24-ാം വയസില്‍ ബോളിവുഡിലെ താരസുന്ദരി, 34-ാം വയസില്‍ മരണം; സംസ്കരിച്ചത് ഉന്തുവണ്ടിയിലെത്തിച്ച്...വിമിയുടെ ജീവിതകഥ
'ഹംരാസ്' എന്ന സിനിമയിലൂടെയാണ് വിമി അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്.

മുംബൈ: താരമായി വളർന്ന് ഒടുക്കം ജീവിതം കൈവിട്ട് ആരുമില്ലാതായിപ്പോയ നിരവധി പേരുടെ കഥ നാം കേട്ടിട്ടുണ്ട്. 60കളിൽ തിളങ്ങി നിന്ന ബോളിവുഡ് നടിയാണ് വിമി. 1977 ൽ മരണപ്പെട്ട വിമി ഇന്നും പ്രേക്ഷക മനസ്സിൽ ഒരു വിങ്ങലാണ്. വിമിയുടെ മരണ ശേഷമാണ് നടിക്ക് സംഭവിച്ച കാര്യങ്ങൾ പുറത്തു വന്നത്. 'ഹംരാസ്' (1967) എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് താരം കടന്ന് വരുന്നത്. ബി.ആർ ചോപ്ര സംവിധാനം ചെയ്ത സിനിമയിൽ സുനിൽ ദത്തായിരുന്നു നായകൻ.
അന്നത്തെ നടിമാരിൽ നിന്നും വ്യത്യസ്തമായിരുന്നു താരത്തിന്റെ സിനിമയിലേക്കുളള കടന്ന് വരവ്. വിവാഹ ശേഷമാണ് വിമി സിനിമാ രംഗത്ത് എത്തുന്നത്. ബിസിനസുകാരനായ ശിവ് അഗർവാളായിരുന്നു ഭർത്താവ്. സിഖ് കുടുംബത്തിൽ ജനിച്ച വിമി നല്ലൊരു ഗായികയായിരുന്നു. ഭർത്താവിനൊപ്പം കൊൽക്കത്തയിൽ ഒരു പാർട്ടിയിൽ പങ്കെടുക്കവെ വിമി സംഗീത സംവിധായകൻ രവിയുടെ ശ്രദ്ധയിൽപ്പെട്ടു. അവിടെ നിന്ന് രവി താരത്തെ മുംബൈയിലേക്ക് ക്ഷണിക്കുകയും സംവിധായകൻ ബി.ആർ ചോപ്രയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. അങ്ങനെയാണ് വിമി 'ഹംരാസ്' എന്ന ചിത്രത്തിൽ നായികയായി വേഷമിടുന്നത്. ചിത്രം ബോക്സ് ഓഫീസ് വിജയം നേടി.
പിന്നീട് വിമിയുടെ പ്രതീക്ഷകൾക്ക് വിപരീതമായ സംഭവങ്ങളായിരുന്നു ജീവിത്തിൽ നടന്നത്. ചോപ്ര പിന്നീടുള്ള സിനിമകൾ തന്റെയൊപ്പം തന്നെ ചെയ്യണമെന്ന കരാറിൽ നടിയെ കൊണ്ട് ഒപ്പ് വെപ്പിച്ചു. ഇത് കാരണം നല്ല അവസരങ്ങൾ വിമിക്ക് നഷ്ടമായി. ഒരു ഘട്ടത്തിൽ വിമി ചോപ്രയയുമായി കരാർ വ്യവസ്ഥ ലംഘിക്കുകയും മറ്റ് സിനിമകൾ ചെയ്തു.
എന്നാൽ ചിത്രങ്ങളൊന്നും സാമ്പത്തിക വിജയം നേടിയില്ല. തുടർച്ചയായി പരാജയ സിനിമകൾ അഭിനയിച്ചതിലൂടെ താരത്തിന്റെ അവസരങ്ങൾ നഷ്ടപ്പെട്ടു. ഇതിനിടയിൽ നടിയുടെ വിവാഹ ബന്ധത്തിലും പ്രശ്നങ്ങൾ നേരിട്ടു. ഭർത്താവുമായി വേർപിരിഞ്ഞ വിമി നിർമാതാവ് ജോളിയുമായി പ്രണയത്തിലായി. ഈ പ്രണയബന്ധത്തിലും താരം പ്രശ്നങ്ങൾ നേരിട്ടു. നടിയെ ഇയാൾ വേശ്യാവൃത്തിക്ക് നിർബന്ധിച്ചെന്നാണ് റിപ്പോർട്ടുകൾ. മദ്യപാനം മൂലം കരൾ രോഗം ബാധിച്ച വിമിയെ കാമുകനും ഉപേക്ഷിച്ചു.
കടങ്ങൾ വീട്ടാൻ ബിസിനസ്സ് സംരംഭമായ വിമി ടെക്സ്റ്റൈൽസും വിൽക്കേണ്ടി വന്നു. സർക്കാർ ആശുപത്രിയിലെ ജനറൽ വാർഡിലാണ് താരം ചികിത്സ തേടിയത്. ജീവിതത്തോട് പോരാടി ഒടുവിൽ വിമി തന്റെ 34-ാം വയസ്സിൽ മരണമടഞ്ഞു. താരത്തിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ആരും വന്നില്ല. ഒടുവിൽ ഉന്തുവണ്ടിയിലാണ് വിമിയുടെ മൃതദേഹം ശ്മശാനത്തിലെത്തിച്ചത്.
Adjust Story Font
16

