Quantcast

'ഹിന്ദു മുസ്‌ലിംന്ന് പാക്ക മാട്ടാർ. എല്ലാത്ത്ക്കുമേ ഉദവി പണ്ണുവാർ'; തമിഴ് സിനിമയിൽ പാണക്കാട് കുടുംബം

വധശിക്ഷ വിധിക്കപ്പെട്ട് കുവൈത്ത് ജയിലിൽ കഴിയുന്ന രണ്ട് തമിഴരുടെ കഥ പറയുന്നതാണ് ചിത്രം

MediaOne Logo

abs

  • Published:

    24 Dec 2021 1:23 PM GMT

ഹിന്ദു മുസ്‌ലിംന്ന് പാക്ക മാട്ടാർ. എല്ലാത്ത്ക്കുമേ ഉദവി പണ്ണുവാർ; തമിഴ് സിനിമയിൽ പാണക്കാട് കുടുംബം
X

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് മുനവ്വറലി ശിഹാബ് തങ്ങളെയും പിതാവും ലീഗ് സംസ്ഥാന അധ്യക്ഷനുമായിരുന്ന മുഹമ്മദലി ശിഹാബ് തങ്ങളെയും പ്രതിപാദിച്ച് തമിഴ് സിനിമ. കെഎം സർജുൻ സംവിധാനം ചെയ്ത ബ്ലഡ് മണി എന്ന സിനിമയിലാണ് ഇരുവരെയും കുറിച്ചുള്ള പരാമർശമുള്ളത്.

വധശിക്ഷ വിധിക്കപ്പെട്ട് കുവൈത്ത് ജയിലിൽ കഴിയുന്ന രണ്ട് തമിഴരുടെ കഥ പറയുന്നതാണ് ചിത്രം. ഇതിൽ ഒരാളായ കാളിയപ്പനു വേണ്ടി ചെന്നൈയിലെ ഒരു മാധ്യമപ്രവർത്തക നടത്തുന്ന ഇടപെടലുകളിലാണ് പാണക്കാട് കുടുംബത്തിന്റെ കഥ കടന്നുവരുന്നത്.



സംഭവമിങ്ങനെ

പെരിന്തൽമണ്ണക്കാരൻ കൊല്ലപ്പെട്ട കേസിൽ നാലു വർഷമായി കുവൈത്തിൽ തൂക്കുകയർ കാത്തിരിക്കുന്ന അർജുനൻ അത്തിമുത്തുവിനെ രക്ഷിക്കാനായി ഭാര്യ മാലതിയാണ് മുനവ്വറലി ശിഹാബ് തങ്ങളെ സമീപിച്ചത്. 2017 നവംബറിലായിരുന്നു സംഭവം. കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ മാപ്പു നൽകാൻ സന്നദ്ധമായിട്ടും അവർ ആവശ്യപ്പെട്ട 30 ലക്ഷം രൂപ മാലതിക്ക് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതേത്തുടർന്നാണ് ഇവർ പാണക്കാട്ട് സഹായം തേടിയെത്തിയത്.

മാലതിക്കു വേണ്ടി മുനവ്വറലി തങ്ങൾ അഭ്യർത്ഥന നടത്തുകയും മാധ്യമങ്ങൾ ഇത് വാർത്തയാക്കുകയും ചെയ്തു. ഇങ്ങനെ 25 ലക്ഷം രൂപ സമാഹരിച്ചു. മാലതി അഞ്ചു ലക്ഷം രൂപയും സംഘടിപ്പിച്ചു. പിന്നീട് മുനവ്വറലി തങ്ങളുടെ വീട്ടിലെത്തി കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് തുക കൈമാറി. മാപ്പു നൽകിയെന്ന രേഖയും അവർ നൽകി. അഭിഭാഷകനായ നിയാസ് വരിക്കോടൻ മുഖേനയാണ് അർജുനനെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നത്.


മാലതിക്ക് തുക കൈമാറുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. സമീപം മുനവ്വറലി തങ്ങള്‍

ഇതേക്കുറിച്ച് മുനവ്വറലി തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചതിപ്രകാരം;

'കുവൈത്ത് ജയിലിൽ മരണത്തെ മുഖാമുഖം കണ്ട്, തൂക്കു കയറും കാത്ത് നിമിഷങ്ങൾ എണ്ണിയിരുന്ന തമിഴ്നാട് സ്വദേശി അർജുനനെ തൂക്കു കയറിൽ നിന്ന് രക്ഷിക്കാനായത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മുഹൂർത്തമായി ഞാൻ കണക്കാക്കുന്നു.

ഭർത്താവ് അർജുനന്റെ ജീവൻ രക്ഷിക്കാൻ, 25 ലക്ഷം രൂപ ഇന്ന് രാവിലെ എളാപ്പ ഹൈദറലി ശിഹാബ് തങ്ങൾ അർജുനന്റെ ഭാര്യ മാലതിക്ക് കൈമാറിയപ്പോൾ സ്വന്തം ഭർത്താവിന്റെ ജീവൻ തിരിച്ച് കിട്ടിയ സന്തോഷത്താൽ മാലതിയുടെ കണ്ണുകൾ ഈറനണിഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച മാലതി പാണക്കാടെത്തി സഹായം ആവശ്യപ്പെട്ടപ്പോൾ ഏറെ ആശങ്കയോടെയാണ് അത് ഏറ്റെടുത്തത്. എന്നാൽ അന്ന് രാത്രി രണ്ട് മണി വരെ വിദേശത്തടക്കമുള്ള എന്റെ സുഹൃത്തുക്കളുമായി നേരിട്ട് ഞാൻ വിഷയം ധരിപ്പിച്ചപ്പോൾ അവരെല്ലാം വളരെ ആവേശത്തോടെയാണ് മുന്നോട്ട് വന്നത്.

കൊല്ലപ്പെട്ട മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയുടെ ഭാര്യയും 13 വയസുകാരി മകളും വാടക വീട്ടിലാണ് താമസം. നിത്യച്ചെലവിന് പോലും വകയില്ലാത്ത ഈ വിധവക്കും മകള്‍ക്കും ഈ തുക ആശ്വാസമാകും. ഒപ്പം മാലതിക്കും 14 വയസുകാരി മകള്‍ക്കും കുടുംബനാഥനേയും ലഭിക്കും.'

സിനിമയിലിങ്ങനെ

സിനിമയിൽ മാധ്യമപ്രവർത്തകയുടെ വേഷം ചെയ്യുന്ന പ്രിയ ഭവാനി ശങ്കർ (ചിത്രത്തിൽ റേച്ചൽ വിക്ടർ) ഒരു ഓഫീസിലെത്തുകയും ഇതേക്കുറിച്ച് അന്വേഷിക്കുകയും ചെയ്യുന്നു.

റേച്ചൽ ചോദിക്കുന്നതിങ്ങനെ; 'കാളിയപ്പന്റെ (അത്തിമുത്തുവിന് സിനിമയിൽ നൽകിയിരിക്കുന്ന പേര്) അമ്മ പറഞ്ഞത് ഞങ്ങൾ നഷ്ടപരിഹാരത്തുക അഞ്ചു ലക്ഷം രൂപ കൊടുത്തുവെന്നാണ്. 25 ലക്ഷം രൂപ നിങ്ങളുടെ ട്രസ്റ്റിലെ മുനവ്വറലി തങ്ങൾ കൊടുത്തുവെന്നാണ് പറയുന്നത്. അത് സത്യമാണോ?'

ഓഫീസിലെ കസേരയിൽ ഇരിക്കുന്നയാൾ മറുപടി നൽകുന്നത് ഇപ്രകാരം; ' ആ കേസിനെ കുറിച്ച് എനിക്കറിയും. അതേ, മുനവ്വറലി ശിഹാബ് തങ്ങൾ. അപ്പുറം അവരുടെ പിതാവ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിലെ സമുന്നതനായ നേതാവാണ്. ഹിന്ദു മുസ്‌ലിംന്ന് പാക്ക മാട്ടാർ. എല്ലാത്ത്ക്കുമേ ഉദവി പണ്ണുവാർ. (ഹിന്ദുവോ മുസ്ലിമോ എന്ന വേർതിരിവു കാട്ടില്ല, എല്ലാവരേയും സഹായിക്കും).'

സീ 5 ഒടിടി പ്ലാറ്റ്‌ഫോമിലിറങ്ങിയ ചിത്രത്തിന്റെ തിരക്കഥ ശങ്കർ ദോസാണ്. സതീഷ് രഘുനാഥാണ് സംഗീതം. നിരവധി പേരാണ് ചിത്രത്തിലെ ഈ ഭാഗം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്.

TAGS :

Next Story