രണ്ടു പാട്ടുകള്‍ ചെയ്യാനാണ് പറഞ്ഞത്, അവസാനം അഞ്ചു പാട്ടുകളും എനിക്കു തന്നു; മരക്കാറിന്‍റെ സംഗീതസംവിധായകന്‍ റോണി റാഫേല്‍

ഇത്രയും വലിയൊരു പടത്തിലേക്ക് പാട്ടു ചെയ്യുമ്പോള്‍ എല്ലാവരും അംഗീകരിക്കപ്പെടുന്ന നല്ല ട്യൂണുകള്‍ ഉണ്ടാകണമല്ലോ

MediaOne Logo

ജെയ്സി തോമസ്

  • Updated:

    2021-12-03 05:56:48.0

Published:

3 Dec 2021 3:34 AM GMT

രണ്ടു പാട്ടുകള്‍ ചെയ്യാനാണ് പറഞ്ഞത്, അവസാനം അഞ്ചു പാട്ടുകളും എനിക്കു തന്നു; മരക്കാറിന്‍റെ സംഗീതസംവിധായകന്‍ റോണി റാഫേല്‍
X

വീണ്ടും വീണ്ടും കാണാന്‍ പ്രേരിപ്പിക്കുന്ന പഴയ പ്രിയദര്‍ശന്‍ ചിത്രങ്ങള്‍ പോലെയാണ്.. പ്രിയന്‍റെ സിനിമയിലെ പാട്ടുകളും..എപ്പോഴുമെപ്പോഴും കേള്‍ക്കാന്‍ തോന്നുന്ന പാട്ടുകള്‍. കണ്ടുകൊണ്ട് കേള്‍ക്കാന്‍ തോന്നുന്ന പാട്ടുകള്‍..പാട്ടുകളിലൂടെ പ്രിയന്‍ ഫ്രയിമില്‍ വരച്ചിടുന്നത് മുഴുവന്‍ അത്രയും മനോഹരങ്ങളായിരുന്നല്ലോ..

സിനിമയിലെ പാട്ടുകളുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത സംവിധായകനാണ് പ്രിയദര്‍ശന്‍. കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തിയ മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം എന്ന ചിത്രത്തിലും അതിനു മാറ്റമുണ്ടായില്ല. ഗൃഹാതുരത പെയ്യുന്ന പാട്ടുകള്‍ കേട്ട് ആസ്വാദകര്‍ ചോദിച്ചു ആരാണ് ഇവയ്ക്ക് ഇത്രയും ചേലുള്ള ഈണമിട്ടതെന്ന്. കേള്‍ക്കുന്നവര്‍ക്ക് പുതുമുഖമെന്ന് തോന്നുമെങ്കിലും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സംഗീതരംഗത്ത് നിശബ്ദ സാന്നിധ്യമായി നിറഞ്ഞുനില്‍ക്കുന്ന ആളാണ് റോണി റാഫേല്‍. പരസ്യചിത്രങ്ങള്‍ക്കു വേണ്ടി ജിംഗിളുകള്‍ ചെയ്തുകൊണ്ടായിരുന്നു റോണിയുടെ തുടക്കം. നിരവധി സിനിമകളിൽ കീബോർഡിസ്റ്റായും ഓർക്കസ്ട്രേഷനിലും മ്യൂസിക് അസിസ്റ്റന്‍റായുമൊക്കെ റോണി ജോലി ചെയ്തിട്ടുണ്ട്.

2004ല്‍ കല്യാണക്കുറിമാനം എന്ന ചിത്രത്തിലൂടെയാണ് റോണി സ്വതന്ത്ര സംവിധാനരംഗത്തേക്ക് ചുവടുമാറ്റുന്നത്. തുടര്‍ന്ന് കോളേജ് ഡെയ്സ് ഉള്‍പ്പെടെ ഒരു പിടി ചിത്രങ്ങള്‍ക്ക് ഈണം പകര്‍ന്നു. നിരവധി സിനിമകള്‍ക്ക് പശ്ചാത്തലസംഗീതമൊരുക്കിയും റോണി സിനിമയിലുണ്ടായിരുന്നു. ഭക്തിഗാനരംഗത്തെ പ്രശസ്തനായ സംഗീതസംവിധായകന്‍ ഒ.വി റാഫേലിന്‍റെ മകന്‍ കൂടിയാണ് റോണി. മരക്കാര്‍ എന്ന ചിത്രം തന്‍റെ ജീവിതത്തിലെ വഴിത്തിരിവാണെന്നാണ് റോണി പറയുന്നത്. മരക്കാറിലെ പാട്ടിനെക്കുറിച്ചും മറ്റും സംഗീതവിശേഷങ്ങളെക്കുറിച്ചും റോണി മീഡിയവണ്‍ ഓണ്‍ലൈനിനോട് സംസാരിക്കുന്നു.


മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ട്, ഒരു ബിഗ് ബജറ്റ് ചിത്രം മരക്കാറിന്‍റെ ഭാഗമാകുമ്പോള്‍ സമ്മര്‍ദമുണ്ടായിരുന്നോ?

തീര്‍ച്ചയായും സമ്മര്‍ദമുണ്ടായിരുന്നു. ഇതൊരു ബ്രഹ്മാണ്ഡ ചിത്രമല്ലേ. ഞാനൊക്കെ സ്വപ്നം കാണുന്നതിനും അപ്പുറമുള്ള സിനിമ. അത്രയും മികച്ച താരനിരയും സാങ്കേതിക വിദഗ്ധരുമൊക്കെയുള്ള ഒരു ചിത്രത്തിന്‍ ഭാഗമാവുക എന്നു പറഞ്ഞാല്‍ നിസാര കാര്യമല്ല. മരക്കാറിന്‍റെ സംഗീതസംവിധാനം നിര്‍വഹിക്കുക ഞാനാണെന്ന് അറിഞ്ഞപ്പോള്‍ ഉണ്ടായ എക്സൈറ്റ്മെന്‍റിന് ശേഷം കമ്പോസിങിലേക്ക് കടന്നപ്പോള്‍ ടെന്‍ഷനായിരുന്നു. ഇത്രയും വലിയൊരു പടത്തിലേക്ക് പാട്ടു ചെയ്യുമ്പോള്‍ എല്ലാവരും അംഗീകരിക്കപ്പെടുന്ന നല്ല ട്യൂണുകള്‍ ഉണ്ടാകണമല്ലോ. പിന്നെ നല്ലതും ചീത്തയും തിരിച്ചറിയാന്‍ കഴിവുള്ള സംവിധായകനാണ് പ്രിയന്‍ സാര്‍. അതിന്‍റെ ഒരു ധൈര്യം എനിക്കുണ്ടായിരുന്നു. നല്ലതു മാത്രമേ അദ്ദേഹം സ്വീകരിക്കൂ എന്ന ബോധ്യവും . പക്ഷെ പാട്ടുകള്‍ പുറത്തിറങ്ങുമ്പോള്‍ ആസ്വാദകര്‍ എങ്ങനെ സ്വീകരിക്കും എന്ന പേടിയും ഉണ്ടായിരുന്നു. ഇതുവരെയുള്ള പ്രിയദര്‍ശന്‍ സിനിമകളിലെ ഭൂരിഭാഗം പാട്ടുകളും ഹിറ്റുകളായിരുന്നല്ലോ. അതിന്‍റെതായ ടെന്‍ഷന്‍ വേറെ. മരക്കാറിനെ സംബന്ധിച്ചിടത്തോളം എല്ലാം സിറ്റുവേഷന്‍ ബേസ്ഡ് ആയിട്ടുള്ള പാട്ടുകളാണ്. പാട്ടുകള്‍ക്കു വേണ്ടി പാട്ടുണ്ടാക്കിയതല്ല. അതുകൊണ്ട് ആ രീതിയിലാണ് അതിന്‍റെ കമ്പോസിങും ഓര്‍ക്കസ്ട്രേഷനുമൊക്കെ ചെയ്തത്.

പ്രിയന്‍ സിനിമകളിലെ പാട്ടുകള്‍ എപ്പോഴും എക്കാലത്തെയും ഹിറ്റുകളാണ്. അങ്ങനെ നോക്കുമ്പോള്‍ അതൊരു വലിയ വെല്ലുവിളി ആയിരുന്നില്ലേ?

പ്രിയന്‍ സാറിന്‍റെ ഏത് സിനിമ നോക്കിയാലും അതിലെ പാട്ടുകള്‍ എല്ലാം ഹിറ്റാണ്. അങ്ങനെ നോക്കുമ്പോള്‍ അതൊരു ചെറിയ വെല്ലുവിളി ആയിരുന്നില്ല. അത്രയും ശ്രദ്ധിച്ചും സൂക്ഷിച്ചും വേണം ചെയ്യാന്‍. അതുകൊണ്ട് ഡെഡിക്കേറ്റഡ് ആയിട്ടാണ് മരക്കാറിന് വേണ്ടി ഈണമൊരുക്കിയത്. അദ്ദേഹത്തിന് വേണ്ടി ഒരു പാട് ട്യൂണുകള്‍ ഉണ്ടാക്കിയിട്ടില്ലെങ്കിലും ഏറ്റവും മികച്ചത് നല്‍കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അതിനുള്ള ധൈര്യം നല്‍കിയത് പ്രിയന്‍ സാര്‍ തന്നെയായിരുന്നു.


ഗാനചിത്രീകരണത്തിലൂടെ ഒരു ദൃശ്യവിസ്മയം തന്നെ ഒരുക്കുന്ന സംവിധായകനാണ് പ്രിയദര്‍ശന്‍. ഈണമിട്ട പാട്ടുകള്‍ വെള്ളിത്തിരയില്‍ കണ്ടപ്പോള്‍ എന്തുതോന്നി?

കണ്ണിലെന്‍റെ എന്ന പാട്ടിന്‍റെ ചിത്രീകരണ സമയത്ത് ഞാന്‍ ഹൈദരാബാദിലുണ്ടായിരുന്നു. നാലാമത്തെ പാട്ട് ഞാന്‍ അവിടെയിരുന്നാണ് കമ്പോസ് ചെയ്തത്. അപ്പോള്‍ അതു ചിത്രീകരിക്കുന്നത് കാണാനുള്ള ഭാഗ്യം കൂടി എനിക്കുണ്ടായി. അന്നു തന്നെ അതിന്‍റെ സ്ക്രിപ്റ്റും ഷൂട്ടിംഗൊക്കെ കണ്ട് ഞെട്ടിയിരുന്നു. അതിനു ശേഷം ഫൈനല്‍ മിക്സ് സമയത്ത് വിഷ്വല്‍സ് കണ്ടിരുന്നു. എനിക്ക് വിശ്വസിക്കാന്‍ സാധിച്ചില്ല. പാട്ട് ചിത്രീകരിക്കാന്‍ പ്രിയന്‍ സാറിനെ കഴിഞ്ഞിട്ടേ ഉള്ളൂ ആരുമെന്ന് നാം പറയാറുണ്ട്. അതിനെ അന്വര്‍ഥമാക്കും വിധം അതിമനോഹരമായ വിഷ്വല്‍സ് ആയിരുന്നു. എന്‍റെ പാട്ടുകള്‍ അത്ര ദൃശ്യഭംഗിയോടെ കണ്ടപ്പോള്‍ എന്‍റെ കണ്ണുനിറഞ്ഞുപോയി.ഗൃഹാതുരത്വം ഉണര്‍ത്തുന്ന പാട്ടുകളെന്നാണ് റോണിയുടെ പാട്ടിനെക്കുറിച്ചുള്ള സംഗീതാസ്വാദകരുടെ അഭിപ്രായം. സംവിധായകനും നായകനും എന്തുപറഞ്ഞു?

അങ്ങനെ കേള്‍ക്കുമ്പോള്‍ വളരെയധികം സന്തോഷം തോന്നുന്നു. പ്രിയന്‍ സാറിന്‍റെ കൂടെയുള്ള നാലാമത്തെ ചിത്രമാണിത്. ഒപ്പം സിനിമ തൊട്ട് കീബോര്‍ഡിസ്റ്റായിട്ട് ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. കാഞ്ചീവരം സിനിമക്ക് ശേഷമാണ് അദ്ദേഹവുമായി പരിചയത്തിലാകുന്നത്. അനാമിക എന്ന ഹിന്ദി ചിത്രത്തിന് ശേഷമാണ് മരക്കാറിലേക്ക് അവസരം ലഭിക്കുന്നത്. എന്‍റെ കഴിവ് തിരിച്ചറിഞ്ഞതുകൊണ്ടായിരിക്കുമല്ലോ അദ്ദേഹം എനിക്കൊരു അവസരം തന്നത്. അതിനു മുന്‍പുള്ള സിനിമകളിലെല്ലാം പശ്ചാത്തല സംഗീതമാണ് ചെയ്തത്. മരക്കാറിലെ പാട്ട് ചെയ്യാന്‍ അവസരം നല്‍കിയതിന് പ്രിയന്‍ സാറിനോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. ട്യൂണുകള്‍ അയക്കുമ്പോള്‍ കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമായിരുന്നു. പിന്നെ ലാല്‍ സാറിനെ എനിക്ക് ഷൂട്ടിംഗ് സമയത്തൊന്നും കാണാന്‍ പറ്റിയിട്ടില്ല. പ്രണവിനെയും കല്യാണിയെയും മാത്രമാണ് കണ്ടത്. അവര്‍ക്കെല്ലാവര്‍ക്കും പാട്ട് വളരെയധികം ഇഷ്ടമായി. നീയേ എന്‍ തായെ എന്ന ക്ലാസിക്കല്‍ സോംഗിനെക്കുറിച്ച് നെടുമുടി വേണു സാറും സന്തോഷും കീഴാറ്റൂരുമൊക്കെ നല്ല അഭിപ്രായം പറഞ്ഞിരുന്നു.


എങ്ങനെയാണ് മരക്കാറിന്‍റെ ഭാഗമാകുന്നത്?

ഒപ്പം സിനിമയുടെ ബാക്ക് ഗ്രൌണ്ട് സ്കോര്‍ ചെയ്തുകഴിഞ്ഞപ്പോള്‍ എന്‍റെ അടുത്ത സിനിമയുടെ പശ്ചാത്തല സംഗീതം ചെയ്യുന്നത് നീ ആയിരിക്കുമെന്ന് പ്രിയന്‍സാര്‍ എന്നോട് പറഞ്ഞു. മഹേഷിന്‍റെ പ്രതികാരത്തിന്‍റെ തമിഴ് റീമേക്കായ നിമിര്‍, അനാമിക എന്ന ചിത്രം. ഈ സമയത്താണ് മരക്കാറിന്‍റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ ചെന്നൈയില്‍ നടക്കുന്നത്. അന്ന് സംഗീതസംവിധായകന്‍ ആരാണ് എന്നൊന്നും തീരുമാനിച്ചിട്ടില്ല. പലരെയും നോക്കുന്നുണ്ട് എന്നൊക്കെ ഞാനറിഞ്ഞു. ഒരു പാട്ടെങ്കിലും ചെയ്യാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് ഞാനാഗ്രഹിച്ചിരുന്നു. പക്ഷെ ചോദിച്ചില്ല. അപ്പോഴാണ് ഇതിലെ രണ്ടു പാട്ട് റോണി കമ്പോസ് ചെയ്യണമെന്ന് പ്രിയന്‍ സാര്‍ പറയുന്നത്. ശരിക്കും അന്നെനിക്ക് ഉറങ്ങാന്‍ സാധിച്ചിട്ടില്ല. പിന്നീട് ചിത്രത്തിലെ അഞ്ചു പാട്ടുകള്‍ക്കും ഈണമിടാനുള്ള ഭാഗ്യം എനിക്കുണ്ടായി.മരക്കാറിന്‍റെ ഈണങ്ങളിലേക്ക് എങ്ങനെയാണ് സൂഫി പാട്ട് എത്തുന്നത്?

മൂന്നാമത് കമ്പോസ് ചെയ്ത പാട്ടാണ് സൂഫി സോംഗ്. എന്‍റെ വീട്ടിലിരുന്നാണ് ആ പാട്ട് ചെയ്തത്. പ്രിയന്‍ സാര്‍ വിളിച്ച് സിറ്റുവേഷന്‍ പറഞ്ഞുതന്നു. സൂഫി മിക്സ് ചെയ്ത ഒരു പ്രണയഗാനമാണെന്നാണ് പറഞ്ഞത്. ഒരു ഫാസ്റ്റ് റിഥം ആയിരിക്കണമെന്നും. എന്നാല്‍ മെലഡി ബേസ്ഡ് ആയിട്ടുള്ള ഒരു ട്യൂണ്‍ അയച്ചുകൊടുത്തു. അദ്ദേഹത്തിന് അത് ഇഷ്ടപ്പെട്ടു. ഇതില്‍ സൂഫി മിക്സ് ചെയ്യാന്‍ പറ്റുമോ എന്നു ചോദിച്ചു. കേട്ടിട്ടുണ്ട് എന്നല്ലാതെ ഇതുവരെ സൂഫി സോംഗ്സ് ഒന്നും ചെയ്തിട്ടില്ല. അതിനു വേണ്ടി ചെറിയ ഹോംവര്‍ക്ക് ചെയ്തിരുന്നു. അങ്ങനെയാണ് അതിലേക്ക് സൂഫി കൊണ്ടുവരുന്നത്. ഡമ്മി ലിറിക്സ് കൊല്ലം ഷാഫി ഗായകന്‍ സിയാഹുല്‍ ഹഖ് വഴി പറഞ്ഞുതന്നിരുന്നു. അങ്ങനെയാണ് സൂഫി പാട്ടിന്‍റെ പിറവി.

ചരിത്രവും ഭാവനയും ഇടകലര്‍ത്തിയൊരുക്കിയ ചിത്രമാണ് മരക്കാര്‍. അത്തരമൊരു ചിത്രത്തിലേക്ക് പാട്ടുകളൊരുക്കുമ്പോള്‍ എന്തെങ്കിലും റഫറന്‍സുകള്‍ ഉണ്ടായിരുന്നോ?

റഫറന്‍സുകള്‍ ഒന്നുമുണ്ടായിരുന്നില്ല. ആദ്യം ചെയ്തത് താരാട്ടുപാട്ടായിരുന്നു. കുഞ്ഞുകുഞ്ഞാലി എന്ന വാക്ക് വച്ചു തുടങ്ങണം എന്നു പറഞ്ഞിരുന്നു. അതുവച്ച് കീബോര്‍ഡില്‍ ഒരു ട്യൂണ്‍ വായിച്ചു. അത് പ്രിയന്‍ സാറിന് ഇഷ്ടപ്പെട്ടു. പിന്നീട് അത് ഇംപ്രോവൈസ് ചെയ്ത് പാടികേള്‍പ്പിച്ചു. അതു അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. പിന്നെ അനുപല്ലവി ചെയ്തു. ഗാനം പൂര്‍ത്തിയായപ്പോള്‍ ഇതാണ് എന്‍റെ പടത്തിലെ ഫസ്റ്റ് പാട്ട് എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ചിത്രത്തിലെ സിറ്റുവേഷനുകള്‍ പറഞ്ഞ് അതുമായി റിലേറ്റ് ചെയ്ത് ഈണമൊരുക്കുകയായിരുന്നു.


ഒന്നര ദശകമായി സിനിമഗാനരംഗത്തുള്ളയാള്‍ മുഖ്യധാരയില്‍ നിന്നും മനപൂര്‍വം അകലം പാലിക്കുകയായിരുന്നോ?

മനപൂര്‍വം മാറിനിന്നതല്ല. എന്നെ സംബന്ധിച്ചിടത്തോളം സോഷ്യല്‍മീഡിയയിലൊന്നും ഞാനത്ര സജീവമല്ല. സ്വയം പ്രമോഷന്‍ നടത്തണമെന്നൊക്കെ സുഹൃത്തുക്കള്‍ പറയാറുണ്ട്. നമുക്ക് കഴിവുണ്ടെങ്കില്‍ അവസരങ്ങള്‍ തേടിവരുമെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. ആ രീതിയിലാണ് മുന്നോട്ടുപൊയ്ക്കൊണ്ടിരിക്കുന്നത്. ഇപ്പോഴും പല പാട്ടുകളും കേട്ടിട്ട് അത് ചെയ്തത് റോണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് പലരും പറയാറുണ്ട്.

പശ്ചാത്തലസംഗീതത്തോട് കുറച്ച് ഇഷ്ടക്കൂടുതല്‍ ഉണ്ടല്ലേ?

പശ്ചാത്തല സംഗീതം ഒരു സിനിമയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഒരു സിനിമയെ മികച്ചതാക്കാനും നശിപ്പിക്കാനും ബി.ജി.എമ്മിന് പറ്റും. ഒരു സിനിമ എന്താണെന്ന് അറിഞ്ഞ് അതിന് പശ്ചാത്തല സംഗീതം ചെയ്യുമ്പോഴാണ് അത് ഏറ്റവും ഭംഗിയാകുന്നത്. ബാക്ക് ഗ്രൌണ്ട് സ്കോര്‍ ചെയ്യാനാണ് എനിക്ക് കൂടുതല്‍ അവസരങ്ങള്‍ വന്നിട്ടുള്ളത്. ഏറ്റവും ബുദ്ധിമുട്ടുള്ളതും പശ്ചാത്തലസംഗീതം ചെയ്യാനാണ്. ആദ്യം ചെയ്ത വര്‍ക്കുകള്‍ ഇഷ്ടപ്പെട്ടിട്ടാവും തുടര്‍ന്നും അവസരങ്ങള്‍ എന്നെ തേടി വന്നത്. പാട്ടുകളും ചെയ്യാനും ഇഷ്ടമാണ്. പിന്നെ പാട്ടുകള്‍ ചെയ്യുമ്പോള്‍ കൂടുതല്‍ ഓപ്ഷന്‍സ് ഉണ്ട്. നമുക്ക് തൃപ്തിയില്ലെങ്കില്‍ എത്ര ട്യൂണ്‍ വേണമെങ്കിലും ചെയ്യാം. അതു സംവിധായകനെ കേള്‍പ്പിച്ചാല്‍ മതി. പിന്നെ സംവിധായകന്‍ വേറെ ട്യൂണ്‍ മതിയെന്ന് പറഞ്ഞാല്‍ മാറ്റാം. എന്നാല്‍ ബാക്ക് ഗ്രൌണ്ട് സ്കോര്‍ പൊതുവെ റിലീസ് ഡേറ്റൊക്കെ തീരുമാനിച്ച ശേഷമാണ് വരുന്നത്. എല്ലാം ചിത്രങ്ങളുടെയും കാര്യമല്ല. അപ്പോള്‍ നമ്മള്‍ പരിമിതമായ സമയത്ത് നന്നായി ചെയ്യാന്‍ ശ്രമിക്കുക, അതൊരു വെല്ലുവിളി നിറഞ്ഞ ജോലി തന്നെയാണ്. ആ ചലഞ്ച് ഏറ്റെടുത്ത് ചെയ്യാന്‍ എനിക്ക് വളരെയധികം ഇഷ്ടമാണ്. അത് എനിക്ക് കൂടുതല്‍ ഗുണം ചെയ്തിട്ടുണ്ട്. ദൈവാനുഗ്രഹം കൊണ്ട് ചെയ്ത പടങ്ങളെല്ലാം നന്നായി വന്നിട്ടുണ്ട്.


ഹംഗാമ 2 എന്ന ബോളിവുഡ് ചിത്രത്തിന് പശ്ചാത്തല സംഗീതം നല്‍കിയിരുന്നല്ലോ? അതിനെക്കുറിച്ച് ഒന്നു വിശദമാക്കാമോ?

മരക്കാറിന് ശേഷമാണ് ഹംഗാമ 2 ഞാന്‍ ചെയ്യുന്നത്. അതിലൂടെ വീനസ് എന്ന വലിയ കമ്പനിയുടെ ഭാഗമാകാന്‍ സാധിച്ചു. അതിന് പ്രിയന്‍ സാറിനോടാണ് ഞാന്‍ നന്ദി പറയുന്നത്. മിന്നാരത്തിന്‍റ ഹിന്ദി റീമേക്കാണ് ഹംഗാമ 2. അതിനു മുന്‍പ് പ്രിയന്‍ സാറിന്‍റെ അനാമിക എന്ന ചിത്രം ചെയ്തിട്ടുണ്ട്. അതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഹംഗാമ 2. നല്ലൊരു അനുഭവമായിരുന്നു. ലൈവ് ഓര്‍ക്കസ്ട്രയൊക്കെ വച്ചാണ് ചെയ്തത്. ചെന്നൈയില്‍ ഇരുന്നാണ് ആ വര്‍ക്ക് പൂര്‍ത്തീകരിച്ചത്. നന്നായി ചെയ്യാന്‍ സാധിച്ചു എന്നാണ് വിശ്വാസം.


അച്ഛന്‍ തന്നെയാണോ സംഗീതരംഗത്തെ ഗുരു?

തീര്‍ച്ചയായും ഡാഡി തന്നെയാണ് എന്‍റെ ഗുരു. കാരണം ജനിച്ചുവളര്‍ന്നത് ഒരു സംഗീതകുടുംബത്തിലാണ്. കേരളത്തിലെ തന്നെ ആദ്യ കീബോര്‍ഡായ വെല്‍സണ്‍ അതിപ്പോഴും കൂടെയുണ്ട്. അതിലാണ് ഞാനാദ്യമായി വിരലുകളോടിച്ചത്. അന്നു തൊട്ടെ സംഗീതമായിരുന്നു മനസില്‍. വളരുന്തോറും ആഗ്രഹം കൂടിക്കൂടിവന്നു. ഡാഡിയും മമ്മിയും വളരെയധികം പ്രോത്സാഹനം നല്‍കി. ബികോമാണ് പഠിച്ചതെങ്കിലും എനിക്ക് താല്‍പര്യം സംഗീതത്തിലാണെന്ന് കണ്ടു എന്നെ അതിലേക്ക് തന്നെ തിരിച്ചുവിട്ടത് അവരായിരുന്നു.

TAGS :

Next Story