Quantcast

'ചിത്രങ്ങൾ മോര്‍ഫ് ചെയ്തോ, എനിക്കൊരു പുല്ലുമില്ല, ഇത്തരം ഫോട്ടോകളുണ്ടാക്കുന്നത് വളര്‍ത്തുദോഷമുള്ള പുരുഷന്മാൻ'; ചിൻമയി

സാങ്കേതികവിദ്യയിലുണ്ടായ അതിവേഗ വളര്‍ച്ച സ്ത്രീകള്‍ക്കെതിരെ ഉപയോഗിക്കുന്നതും ചിന്‍മയി ചൂണ്ടിക്കാണിക്കുന്നു

MediaOne Logo

Web Desk

  • Published:

    11 Dec 2025 1:10 PM IST

ചിത്രങ്ങൾ മോര്‍ഫ് ചെയ്തോ, എനിക്കൊരു പുല്ലുമില്ല, ഇത്തരം ഫോട്ടോകളുണ്ടാക്കുന്നത് വളര്‍ത്തുദോഷമുള്ള പുരുഷന്മാൻ; ചിൻമയി
X

ചെന്നൈ: തന്‍റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ഗായികയും ഡബ്ബിംഗ് ആര്‍ടിസ്റ്റുമായ ചിന്മയി ശ്രീപദ. മോര്‍ഫ് ചെയ്ത ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു ചിന്മയിയുടെ പ്രതികരണം. തന്‍റെ കുട്ടികൾക്ക് വധഭീഷണിയുണ്ടെന്നും ഗായിക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.

''കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഞാന്‍ നേരിടുന്ന ചില കാര്യങ്ങള്‍ പറയാന്‍ ഉദ്ദേശിക്കുന്നു. പറയാന്‍ പോകുന്ന കാര്യം എല്ലാ പെണ്‍കുട്ടികളും അവരുടെ മാതാപിതാക്കളും അറിയണം. എല്ലാ പെണ്‍കുട്ടികളുമായി പങ്കുവെക്കണം. കാരണം ഇത് പ്രധാനപ്പെട്ടതാണെന്ന മുഖവുരയോടെയാണ്'' ചിന്മയിയുടെ വീഡിയോ തുടങ്ങുന്നത്.

''കുറച്ച് ആഴ്ചകള്‍ മുമ്പ് എന്റെ ഭര്‍ത്താവ് മംഗളസൂത്രയെക്കുറിച്ചൊരു പരാമര്‍ശം നടത്തി. അതല്ല ഈ വിഡിയോയുടെ വിഷയം. എനിക്ക് അതിക്രമം നേരിട്ടത് മുതല്‍ എന്റെ കുട്ടികളെ ഭീഷണിപ്പെടുത്തുകയാണ്. ചരണ്‍ റെഡ്ഡി, ലോഹിത് റെഡ്ഡി തുടങ്ങിയവര്‍ക്കെതിരെ ഞാന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ട്വിറ്ററിലൂടെ ലോഹിത് റെഡ്ഡിയും മറ്റ് ചിലരും പറഞ്ഞത് അവര്‍ക്ക് ഇഷ്ടമില്ലാത്ത സ്ത്രീകള്‍ക്ക് കുട്ടികള്‍ ഉണ്ടാകാന്‍ പാടില്ല, ഇനി അഥവാ ഉണ്ടായാല്‍ ഉടനെ തന്നെ മരിച്ചു പോകണമെന്നാണ്.

ഇത് പങ്കുവെക്കുകയും കയ്യടിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന പുരുഷന്മാരുണ്ട്. ആരും തന്നെ ഇതിനെ വിമര്‍ശിക്കുന്നു. ചിലരുടെ വ്യാജ സോറികളൊക്കെ ഞാന്‍ കണ്ടിരുന്നുവെങ്കിലും. വര്‍ഷങ്ങളായി സോഷ്യല്‍ മീഡിയയില്‍ കണ്ടു വരുന്ന ഏറ്റവും ടോക്‌സിക്ക് ആയ പെരുമാറ്റമാണ് ഫാന്‍ വാറുകളെന്നും ചിന്‍മയി പറയുന്നു. സാങ്കേതികവിദ്യയിലുണ്ടായ അതിവേഗ വളര്‍ച്ച സ്ത്രീകള്‍ക്കെതിരെ ഉപയോഗിക്കുന്നതും ചിന്‍മയി ചൂണ്ടിക്കാണിക്കുന്നു.

തന്റെ മോര്‍ഫ് ചെയ്‌തെടുത്ത നഗ്നചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ചിന്‍മയി പറഞ്ഞു. ഉടനെ തന്നെ താന്‍ പൊലീസിനെ ടാഗ് ചെയ്തു. തന്നെപ്പോലെ പ്രശ്‌നങ്ങള്‍ തുറന്ന് പറയുന്ന സ്ത്രീകളെ ഭയപ്പെടുത്തി ഓടിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. തന്നോട് പ്രതികാരമുള്ള ആരോ ആണ് ഇത് പ്രചരിപ്പിക്കുന്നത്. അത് ഒരു സ്ത്രീയോ പുരുഷനോ ആകാം. ഇതേക്കുറിച്ച് സുഹൃത്തുക്കളോട് ചോദിച്ചപ്പോള്‍ ലോണ്‍ ആപ്പുകളില്‍ നിന്നും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിച്ച് പലര്‍ക്കും ഭീഷണിയുണ്ടായതായി പറഞ്ഞു. ഇത്തരം ഭീഷണിയുണ്ടായാല്‍ ആരും ഭയപ്പെടേണ്ടതില്ല. ഇത്തരം ഫോട്ടോകളുണ്ടാക്കുന്നത് വളര്‍ത്തുദോഷമുള്ള പുരുഷന്മാരാണെന്നും ചിന്മയി പറയുന്നു.

അവര്‍ക്ക് ഒരു കാലത്തും നല്ല ബന്ധങ്ങളുണ്ടാക്കാന്‍ പറ്റില്ല. ഈ നിരാശയാണ് അവരെ ഇത്തരം പോസ്റ്റുകള്‍ ഉണ്ടാക്കാന്‍ പ്രേരിപ്പിക്കുന്നത്. അവര്‍ അതിനായി എഐ വരെ ഉപയോഗിക്കുന്നു. ഇത്തരക്കാര്‍ സ്ത്രീകളുടെ ജീവന് ഭീഷണിയാണെന്നും ചിന്മയി പറുന്നു. ''ഇങ്ങനെ ചിത്രങ്ങളും വിഡിയോകളും മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നവരെ സ്ത്രീകള്‍ ഭയക്കരുത്. ഇത് കൈകാര്യം ചെയ്യാനുള്ള ഏക വഴി നാണക്കേടില്‍ നിന്നും പുറത്തുകടക്കുകയാണ്. നിങ്ങളല്ല നാണം കെടേണ്ടത്. നിങ്ങളുടെ കുടുംബത്തോട് ഒന്നോര്‍ത്തും ഭയപ്പെടേണ്ടെന്ന് പറയുക.

കുട്ടികളുടെ മോര്‍ഫ് ചെയ്ത അശ്ലീല ദൃശ്യങ്ങള്‍ ഉണ്ടാക്കാന്‍ എഐയുടെ സഹായം തേടുന്നത് ഇന്ന് വളരെ സാധാരണയായി മാറിയിട്ടുണ്ട്. ഇത്തരം വീഡിയോകള്‍ കാണുകയും വാങ്ങുകയും ചെയ്യുന്നവര്‍ നിങ്ങളുടെ കുടുംബങ്ങളിലും ഉണ്ടാകും. അതിനാല്‍ കണ്ണ് തുറന്ന് കാണുക. അവരില്‍ നിന്നും നമ്മുടെ കുട്ടികളെയും സമൂഹത്തേയും സംരക്ഷിച്ച് നിര്‍ത്തണമെന്നും സ്ത്രീകളോടായി ചിന്‍മയി പറയുന്നുണ്ട്. സ്ത്രീധനത്തിന്‍റെ പേരിലോ അമേരിക്കയിലോ ലണ്ടനിലോ ജോലി ചെയ്യുന്നുവെന്ന കാരണത്താലോ റോഡില്‍ കാണുന്ന ഏതെങ്കിലും വൃത്തികെട്ടവന് നിങ്ങളുടെ പെണ്‍മക്കളെ കല്യാണം കഴിച്ചു കൊടുക്കരുതെന്നും ചിന്മയി പറയുന്നു.

തന്‍റെ മോര്‍ഫ് ചെയ്ത ചിത്രത്തിന് താഴെ കമന്‍റിട്ട ആളുകളുടെ ഫോട്ടോയും ചിന്മയി പങ്കുവെക്കുന്നുണ്ട്. ഒരു കാരണവശാലും ഇവര്‍ക്ക് തങ്ങളുടെ മക്കളെ വിവാഹം കഴിച്ചു കൊടുക്കരുത്. ഇവരില്‍ പലരും വിദേശത്ത് ജോലി ചെയ്യുന്നവരാണ്. എന്നാല്‍ ഇവരുടെ മനോനില ഏറെ അധഃപതിച്ചതാണെന്നും ചിന്മയി കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story