Quantcast

'എന്‍റെ പിറന്നാളിനും മരിച്ചു... അയല്‍വക്കത്ത് ഒരമ്മൂമ്മ...'

ജാന്‍.എ.മന്‍ ഉണ്ടായതെങ്ങനെയെന്ന് സംവിധായകന്‍ ചിദംബരം...

MediaOne Logo

ഹരിഷ്മ വടക്കിനകത്ത്

  • Updated:

    2021-12-01 13:55:28.0

Published:

1 Dec 2021 1:17 PM GMT

എന്‍റെ പിറന്നാളിനും മരിച്ചു... അയല്‍വക്കത്ത് ഒരമ്മൂമ്മ...
X

സിനിമ കണ്ടാല്‍ മതിമറന്ന് ചിരിക്കാന്‍ പറ്റണം, കഥ പറച്ചിലില്‍ പുതുമ വേണം, കഥാസന്ദര്‍ഭങ്ങളെ റിലേറ്റ് ചെയ്യാന്‍ പറ്റണം, തിയേറ്റര്‍ വിട്ട് ഇറങ്ങിയാലും അത് കൂടെ ഇങ്ങ് പോരണം... സിനിമാസ്വാദനത്തിനുള്ള നിങ്ങളുടെ മാനദണ്ഡങ്ങള്‍ ഇതൊക്കെയാണെങ്കില്‍ മടിക്കാതെ കേറാം ജാന്‍.എ.മന്നിന്. മലയാളത്തിലെ യുവ താരനിര ഒന്നിക്കുന്ന മികച്ച കോമഡി എന്റര്‍ടെയ്‌നറാണ് നവാഗതനായ ചിദംബരം സംവിധാനം ചെയ്ത ജാന്‍.എ.മന്‍. മേല്‍പ്പറഞ്ഞ ആസ്വാദനത്തിന്‍റെ ചേരുവകളെല്ലാം ചേര്‍ന്ന ഒരൈറ്റം. ഏകാന്തതയും സൗഹൃദവും പകയും കുടുംബബന്ധങ്ങളിലെ സംഘർഷങ്ങളും നഷ്ടപ്രണയത്തിന്‍റെ നോവുമൊക്കെയായി വികാരങ്ങളുടെ മലക്കം മറിച്ചിലാണ് ആകെമൊത്തത്തില്‍ ജാന്‍.എ.മന്നെന്ന് പറയാം...തന്‍റെ ആദ്യ ചിത്രം മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുമ്പോള്‍ സന്തോഷം പങ്കുവെച്ച് ചേരുകയാണ് സംവിധായകന്‍ ചിദംബരം...


തിയറ്ററിൽ നിറഞ്ഞ കയ്യടിയും ചിരിയുമായി ജാന്‍.എ.മൻ മുന്നേറുകയാണ്, പ്രതീക്ഷിച്ചിരുന്നോ ഈ വിജയം?

സിനിമ മോശമാവില്ലെന്നും ആളുകള്‍ക്ക് ഇഷ്ടപ്പെടുമെന്നും വിശ്വാസമുണ്ടായിരുന്നു. പക്ഷേ, ഇത്രത്തോളം സ്വീകരിക്കപ്പെടുമെന്നോ എല്ലാവരും പോയി കാണുകയും വന്‍ വിജയമാക്കി തീര്‍ക്കുകയും ചെയ്യുമെന്നോ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഭയങ്കര പോസിറ്റീവായ പ്രതികരണങ്ങളാണെത്തുന്നത്. വെറുമൊരു കോമഡി പടമെന്നതിനപ്പുറം സ്വന്തം ജീവിത സാഹചര്യങ്ങളുമായി കണക്ട് ചെയ്യാന്‍ സാധിക്കുന്നുവെന്നാണ് പലരും വിളിച്ച് പറയുന്നത്. മിക്ക കഥാപാത്രങ്ങളെയും സന്ദര്‍ഭങ്ങളും റിലേറ്റ് ചെയ്യാന്‍ പറ്റുന്നുണ്ടെന്ന് പലരും പറ‍ഞ്ഞു. ബേസില്‍ ജോസഫ് അവതരിപ്പിച്ച ജോയ് മോന്‍റെ ജീവിതം എന്‍റെ ജീവിതംപോലെയാണെന്നൊക്കെ പറഞ്ഞ് കാനഡ, റഷ്യ, യുഎസ്, ദുബായ് എന്നിവിടങ്ങളില്‍ നിന്ന് കുറേ പ്രവാസികളുടെ മെസ്സേജ് വന്നു. പ്രതീക്ഷകള്‍ക്കപ്പുറം ഇങ്ങനെയൊക്കെ കേള്‍ക്കുമ്പോള്‍ വളരെ സന്തോഷം. 'താങ്ക് യു ഫോര്‍ ദ മൂവീ..,' സിനിമയ്ക്ക് നന്ദി എന്നാണ് എനിക്ക് ഏറ്റവും കൂടുതല്‍ കിട്ടുന്ന ഫീഡ്ബാക്ക്. ആളുകള്‍ സിനിമയില്‍ 'ഫണ്‍ എലമെന്‍റ് ' എത്രത്തോളം മിസ്സ് ചെയ്യുന്നു എന്നതിന്‍റെ തെളിവാണത്.


ജോയ് മോനും ചിദംബരവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ജാന്‍.എ.മന്നിന്‍റെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കഥയ്ക്കും കഥാപാത്രങ്ങൾക്കും പ്രചോദനമായതെന്താണ്?

ജോയ് മോന്‍ എന്ന കഥാപാത്രത്തിന് ചിദംബരവുമായി യാതൊരു ബന്ധവുമില്ല. പക്ഷെ കഥയുടെ 'ത്രഡ്ഡ്' എന്‍റെ ജീവിതത്തില്‍ തന്നെ സംഭവിച്ചതാണ്. എന്‍റെ ബര്‍ത്ത്ഡേ ആഘോഷിക്കാന്‍ ഞങ്ങള്‍ ഒരു സുഹൃത്തിന്‍റെ വീട്ടില്‍ ഒത്തുകൂടുകയും അതിന് എതിര്‍ വീട്ടിലുള്ള ഒരു അമ്മൂമ്മ അന്ന് മരിക്കുകയുമുണ്ടായി. അവിടെ നിന്നാണ് ഈ കഥ ജനിക്കുന്നത്. ബാക്കി കഥാപാത്രങ്ങളെയൊക്കെ സൃഷ്ടിച്ചെടുത്തതാണ്. ജീവിതത്തില്‍ കണ്ട ഓരോ ആള്‍ക്കാരെ പ്ലേസ് ചെയ്യുകയായിരുന്നു. പിന്നെ, എല്ലാ കഥാപാത്രങ്ങളും വ്യത്യസ്തമായിരിക്കണമെന്ന് തോന്നി. അങ്ങനെ പലപ്പോഴായി കണ്ട ആളുകളുടെ സ്വഭാവ ഗുണങ്ങള്‍ ഓരോ കഥാപാത്രങ്ങള്‍ക്കും നല്‍കുകയായിരുന്നു.

സിനിമയുടെ കഥാസന്ദർഭങ്ങൾ അത്രക്കണ്ട് ഫലിപ്പിക്കാൻ കഥാപാത്രങ്ങൾക്കെല്ലാം സാധിച്ചിട്ടുണ്ട്, ചിത്രത്തിന്റെ കാസ്റ്റിംഗ് എളുപ്പമായിരുന്നോ?

കാസ്റ്റിംഗ് അത്ര പ്രയാസമായിരുന്നില്ല, കാരണം അര്‍ജുന്‍ അശോകിനെയും ബാലു വര്‍ഗീസിനെയുമൊക്കെ എനിക്ക് നേരത്തെ പരിചയമുണ്ട്. സുഹൃത്തുക്കളാണ്. സിനിമയുടെ നിര്‍മാതാവിനെ തന്നെ അര്‍ജുന്‍ മുഖേനയാണ് കിട്ടിയത്. കഥ 'ഡവലപ്' ചെയ്യുന്ന തുടക്കക്കാലം മുതല്‍ ബാലു വര്‍ഗീസിനൊക്കെ അറിയാമായിരുന്നു കഥാപാത്രമെന്താണെന്നത്. എന്നാല്‍, ബേസിലായിരുന്നു എനിക്ക് പരിചയമില്ലാത്തയാള്‍. ഞങ്ങള്‍ നേരത്തെ ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടില്ല. അപ്പോള്‍ ബേസിലിനെ കണ്ടെത്തലായിരുന്നു 'ടഫ് ടാസ്ക്'. പിന്നെ ഫസ്റ്റ് ഹാള്‍ഫ് സ്ക്രിപ്റ്റ് എഴുതി ബേസിലിന്‍റെയടുത്ത് കഥപറഞ്ഞപ്പോള്‍ പുള്ളിക്ക് ഇഷ്ടമായി. ബേസിലില്ലെങ്കില്‍ ഈ പടം മുന്നോട്ട് പോകില്ലെന്ന് ഞാന്‍ പുള്ളിയോട് പറ‍ഞ്ഞിരുന്നു. അത് സത്യമായി കാരണം, ബേസിലാണ് പടത്തില്‍ കോമഡിയുടെ ഒരു മീറ്റര്‍ കൊണ്ടു വന്നത്.


മരണ വീടും പിറന്നാള്‍ ആഘോഷങ്ങളും പരസ്പര വിരുദ്ധമായ ചില വികാരങ്ങളുമാണ് സിനിമയെ മുന്നോട്ട് കൊണ്ടു പോകുന്നത്. ഇത് പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന് ആശങ്കയുണ്ടായിരുന്നോ?

ചെറുതായൊരു ആശങ്കയുണ്ടായിരുന്നു.. ഇല്ലെന്ന് പറയാന്‍ സാധിക്കില്ല. ആളുകള്‍ക്ക് രണ്ടു സാഹചര്യങ്ങളും ഉള്‍ക്കൊള്ളാന്‍ സാധിക്കണമല്ലോ. പിന്നെ, മരണ വീടിന്‍റെ അന്തരീക്ഷമുണ്ടാക്കാന്‍ അതിനനുസരിച്ച ക്യാമറ മൂവ്മെന്‍റും ലൈറ്റിംഗും മറ്റും സെറ്റ് ചെയ്തു. പിറന്നാള്‍ ആഘോഷത്തിന് നേരെ തിരിച്ചാണ് ചെയ്തത്. കഥ എഴുതുന്ന ഘട്ടം മുതല്‍ക്കെ അതിന്‍റെ ട്രാന്‍സിഷനും കട്ട്സും ഒക്കെ ഫിക്സ് ചെയ്തിരുന്നു.

തിയറ്ററിലേക്ക് വേണ്ടി തന്നെയായിരുന്നോ ജാന്‍.എ.മന്‍ ഒരുക്കിയത്?

സിനിമയുടെ കഥയെഴുതിയതും പ്ലാന്‍ ചെയ്തതുമൊക്കെ ഒ.ടി.ടിക്ക് വേണ്ടിയായിരുന്നു. എഡിറ്റ് കഴിഞ്ഞപ്പോഴാണ് പ്രൊഡ്യൂസറും ഡിസ്ട്രിബ്യൂട്ടേഴ്സും തിയറ്റര്‍ റിലീസ് സംബന്ധിച്ച് തീരുമാനമെടുത്തത്. പിന്നെ, ഏതൊരു സിനിമാക്കാരന്‍റെയും ആഗ്രഹം സിനിമ തിയറ്ററില്‍ കാണണമെന്നതാണ്. ആദ്യത്തെ സിനിമ തിയറ്ററില്‍ തന്നെ കാണാന്‍ പറ്റിയതില്‍ ഭാഗ്യമുണ്ട്. കൂടാതെ, തിയറ്ററില്‍ ഇറങ്ങിയതുകൊണ്ടാണ് സിനിമയുടെ ഗ്രോത്ത് കാണാന്‍ പറ്റിയത്.


സൂപ്പര്‍ സ്റ്റാറുകളുടെ സിനിമകള്‍ക്കൊപ്പമെത്തിയത് വിനയായോ?

തിയറ്റര്‍ വീണ്ടും തുറന്ന് കുറുപ്പ് പോലുള്ള സിനിമകള്‍ക്കൊപ്പമാണ് ജാന്‍.എ.മന്‍ വരുന്നത്. അതിലൊരു ആശങ്കയുണ്ടായിരുന്നു. പക്ഷെ അതേസമയം, കുറുപ്പ് കാണാന്‍ ആളുകള്‍ തിയറ്ററിലെത്തിയപ്പോള്‍ അതിന്‍റെ ഗുണം ഞങ്ങള്‍ക്കും കിട്ടി. കുറുപ്പെന്ന സിനിമയോട് എനിക്കതിന് നന്ദിയുണ്ട്. ഫാമിലി പ്രേക്ഷകരാണ് ജാന്‍.എ.മന്നിന് ഏറ്റവും കൂടുതല്‍. മൗത്ത് പബ്ലിസിറ്റിയാണ് ഏറ്റവും കൂടുതല്‍ കിട്ടുന്നത്. ആളുകള്‍ പടം കണ്ട് അഭിപ്രായം പറഞ്ഞ്, പറഞ്ഞാണ് മറ്റുള്ളവര്‍ തിയറ്ററിലെത്തുന്നത്. അല്ലാതെ, ഭയങ്കര പ്രൊമോഷനൊന്നും സിനിമയ്ക്ക് കൊടുത്തിരുന്നില്ല. കേരളത്തില്‍ അങ്ങോളമിങ്ങോളം ഒരൊറ്റ ഫ്ലക്സ് പോലും ജാന്‍.എ.മന്നിനുണ്ടായിരുന്നില്ല.

90 സ്ക്രീനുകളിലാണ് ചിത്രം ആദ്യം പ്രദര്‍ശിപ്പിച്ചത്. ഇപ്പോള്‍ അത് 150 സ്ക്രീനുകളിലേക്കെത്തി. കഴിഞ്ഞ ഞായറാഴ്ച മാത്രം 350 ഹൗസ്ഫുള്‍ ഷോയുമുണ്ടായിരുന്നു. പക്ഷെ അങ്ങനെയെത്തിയിരിക്കുമ്പോള്‍ ഇതാ മരക്കാര്‍ ഇറങ്ങാന്‍ പോകുന്നു. നമ്മുടെ സ്ക്രീനുകളുടെ എണ്ണം താഴേക്ക് പോകുകയാണ്. അതില്‍ ചെറിയ വിഷമമുണ്ട് എന്തായാലും.


നടൻ ഗണപതി സഹോദരനും സഹപ്രവർത്തകനുമാണ്, ജാന്‍.എ.മന്നിന്‍റെ രചനയിലും ഗണപതിക്ക് പങ്കാളിത്തമുണ്ടല്ലോ, എങ്ങനെയാണ് അനുജനുമായുള്ള കെമിസ്ട്രി? സിനിമയിലേക്കുള്ള ചിദംബരത്തിന്‍റെ യാത്ര എങ്ങനെയായിരുന്നു?

ഗണപതിയും ഞാനും ആദ്യമായല്ല ഒരുമിച്ച് വര്‍ക്ക് ചെയ്യുന്നത്. നേരത്തെയും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. അവന്‍ ക്യാമറയ്ക്ക് മുന്നിലും ഞാന്‍ പിന്നിലുമായിട്ട്. ജാന്‍.എ.മന്നിന്‍റെ കഥയെഴുതുന്ന ആദ്യ ഘട്ടത്തില്‍ തന്നെ ഗണപതിയുടെയും സപ്നേഷിന്‍റെയും 'കോണ്‍ട്രിബ്യൂഷന്‍സ്' ഉണ്ടായിരുന്നു. അങ്ങനെയാണ് അവര്‍ രചനയുടെ ഭാഗമാകുന്നത്.

ഞാന്‍ കോളജ് പഠനത്തിന് ശേഷമാണ് സംവിധായകന്‍ ജയരാജിന്‍റെ കൂടെ അസിസ്റ്റന്‍റായിട്ട് കയറുന്നത്. പിന്നെ രാജീവ് രവി, കെ.വി മോഹനന്‍ തുടങ്ങി ഛായാഗ്രാഹകര്‍ക്കൊപ്പം വര്‍ക്ക് ചെയ്തു. അങ്ങനെ, ഈട, തൊണ്ടിമുതലും ദൃക്സാക്ഷിയും, കമ്മട്ടിപ്പാടം തുടങ്ങി കുറേ നല്ല പടങ്ങളുടെ ഭാഗമായി. ഇപ്പോള്‍ പതിനഞ്ച് വര്‍ഷത്തോളമായി ഫീല്‍ഡിലുണ്ട്.

ജാന്‍.എ.മന്‍ പോലെ ചിരിയുടെ മാലപടക്കവുമായി തന്നെയാണോ അടുത്ത വരവ്?

ഈ ചിരി സംഭവിച്ചു പോയതാണ്. ഇത്തരം സിനിമകള്‍ തന്നെ ചെയ്യുമെന്നൊന്നുമില്ല. സബ്ജക്ട് മാറ്റി മാറ്റി പിടിക്കുക തന്നെയാണ് തീരുമാനം. ഇനിയും പ്ലാനുകളുണ്ട്. പക്ഷെ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നതേയുള്ളൂ.

TAGS :

Next Story