാൽ മറ്റൊരു ട്രാക്കിൽ ഒടിടി അതിന്റെ പ്രതാപത്തിൽ അങ്ങനെ വിരാജിക്കുന്നുണ്ടായിരുന്നു. സിനിമകൾ വിരൽ തുമ്പിൽ കിട്ടുന്നതിന്റെ എളുപ്പത്തിൽ ഒടിടി കൂടുതൽ സ്വീകാര്യമായി മാറി. തിയറ്ററിലെത്തിയ സിനിമകളെല്ലാം തന്നെ മൂന്നാഴ്ചയ്ക്ക് ശേഷം ഒടിടിയിലെത്തി.

കലാമൂല്യമുള്ളതും ഒരേസമയം ആഘോഷമാക്കാനാവുന്ന സിനിമകളും നെഞ്ചിലേറ്റിയ വർഷമായിരുന്നു 2022. മലയാളത്തിൽ മൗത്ത് പബ്ലിസിറ്റിയിലൂടെ പല സിനിമകളും മികച്ച അഭിപ്രായവും കളക്ഷനും വാരിക്കൂട്ടിയ വർഷം കൂടിയായിരുന്നു. എല്ലാ വർഷത്തെയും പോലെ നൂറിലധികം സിനിമകളാണ് തിയറ്ററിലും ഒടിടിയിലുമായി മലയാളത്തിൽ റിലീസായത്.

മലയാളത്തിൽ മികച്ച കളക്ഷൻ നേടിയ 10 ചിത്രങ്ങൾ

1. ഭീഷ്മപർവ്വം

2.ഹൃദയം

3. ജനഗണമന

4. തല്ലുമാല

5. കടുവ

6.യ ജയ ജയ ജയ ജയ ഹേ

7. റോഷാക്ക്

8. ന്നാ താൻ കേസ് കൊട്

9. സിബിഐ5

10. പാപ്പൻ

പ്രേക്ഷകരുടെ മനം നിറച്ച ഏഴ് ചിത്രങ്ങൾ

1. സൗദിവെള്ളക്ക


ആത്മാവിനോട് ആയിശ റാവുത്തറെന്ന ഉമ്മയുടെ നീറ്റലിന്റെ കഥ പറഞ്ഞാണ് തരുൺ മൂർത്തി എന്ന സംവിധായകൻ തന്റെ രണ്ടാം സിനിമയുമായി വന്നത്. ഓപ്പറേഷൻ ജാവ എന്ന ഹിറ്റിന് ശേഷം മറ്റൊരു കഥയ്ക്ക് ആക്ഷൻ പറഞ്ഞപ്പോൾ തീർത്തും ഭിന്നമായ ഒരു കഥയും കഥാപശ്ചാത്തലവും പരിചയപ്പെടുത്താൻ തരുണിനായി. ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശത്തിലും നല്ല സിനിമക്ക് തിയറ്ററിൽ ആളുണ്ടാവുമെന്ന് സൗദി വെള്ളക്ക തെളിയിച്ചു. മുൻ നിര താരങ്ങളൊന്നുമില്ലാതെ എത്തിയ ചിത്രം പറയുന്ന കഥ കൊണ്ടാണ് മലയാളിയുടെ മനസ്സിലേക്ക് കയറിയത്. അഭിപ്രായത്തിലും കളക്ഷനിലും സൗദി വെള്ളക്ക 2022ലെ മലയാളത്തിന്റെ തിളക്കമായി മാറി. ഉർവശി തിയറ്റേഴ്‌സിന്റെ ബാനറിൽ സന്ദീപ് സേനൻ നിർമിച്ച ചിത്രം 2022 ഡിസംബർ 2നാണ് തിയറ്ററിലെത്തിയത്. പുതുവർഷത്തിലും ചിത്രം തിയറ്ററിൽ തുടർന്നു.

2. ഇലവീഴാപൂഞ്ചിറ


ഒരു സിനിമയുടെ ക്ലൈമാക്‌സ് കണ്ട് തിയറ്ററിലെ സീറ്റിൽ ഞെട്ടിയിരുന്ന വർഷം കൂടിയായിരുന്നു 2022. മലയാളത്തിന് അങ്ങനെ ഒരു ക്ലൈമാക്സ് സമ്മാനിച്ചത് ഷാഹി കബീറാണ്. കുറഞ്ഞ കഥാപാത്രങ്ങൾ കൊണ്ടും അധികമില്ലാത്ത ലൊക്കേഷനിലുമാണ് ഇലവീഴാപൂഞ്ചിറ ഞെട്ടിച്ചത്. ഷാഹി കബീറിന്റെ എഴുത്തിലും സംവിധാനത്തിലും പുറത്തിറങ്ങിയ ഇലവീഴാപൂഞ്ചിറ 2022ൽ ഒരു സീറ്റ് എഡ്ജി ത്രില്ലർ സമ്മാനിച്ചു. തുടരെ തുടരെ ത്രില്ലർ ചിത്രങ്ങൾ ഇറങ്ങിയ മലയാളത്തിൽ പുതുമ കൊണ്ടുവന്നു എന്നതാണ് ഇലവീഴാപൂഞ്ചിറയിലൂടെ സംഭവിച്ചത്. സൗബിനും സുധികോപ്പയും പ്രധാന വേഷത്തിലെത്തിയ ചിത്രം 2022 ജൂലൈ 15നാണ് തിയറ്ററിലെത്തിയത്.

3.അപ്പൻ


ദൃശ്യം2ന് ശേഷം ഒടിടിയിൽ റിലീസ് ആയി മലയാള സിനിമാ പ്രേക്ഷകർ ഇങ്ങനെ പ്രശംസിച്ച മറ്റൊരു ചിത്രമുണ്ടെങ്കിൽ അത് മജുവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ അപ്പനാണ്. മേക്കിങ് കൊണ്ട് ഞെട്ടിക്കുന്ന സിനിമകൾ മലയാളത്തിൽ നിരവധി വരുന്നുണ്ടെങ്കിലും പ്രകടനം കൊണ്ടും കഥയിലെ പുതുമ കൊണ്ടും കഥ പറച്ചിൽ രീതിയിലും അപ്പൻ പുതിയൊരു കാഴ്ചയായിരുന്നു. മജു തന്നെ രചന നിർവഹിച്ച ചിത്രം 2022 ഒക്ടോബർ 22 ന് സോണി ലിവിലൂടെയാണ് പ്രേക്ഷകരിലേക്കെത്തിയത്. സിനിമയാണെന്ന് മറന്ന് സിനിമക്കുള്ളിലേക്ക് പ്രേക്ഷകനെ വലിച്ചിടുന്ന കഥ പറച്ചിൽ രീതിയാണ് അപ്പനെ പ്രിയപ്പെട്ടതാക്കിയത്. അലൻസിയറും സണ്ണിവെയ്‌നും തകർത്തഭിനയിച്ചപ്പോൾ മലയാളത്തിന് ലഭിച്ചത് മികച്ച ഡാർക്ക് ത്രില്ലർ എന്നതിൽ സംശയമില്ല.

4. ജയ ജയ ജയ ജയ ഹേ


മൗത്ത് പബ്ലിസിറ്റി കൊണ്ട് ഒരു മലയാള സിനിമ ബോക്‌സ് ഓഫീസ് തകർത്തതിന്റെ പേരാണ് ബേസിൽ നായകനായി എത്തിയ ജയ ജയ ജയ ജയഹേ. മലയാളത്തിൽ ഇടക്ക് മാത്രം സംഭവിക്കുന്ന കാര്യമാണ്. ഡൊമസ്റ്റിക് വയലൻസിനെ നർമത്തിൽ പൊതിഞ്ഞ് അവതരിച്ചപ്പോൾ മലയാളി സിനിമാപ്രേക്ഷകർ സിനിമ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ബേസിലും ദർശന രാജേന്ദ്രനും പ്രധാന വേഷത്തിലെത്തിയ ചിത്രം മലയാള സിനിമക്ക് ജീവൻ നൽകിയ ചിത്രമാണ്. 2022ൽ മലയാളത്തിലിറങ്ങിയ മികച്ച കളക്ഷൻ വാരിക്കൂട്ടിയ ചിത്രങ്ങളിൽ സ്ഥാനം പിടിക്കാനും ചിത്രത്തിനായി.

കാരണം നല്ല ചിത്രങ്ങൾ നൽകിയാൽ തിയറ്ററിൽ ആളെ കയറ്റാനാവുമെന്ന് ജയ ജയ ഹേ തെളിയിച്ചു. മിനിമം ഗ്യാരന്റിയുള്ള നായകനായി ബേസിൽ മലയാള സിനിമയിൽ തനിക്കായി ഒരു കസേര പണിതു. പ്രകടനം കൊണ്ട് ദർശനയും ഞെട്ടിപ്പിച്ചു. വിപിൻ ദാസ് രചനയും സംവിധാനവും നിർവഹിച്ച ചിത്രം ഒക്ടോബർ 28 നാണ് തിയറ്ററിലെത്തിയത്.

5. ഭീഷ്മപർവ്വം


കോവിഡ് അതിന്റെ അവസാന വണ്ടിക്ക് കാത്ത് നിൽക്കുന്ന സമയം. തിയറ്ററിൽ പകുതിപേരെ വെച്ച പ്രദർശനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. നഷ്ടത്തിലാണെന്ന് പറഞ്ഞ് വിലപിക്കുന്ന തിയറ്റർ ഓണേഴ്‌സ്.. ഫുൾ പാക്ക്ഡ് എൻടർടൈൻമെന്റിന് മാത്രമെ തിയറ്ററുകളെ രക്ഷിക്കാനാവൂ എന്ന് പറയുന്നിടത്താണ് മൈക്കിളിന്റെ വരവ്. ഏറെ നാളുകൾക്ക് ശേഷം തിയറ്റർ തിങ്ങി നിറഞ്ഞു. ടിക്കറ്റ് ബുക്കിങ് തകൃതിയായി നടന്നു. അത് റെക്കോർഡിലേക്ക് കുതിച്ചു. 202 ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള ചിത്രമായി ഭീഷ്മപർവ്വം മാറി. ബിഗ്ബിയുടെ രണ്ടാം ഭാഗം ബിലാലിനു വേണ്ടി കാത്തിരിക്കുന്നവർക്കായിരുന്നു അമൽ നീരദ് ഭീഷ്മപർവ്വം സമ്മാനിച്ചത്. 2022 മാർച്ച് 3ന് തിയറ്ററിലെത്തിയ ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, നാദിയ മൊയ്തു, ഷൈൻ ടോം ചാക്കോ എന്നിങ്ങനെ നിരവധി താരങ്ങൾ തകർത്തഭിനയിച്ചു. ചിത്രത്തിലെ പാട്ടും പഞ്ച് ഡയലോഗുകളും സമൂഹ മാധ്യമങ്ങളിലടക്കം ഹിറ്റായി.

6. ന്നാ താൻ കേസ് കൊട്


കളക്ഷനിലും അഭിപ്രായങ്ങളിലും ലൈം ലൈറ്റിൽ കുറച്ചുകാലം നിന്ന ചിത്രമായിരുന്നു ന്നാ താൻ കേസ് കൊട്. ബഹിഷ്കരണ വിവാദങ്ങളിൽ തിയറ്ററിലെത്തിയെങ്കിലും കളക്ഷനിൽ പുതിയ പടവുകൾ കയറി ന്നാ താൻ കേസ് കൊട് കുതിച്ചു. കുഞ്ചാക്കോ ബോബൻ നായകനായി ഓഗസ്റ്റ് 11ന് തിയറ്ററിലെത്തിയ ചിത്രം ആക്ഷേപ ഹാസ്യത്തിന് പുതിയ മാനം നൽകി. ചിത്രം മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ പട്ടികയിൽ എളുപ്പത്തിൽ കയറിപ്പറ്റി. രതീഷ് ബാലകൃഷ്ണ പൊതുവാൾ രചനയും സംവിധാനവും നിർവഹിച്ച ചിത്രം 50 കോടിക്ക് മുകളിലാണ് കളക്ഷൻ നേടിയത്. കുഞ്ചാക്കോ ബോബന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ കളക്ഷനാണിത്. സാധാരണക്കാരന്റെ നീതിക്ക് വേണ്ടിയുള്ള പോരാട്ടം ചിരിപ്പിച്ചും ചിന്തിപ്പിച്ചും പറഞ്ഞു. കുഞ്ചാക്കോ ബോബനും രാജേഷ് മാധവനുമൊപ്പം ഒരു പറ്റം പുതുമുഖങ്ങളും ചിത്രത്തിൽ അസാധ്യ പ്രകടനം നടത്തിയതും ശ്രദ്ധേയമായി.

7. പുഴു


മികച്ച കണ്ടന്റുകൾ കൊണ്ട് മലയാളം ഞെട്ടിച്ച വർഷമായിരുന്നു 2022. അതിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന പേരാണ് മമ്മൂട്ടി നായകനായി റത്തീനയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ പുഴു. ജാതി വിവേചനത്തെ കൃത്യമായി വരച്ചിട്ട ചിത്രം മലയാള സിനിമാ ചരിത്രത്തിലെ മറ്റൊരു പൊൻതൂവലായിരുന്നു. എന്തൊക്കെ മാറ്റിയാലും പുരോഗമനം പറഞ്ഞാലും ജാതിയിങ്ങനെ ജീനുകളിൽ നിന്ന് ജീനുകളിലേക്ക് പടരുകയാണ്. അത് വെറുപ്പായി പരിണമിക്കുകയാണ്. അവിടെയാണ് റത്തീന സമൂഹത്തിന് നേരെ കാമറ തിരിച്ചുവെച്ച് ഒരു ജീവിതം പറഞ്ഞത്. മമ്മൂട്ടിയോടൊപ്പം പാർവതി, അപ്പുണ്ണി ശശി എന്നിവർ തങ്ങളുടെ പ്രകടനം കൊണ്ടും ഞെട്ടിച്ചു. ചിത്രം മെയ് 13 ന് സോണി ലിവിലൂടെയാണ് പ്രേക്ഷകരിലേക്കെത്തിയത്. മമ്മൂട്ടിയുടെ ആദ്യ ഒടിടി റിലീസ് കൂടിയായിരുന്നു പുഴു.

പണം വാരി അന്യഭാഷാ ചിത്രങ്ങൾ

അന്യഭാഷാ ചിത്രങ്ങൾ കേരള ബോക്‌സ് ഓഫീസ് മുഴുവൻ തകർത്ത് കടന്നുപോയ വർഷം കൂടിയായിരുന്നു 2022. കെജിഎഫ്2, വിക്രം, കാന്താര, പൊന്നിയൻ സെൽവൻ, ബാറ്റ്മാൻ തുടങ്ങി കേരളത്തിലെ തിയറ്ററുകളിൽ പുറമെ നിന്നെത്തി പണം വാരിപ്പോയ ചിത്രങ്ങളുടെ പട്ടിക ഇങ്ങനെ നീളുന്നു. ഇതിൽ കെജിഎഫ്2 ആണ് ബോക്സ് ഓഫീസ് വിറപ്പിച്ചത്.


100 കോടി മുതൽമുടക്കിൽ ഇറങ്ങിയ കെജിഎഫ്2 ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ നിന്ന് 1200 കോടിക്ക് മുകളിൽ കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്. 69 കോടിക്ക് മുകളിലാണ് കേരളത്തിൽ നിന്ന് മാത്രമായി കെജിഎഫ് നേടിയതെന്നാണ് റിപ്പോർട്ട്. ഇത് 2022ലെ മറ്റു മലയാളചിത്രങ്ങളുടെ കളക്ഷനിലും മേലെയാണ്. മലയാളത്തിലെ അതുവരെയുണ്ടായ ചിത്രങ്ങളെയെല്ലാം പിന്തള്ളി ഓപ്പണിങ് ഫസ്റ്റ്‌ഡേ കളക്ഷനിലും കെജിഎഫി ചരിത്രമെഴുതി.

കാന്താരയായിരുന്നു മറ്റൊരു ചിത്രം. മികച്ച തിയറ്റർ എക്‌സ്പീരിയൻസ് വാഗ്ദാനം ചെയ്ത ചിത്രം ഒരു സർപ്രൈസ് ഹിറ്റായിരുന്നു. അണിയറപ്രവർത്തകരെ പോലും ഞെട്ടിച്ചാണ് കാന്താര വിവിധ ഭാഷകളിൽ കളക്ഷൻ വാരിക്കൂട്ടിയത്. കാന്താരയുടെ മലയാളം വേർഷൻ മലയാള ചിത്രങ്ങളെ വരെ അമ്പരപ്പിക്കുന്ന കളക്ഷനാണ് നേടിയത്.


തമിഴിൽ നിന്ന് വിക്രം, പൊന്നിയൻ സെൽവൻ എന്നിവ മലയാളക്കര ഭരിച്ച അന്യഭാഷ ചിത്രങ്ങളായിരുന്നു. തെലുങ്കിൽ നിന്ന് മൊഴിമാറി വന്ന സീതാരാമവും ആർആർആറും മലയാളത്തിൽ ഓളമുണ്ടാക്കിയാണ് കടന്നുപോയത്. ബാറ്റ്മാനും, ഡോക്ടർ സ്റ്ററേഞ്ച് ഇൻ ദി മൾട്ടിവേഴ്‌സ് ഓഫ് മാഡിനസും തോർ ലൗ ആൻഡ് തണ്ടറും, അവതാറും ഹോളിവുഡിൽ നിന്നെത്തി കേരളത്തിലെ തിയറ്ററുകളിൽ 2022ൽ ആളെ കയറ്റി.

2023ലെ സ്ക്രീനിലേക്ക് പ്രതീക്ഷയുടെ വെളിച്ചം

മേക്കിങ്ങിൽ പുതിയ പടവുകൾ കയറി റോഷാക്കും ആവാസവ്യൂഹവും അറ്റൻഷൻ പ്ലീസും മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സും മലയാളത്തെ ലോക സിനിമകളുടെ കൂടെ നടത്തിയ വർഷം കൂടിയായിരുന്നു 2022. കോവിഡിന്റെ ആലസ്യത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റ വർഷത്തിൽ അഭിപ്രായത്തിൽ കളക്ഷനിലും മലയാള ചിത്രങ്ങൾ പുതിയ പടവുകൾ കയറി.


കളക്ഷൻ വാരിക്കൂട്ടിയ ചിത്രങ്ങളുടെ പട്ടിക നോക്കൂ. ചെറിയ മുതൽമുടക്കിൽ വൻ താര നിരകളില്ലാതെ വലിയ പ്രമോഷൻ പോലും ഇല്ലാത്ത ചിത്രങ്ങളുമുണ്ട്. ഇത് മലയാളത്തിന് പ്രതീക്ഷയാണ്. 2023ലും റിലീസിനായി കാത്തിരിക്കുന്ന നല്ല പ്രൊജക്ടുകൾ ഉണ്ട്. അവ തിയറ്ററും മനസും നിറക്കട്ടെ.

TAGS :

Next Story