Quantcast

സംഘപരിവാറിന്‍റെ ആക്രമണം ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്ന ആളാണ് ഞാന്‍: സംവിധായകന്‍ കമല്‍

സിനിമയിലായാലും എഴുത്തിലായാലും കലാകാരന്‍റെ സ്വാതന്ത്ര്യം ഇന്ത്യാ മഹാരാജ്യത്തു നിന്നും ഇനിയുണ്ടാകുമെന്ന് പ്രതീക്ഷിക്കണ്ടെന്നും കമല്‍ മീഡിയവണിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    19 Jan 2024 11:21 AM GMT

Kamal
X

കമല്‍

കൊച്ചി: സംഘപരിവാറിന്‍റെ ആക്രമണം ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്ന ഒരാളാണ് താനെന്ന് സംവിധായകന്‍ കമല്‍. സിനിമയിലായാലും എഴുത്തിലായാലും കലാകാരന്‍റെ സ്വാതന്ത്ര്യം ഇന്ത്യാ മഹാരാജ്യത്തു നിന്നും ഇനിയുണ്ടാകുമെന്ന് പ്രതീക്ഷിക്കണ്ടെന്നും കമല്‍ മീഡിയവണിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മതവും ഭരണകൂടവും എല്ലാം കാര്യങ്ങളിലും ഇടപെടുന്ന അവസ്ഥ വരുമ്പോള്‍ ചിലപ്പോഴെങ്കിലും നിസംഗമമായി നോക്കിക്കാണേണ്ടി വരുന്നു. ചലച്ചിത്ര മേഖലയുടെ കാര്യമെടുത്താല്‍ ഇവിടെയുള്ളവര്‍ക്ക് അത് മനസിലാകുന്നുണ്ടോ എന്ന് തനിക്ക് വല്ലാത്ത സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ആ കാലത്ത് മലയാള സിനിമ തീരെ അരാഷ്ട്രീയമായി ചിന്തിക്കുന്ന ആളുകളുടെ കയ്യിലായിരുന്നുവെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. ആ സമയത്ത് അങ്ങനെയായിരുന്നു. കാരണം വരാന്‍ പോകുന്ന ഭാവിയിലെ ഭവിഷത്തുകളെക്കുറിച്ച് യാതൊരു ധാരണയും സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ക്കും ഉണ്ടായിരുന്നില്ലെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഈ സവര്‍ണ മേല്‍ക്കോയ്മ പ്രകടമാകുന്ന കഥാപാത്രങ്ങള്‍ സിനിമയിലുണ്ടായത്. ഇത് ആരും ഒളിച്ചുകടത്തിയതാണെന്നും മനഃപൂര്‍വം ചെയ്തതാണെന്നും ഞാന്‍ വിശ്വസിക്കുന്നേയില്ല. അതൊരുതരം അരാഷ്ട്രീയതാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അതില്‍ നിന്നെല്ലാം അകലം പാലിക്കുകയാണ് ഞാന്‍ ചെയ്തിട്ടുള്ളത്. ഒരിക്കലും അത്തരമൊരു സിനിമയിലേക്ക് നമ്മള്‍ പോകരുതെന്ന് ഞാനും ടി.എ റസാഖും ഞങ്ങളുടെ സ്വകാര്യ സംഭാഷണങ്ങളില്‍ പറയാറുണ്ട്. വിദൂര ഭാവിയില്‍ ഇതൊക്കെ ദോഷം ചെയ്യുമെന്ന തോന്നല്‍ അന്നേയുണ്ടായിരുന്നു.

നമ്മുടെ കണ്ടന്‍റ്, നമ്മുടെ റിയലിസ്റ്റാക്കായിട്ടുള്ള അപ്രോച്ച് ,സ്വഭാവികമായ അഭിനയം ...അതൊക്കെയാണ് മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വലിയ സ്റ്റാറാക്കിയത്. അല്ലാതെ മാസ് ഹീറോയായി സിനിമയില്‍ അഴിഞ്ഞാടിയിട്ടല്ല മറ്റു ഭാഷകളിലുള്ളവര്‍ ഇവരെ ആരാധിക്കാന്‍ തുടങ്ങിയതെന്ന് ഞാന്‍ വിശ്വസിക്കുന്നേയില്ല. രഞ്ജിത്ത് ഒരു അഡ്മിസ്ട്രേറ്ററാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. രഞ്ജിത്ത് സ്വതന്ത്രമായി ചിന്തിക്കുകയും സ്വതന്ത്രമായി സിനിമകള്‍ ചെയ്യുന്ന ഒരു കലാകാരനാണ്.

സ്ത്രീവിരുദ്ധതയും പുരുഷാധിപത്യവും ബ്രേക്ക് ചെയ്ത ഒരു കാലമാണ് കഴിഞ്ഞ 10 വര്‍ഷമായി സിനിമയില്‍ കാണുന്നതെന്നും കമല്‍ പറഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ ഭയങ്കര പുരുഷാധിപത്യമുള്ള സിനിമകളൊന്നും ഞാന്‍ ചെയ്തിട്ടില്ല. വളരെ സ്ത്രീവിരുദ്ധമായ സിനിമകളും ചെയ്തിട്ടില്ല. അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തില്‍ സാഗര്‍ കോട്ടപ്പുറം അങ്ങനെ സംസാരിക്കുന്ന ഒരാളായതുകൊണ്ടാണ് അങ്ങനെ വന്നത്. പുതിയ തലമുറയോട് മത്സരിക്കാതെ അവരോട് ആഭിമുഖ്യം പുലര്‍ത്തുകയാണ് ചെയ്യേണ്ടതെന്നാണ് എനിക്ക് തോന്നിയത്. ഭയങ്കര കാല്‍പനികമായി സിനിമകള്‍ ചെയ്യുന്ന ആളെന്നാണ് എന്നെപ്പറ്റി ആരോപിക്കുന്നതും എനിക്ക് സ്വയം തോന്നിയിട്ടുള്ളതുമായ കാര്യം. അതൊരു കുറ്റമാണോ എന്നെനിക്കറിയില്ല. പക്ഷെ അന്നത്തെ സിനിമകള്‍ അങ്ങനെയായിരുന്നു. മധുരനൊമ്പരക്കാറ്റ് പോലുള്ള റിയലിസ്റ്റ് സിനിമകള്‍ ചെയ്തിട്ടുണ്ട്. പക്ഷെ അതൊന്നും ആരും പറയാറില്ല. സ്ത്രീപക്ഷത്തു നിന്നുള്ള ഒരു സിനിമയാണ് തന്‍റെ 'വിവേകാനന്ദന്‍ വൈറലാണ്' എന്ന ചിത്രമെന്ന് കമല്‍ പറയുന്നു.

ഷൂട്ടിംഗ് സെറ്റില്‍ വളരെ സീരിയസായിട്ടുള്ള ഒരു നടനാണ് ഷൈന്‍ ടോം ചാക്കോയന്ന് കമല്‍ പറഞ്ഞു. മറ്റു സെറ്റുകളില്‍ എങ്ങനെയാണെന്ന് എനിക്കറിയില്ല. അതെന്നെ പേടിച്ചൊട്ടൊന്നുമില്ല. ടൈറ്റില്‍ ക്യാരക്ടറെയാണ് ഷൈന്‍ അവതരിപ്പിച്ചത്. എന്‍റെ സെറ്റില്‍ അദ്ദേഹം വളരെ കംഫര്‍ട്ടിബളായിരുന്നു. ഒരു നടനെന്ന നിലയില്‍ മലയാളത്തിലെ മികച്ച നടന്‍മാരിലൊരാളാണ് ഷൈന്‍. ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്. അത് അദ്ദേഹത്തിനെക്കൊണ്ട് സാധിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. സാമ്പ്രദായികമായ അഭിനയ ശൈലിയുള്ള ചില നടന്‍മാരുണ്ട്. അവരെ നോക്കുമ്പോള്‍ ഷൈനിന് അദ്ദേഹത്തിന്‍റെതായ ഒരു ശൈലിയുണ്ട്...കമല്‍ പറഞ്ഞു.



TAGS :

Next Story