Quantcast

ജയമോഹനേപ്പോലെ ഒരു ആര്‍.എസ്.എസ്സുകാരനെ പ്രകോപിപ്പിച്ചതിന് ചിദത്തിന് ബിഗ് സല്യൂട്ട്: സതീഷ് പൊതുവാള്‍

പണിയെടുക്കുന്നവര്‍ക്കിടയിലെ ആത്മ ബന്ധമാണ് ചിദം കാണിച്ചത്. അത് പരിവാരത്തിന് ദഹിക്കാത്തതില്‍ അത്ഭുതമില്ലെന്ന് സതീഷ് പൊതുവാള്‍

MediaOne Logo

Web Desk

  • Published:

    11 March 2024 3:47 AM GMT

ജയമോഹനേപ്പോലെ ഒരു ആര്‍.എസ്.എസ്സുകാരനെ പ്രകോപിപ്പിച്ചതിന് ചിദത്തിന് ബിഗ് സല്യൂട്ട്: സതീഷ് പൊതുവാള്‍
X

ചിദംബരം എസ് പൊതുവാള്‍ സംവിധാനം ചെയ്ത ചിത്രം 'മഞ്ഞുമ്മല്‍ ബോയിസി'നെതിരെ എഴുത്തുകാരന്‍ ബി.ജയമോഹന്‍ നടത്തിയ വിമര്‍ശനത്തോട് പ്രതികരിച്ച് ചിദംബരത്തിന്റെ പിതാവ് സതീഷ് പൊതുവാള്‍. ജയമോഹനേപ്പോലെ ഒരു ആര്‍.എസ്.എസ്സുകാരനെ പ്രകോപിപ്പിച്ചതിന് ചിദത്തിന് ബിഗ് സല്യൂട്ട് നല്‍കുന്നുവെന്ന് സതീഷ് പൊതുവാള്‍ ഫേസ്ബുക്കില്‍ കുറിച്ചു.

'മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമ ആര്‍.എസ്.എസ് കേഡറായ ജയമോഹനനെ പ്രകോപിപ്പിച്ചതില്‍ അത്ഭുതപ്പെടേണ്ടെന്ന് പറഞ്ഞത് പ്രിയ സുഹൃത്ത് ഓ.കെ ജോണിയാണ്. കാരണം, ഇതിലെ കഥാപാത്രങ്ങളെല്ലാം പെയിന്റ് പണിക്കാരോ മീന്‍ വെട്ടുകാരോ ആയ സാധാരണക്കാരാണ്. ആറാം തമ്പുരാന്റെ വംശപരമ്പരയില്‍ നിന്ന് ആരുമില്ല! കയ്യില്‍ ചരടുകെട്ടിയവരുമില്ല! പണിയെടുക്കുന്നവര്‍ക്കിടയിലെ ആത്മ ബന്ധമാണ് ചിദം കാണിച്ചത്. അത് പരിവാരത്തിന് ദഹിക്കാത്തതില്‍ അത്ഭുതമില്ല'- സതീഷ് പൊതുവാള്‍ കുറിപ്പില്‍ പറയുന്നു. ജയമോഹനേപ്പോലെ ഒരു ആറെസ്സെസ്സുകാരെ പ്രകോപിപ്പിച്ചതിന് ചിദത്തിന് ഒരു ബിഗ് സല്യൂട്ട് എന്നും കുറിപ്പില്‍ പറയുന്നുണ്ട്.

ജയമോഹനെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസവും സതീഷ് പൊതുവാള്‍ കുറിപ്പ് പങ്കുവച്ചിരുന്നു. 'യെവനാര്? മഹാത്മാ ഗാന്ധ്യാ?' എന്ന് തുടങ്ങുന്ന കുറിപ്പില്‍ ജയമോഹന് മലയാളികളെക്കുറിച്ച് ഒരു ചുക്കും അറിയില്ലെന്നും അത് അദ്ദേഹം എഴുത്തിലൂടെ മുന്നേ തന്നെ സാക്ഷ്യപ്പെടുത്തിയതാണെന്നും ഇപ്പോള്‍ തമിഴരെയും അറിയില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നുവെന്നുമാണ് സതീഷ് പൊതുവാള്‍ കുറിച്ചത്.

ജയമോഹന്റെ അഭിപ്രായത്തോട് വിയോജിച്ച് എഴുത്തുകാരനും സംവിധായകന്‍ പത്മരാജന്റെ മകനുമായ അനന്തപത്മനാഭന്‍ രംഗത്തെത്തി.

ദേശാടനക്കിളികള്‍ കരയാറില്ല എന്ന ചിത്രം പുറത്തിറങ്ങിയ സമയത്ത് ഉയര്‍ന്ന വിമര്‍ശനത്തെയും എന്നാല്‍ അന്ന് സിനിമയുടെ സംവിധായകനായ പത്മരാജന്‍ അതിനോട് പ്രതികരിക്കാതിരുന്നതും ഓര്‍മ്മിപ്പിച്ചായിരുന്നു അനന്തപത്മനാഭന്റെ ഫേസ്ബുക്ക് പോസ്റ്റ്.

സിനിമ തന്നെ അലോസരപ്പെടുത്തിയെന്നും മറ്റു മലയാള സിനിമകളെ പോലെ ലഹരി ആസക്തിയെ സാമാന്യവത്കരിക്കുകയാണ് സിനിമയെന്നും മദ്യപാനാസക്തിയെയും വ്യഭിചാരത്തെയും സാമാന്യവല്‍ക്കരിക്കുന്ന സിനിമകള്‍ എടുക്കുന്ന സംവിധായകര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുക്കണമെന്നുമായിരുന്നു ജയമോഹന്റെ ആരോപണം.'മഞ്ഞുമ്മല്‍ ബോയ്സ് പൊറുക്കികളിന്‍ കൂത്താട്ടം' എന്ന പേരില്‍ പ്രസിദ്ധീകരിച്ച വ്ലോഗിലായിരുന്നു വിമര്‍ശനം.

Next Story