Quantcast

'ഇതിനോ ആദമേ നിന്നെ ഞാന്‍ തോട്ടത്തിലാക്കി'; സോഷ്യല്‍ മീഡിയയില്‍ വൈറലായി കോപ്പര്‍ വേര്‍ഷന്‍

'ഡിസ്‌കോ'യാണ് സോഷ്യല്‍ മീഡിയയിൽ പുതിയ ട്രെന്‍ഡിന് തിരികൊളുത്തിയിരിക്കുന്നത്

MediaOne Logo
ഇതിനോ ആദമേ നിന്നെ ഞാന്‍ തോട്ടത്തിലാക്കി; സോഷ്യല്‍ മീഡിയയില്‍ വൈറലായി കോപ്പര്‍ വേര്‍ഷന്‍
X

എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും പാട്ടുകളാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒന്നുകില്‍, പാട്ടിന്റെ ഒറിജിനല്‍ വേര്‍ഷനോ അല്ലെങ്കില്‍ പുതിയ ട്രാക്കുകളോ ആണ് ഇത്തരത്തില്‍ ശ്രദ്ധിക്കപ്പെടാറുള്ളത്. ഏറ്റവും ഒടുവില്‍ നിവിന്‍ പോളി, മമിത ബൈജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബേത്‌ലഹേം കുടുംബ യൂണിറ്റിലൂടെ 'യവനകഥയില്‍ നിന്ന് വന്ന ഇടയ കന്യകേ' എന്ന ഗാനമാണ് പുതിയ തലമുറ ഏറ്റെടുത്തത്.

ഇപ്പോള്‍ ഇതാ ചെമ്പന്‍ വിനോദ്, ലുക്മാന്‍, ആന്റണി പെപ്പെ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന 'ഡിസ്‌കോ'യാണ് സോഷ്യല്‍ മീഡിയയിൽ പുതിയ ട്രെന്‍ഡിന് തിരികൊളുത്തിയിരിക്കുന്നത്. 'ഇതിനോ ആദമേ നിന്നെ ഞാന്‍ തോട്ടത്തിലാക്കി'യതിന്റെ കോപ്പര്‍ വേര്‍ഷനാണ് നിലവിലെ ട്രേഡിങ് ഗാനം.

കേരളത്തിലെ പരമ്പരാഗതമായ മാര്‍ഗംകളി താളങ്ങളും നാടന്‍ ശൈലികളാലും വാമൊഴിയായി നമ്മളിലേക്ക് എത്തിയ ഗാനമാണിത്. ഉത്പത്തി പുസ്തകത്തിലെ കഥയാണ് പാട്ടിന്റെ അടിസ്ഥാനം. ദൈവം ആദമിനെയും ഹവ്വയേയും ഏദന്‍ തോട്ടത്തിലാക്കുകയും പിന്നീട് അവര്‍ വിലക്ക് കല്‍പ്പിച്ച കനി കഴിച്ച് വാക്ക് ലംഘിച്ചപ്പോള്‍ ദൈവം ദുഖത്തോടെ സംസാരിക്കുന്നതുമാണ് പാട്ടിന്റെ ഭാവം.

-ഇതിനോ ആദമേ നിന്നെ ഞാന്‍ തോട്ടത്തിലാക്കി-

'ഇതിന് വേണ്ടിയല്ലലോ' എന്നാണ് ഈ വരികൊണ്ട് അര്‍ത്ഥമാക്കുന്നത്. ആരാണ് ഈ വരികള്‍ എഴുതിയതെന്ന് വ്യക്തമല്ല. എന്നാല്‍ 70-80 കാലഘട്ടത്തില്‍ കേരളത്തിലെ പള്ളികളിലും ധ്യാനകേന്ദ്രങ്ങളിലും പാഷന്‍ പ്ലേകളിലും പാടി വന്നിരുന്ന നാടന്‍ ക്രിസ്ത്യന്‍ ഭക്തിഗാനമാണിത്.

പിന്നീട്, 1981ല്‍ പുറത്തിറങ്ങിയ 'കോലങ്ങളി'ലൂടെയും 1982ല്‍ റിലീസ് ചെയ്ത 'ഈ നാടി'ലൂടെയും ഈ ഗാനം മലയാളികള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ വേദനയും കുറ്റബോധനവും നിറഞ്ഞ ആദം ഗാനത്തെ മോഡേണ്‍ ഇംഗ്ലീഷ് റാപ്പുമായി കൂട്ടിയിണക്കിയപ്പോള്‍ അത് കോപ്പര്‍ വേഷനായി മാറി.

മണികണ്ഠന്‍ അയ്യപ്പ ഒരുക്കിയ ഈ ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സുഹൈല്‍ കോയയും ലെമയും ചേര്‍ന്നാണ്. ചെമ്പന്‍ വിനോദ്, ഹിമ്‌ന ഹിലാരി, ഹിനിത ഹിലാരി, നൗഷാദ് തൃശൂര്‍, മണികണ്ഠന്‍ അയ്യപ്പ എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ഇംഗ്ലീഷ് റാപ്പിനോട് ഏറെ പ്രിയമുള്ള ചെമ്പന്‍ വിനോദിന് സോഷ്യല്‍ മീഡിയയും ജെന്‍സിയും ചേര്‍ന്ന് നല്‍കിയ പേരാണ് 'കോപ്പര്‍ വി' എന്നത്. ഇന്ന് ഡിസ്‌കോയിലെ ആദം ഗാനം കോപ്പര്‍ വി & ഗ്യാങ് എന്ന പേരിലാണ് വൈറലാകുന്നത്.

TAGS :

Next Story