25 കോടി ബജറ്റിലൊരുക്കിയ ചിത്രം നേടിയത് ആകെ 1.28 കോടി; 2025ലെ ഏറ്റവും വലിയ പരാജയ സിനിമ ഇതാണ്!
കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ബോക്സോഫീസ് പരാജയമായിരുന്നെങ്കിലും ഒടിടിയിൽ കയ്യടി നേടുകയാണ് ചിത്രം

- Updated:
2026-01-13 06:58:10.0

മുംബൈ: ബോളിവുഡിൽ ഒരുപാട് ചിത്രങ്ങൾ ഇറങ്ങിയ വര്‍ഷമായിരുന്നു 2025. ചിലത് വിജയം നേടിയപ്പോൾ കൊട്ടിഘോഷിച്ചെത്തിയ പല ചിത്രങ്ങളും എട്ടുനിലയിൽ പൊട്ടി. ബോക്സോഫീസ് കുലുക്കിയ സിനിമകൾ ഒടിടിയിലെത്തുമ്പോൾ റോസിറ്റിങ്ങിന് ഇരയാകുമ്പോൾ പരാജയപ്പെട്ട ചിത്രങ്ങൾക്ക് പലപ്പോഴും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആ ഗണത്തിൽ പെട്ട ചിത്രമായിരുന്നു 2025 ജൂലൈയിൽ പുറത്തിറങ്ങിയ 'നികിത റോയ്' എന്ന ഹൊറര്‍ ത്രില്ലര്‍.
കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ബോക്സോഫീസ് പരാജയമായിരുന്നെങ്കിലും ഒടിടിയിൽ കയ്യടി നേടുകയാണ് ചിത്രം. സൊനാക്ഷി സിൻഹ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ അര്‍ജുൻ രാംപാൽ, സുഹൈൽ നയ്യാര്‍, പരേഷ് റാവൽ എന്നിവരാണ് മറ്റ്കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മുതിർന്ന നടൻ ശത്രുഘ്‌നൻ സിൻഹയുടെ മകനും സൊനാക്ഷിയുടെ സഹോദരനുമായ കുശ് സിൻഹ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായതുകൊണ്ടു തന്നെ പ്രഖ്യാപിച്ചപ്പോൾ നികിത റോയ് വാര്‍ത്തകളിൽ ഇടം നേടിയിരുന്നു. യുകെയിലാണ് ചിത്രം പൂര്‍ണമായും ചിത്രീകരിച്ചത്.
സിനിമയിൽ സൊനാക്ഷിയുടെ പ്രകടനം മികച്ചതായിരുന്നെങ്കിലും പ്രേക്ഷകരെ തിയറ്ററിലേക്ക് എത്തിക്കാൻ നികിത റോയിക്ക് കഴിഞ്ഞില്ല. ഏകദേശം 25 കോടി ബജറ്റിലൊരുക്കിയ ചിത്രത്തിന് 1.5 കോടി കലക്ഷൻ പോലും നേടാനായില്ല. 1.28 കോടി മാത്രമായിരുന്നു കലക്ഷൻ. IMDbയിൽ 5.7 റേറ്റിങ് ഉള്ള നികിത റോയി ഒടിടിയിലെത്തിയപ്പോൾ അനുകൂല പ്രതികരണമാണ് നേടുന്നത്. തന്‍റെ സഹോദരന്റെ നിഗൂഢ മരണത്തിന് പിന്നിലെ സത്യം പുറത്തുകൊണ്ടുവരാൻ ശ്രമിക്കുന്ന എഴുത്തുകാരിയുടെ കഥയാണ് നികിത റോയ് പറയുന്നത്.ജിയോ ഹോട്‍സ്റ്റാറിൽ ചിത്രം കാണാം.
Adjust Story Font
16
