വിജയ് ദേവരകൊണ്ടയ്ക്കും രശ്മികയ്ക്കും എതിരെ സൈബർ ആക്രമണം? നിയമനടപടിയുമായി താരങ്ങൾ
കരൺ ജോഹർ അവതാരകനായ ‘കോഫി വിത്ത് കരൺ 9’ന്റെ രണ്ടാം എപ്പിസോഡിൽ ഇരുവരും തങ്ങളുടെ ബന്ധത്തെക്കുറിച്ച് സംസാരിച്ചിരുന്നു

തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരകൊണ്ടയെയും രശ്മിക മന്ദാനയെയും ചുറ്റിപ്പറ്റിയുള്ള സോഷ്യൽ മീഡിയ വിവാദം നിയമനടപടിയിലേക്ക്. ഇരുവരെയും ലക്ഷ്യമിട്ട് വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് താരങ്ങളുടെ മാനേജർ ഹൈദരാബാദ് സൈബർ ക്രൈം വിഭാഗത്തെ സമീപിച്ചതായാണ് റിപ്പോർട്ടുകൾ. ഓൺലൈൻ അധിക്ഷേപം, വ്യാജ വാർത്തകളുടെ പ്രചാരണം, ആൾമാറാട്ടം എന്നിവയുമായി ബന്ധപ്പെട്ടാണ് പരാതി നൽകിയതെന്നാണ് പുറത്തുവരുന്ന വിവരം.
ഇരുവരും അടുത്തിടെ പങ്കെടുത്ത ‘കോഫി വിത്ത് കരൺ 9’ പരിപാടിയിലെ സംഭാഷണമാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് വഴിവെച്ചത്. താരങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള പരാമർശങ്ങൾ വൈറലായതോടെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തി.
റിപ്പോർട്ടനുസരിച്ച്, താരങ്ങളുടെ മാനേജരായ പി. നിഷാന്ത് കുമാറാണ് ഹൈദരാബാദ് സൈബർ ക്രൈം വിഭാഗത്തെ സമീപിച്ചത്. വിജയ് ദേവരകൊണ്ടയെയും രശ്മിക മന്ദാനയെയും കുറിച്ച് വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്നാണ് പരാതിയിലെ ആരോപണം.
വ്യാജമായി നിർമിച്ച സ്ക്രീൻഷോട്ടുകൾ, കെട്ടിച്ചമച്ച ഉള്ളടക്കങ്ങൾ, താരങ്ങളുടെ പേരിൽ ആൾമാറാട്ടം നടത്തുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവയും പരാതിയിൽ പരാമർശിക്കുന്നതായാണ് റിപ്പോർട്ടുകൾ. ബന്ധപ്പെട്ട ലിങ്കുകളും മറ്റ് തെളിവുകളും അന്വേഷണത്തിനായി കൈമാറിയതായും സൂചനയുണ്ട്.
‘കോഫി വിത്ത് കരൺ 9’ൽ എന്താണ് പറഞ്ഞത്?
കരൺ ജോഹർ അവതാരകനായ ‘കോഫി വിത്ത് കരൺ 9’ന്റെ രണ്ടാം എപ്പിസോഡിൽ ഇരുവരും തങ്ങളുടെ ബന്ധത്തെക്കുറിച്ച് സംസാരിച്ചിരുന്നു. വിമാനത്താവളത്തിൽവെച്ച് വിജയ് ദേവരകൊണ്ടയോട് വിവാഹത്തെക്കുറിച്ച് താൻ സംസാരിച്ചതായി രശ്മിക വെളിപ്പെടുത്തിയതാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് തുടക്കം കുറിച്ചത്.
‘നമുക്ക് വിവാഹം കഴിക്കാം’ എന്ന് താൻ പറഞ്ഞപ്പോൾ, ‘നീ എന്നോട് നൂറ് തവണ ചോദിച്ചോളൂ’ എന്നായിരുന്നു വിജയിയുടെ മറുപടിയെന്ന് രശ്മിക പറഞ്ഞിരുന്നു. ഒരു വർഷത്തോളം താൻ ഇക്കാര്യം ചോദിച്ചിരുന്നുവെന്നും താരം വെളിപ്പെടുത്തി.
എന്നാൽ വിവാഹം പോലുള്ള വലിയൊരു തീരുമാനത്തിലേക്ക് കടക്കുന്നതിന് മുമ്പ് പരസ്പരം സമയം നൽകണമെന്നായിരുന്നു തന്റെ നിലപാടെന്ന് വിജയ് വിശദീകരിച്ചതായും റിപ്പോർട്ടുകളുണ്ട്.
വിജയ് വിവാഹത്തിന് താൽപര്യം കാണിച്ചില്ലെന്നും രശ്മികയാണ് കൂടുതൽ മുൻകൈയെടുത്തതെന്നുമുള്ള തരത്തിലായിരുന്നു ചിലരുടെ പ്രതികരണങ്ങൾ. ഇതിന്റെ അടിസ്ഥാനത്തിൽ വിജയിനെ വിമർശിച്ചും രശ്മികയെ പിന്തുണച്ചും നിരവധി പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു.
ഒക്ടോബർ 26ന് ഇരുവരും സോഷ്യൽ മീഡിയയിലൂടെ വിവാദങ്ങളോട് പ്രതികരിച്ചിരുന്നു. വിജയിയെ ആയിരം തവണ തിരഞ്ഞെടുക്കുമെന്ന നിലപാടാണ് രശ്മിക തന്റെ പ്രതികരണത്തിലൂടെ വ്യക്തമാക്കിയത്. തങ്ങളുടെ ബന്ധത്തെക്കുറിച്ച് തെറ്റായ ധാരണകൾ പ്രചരിപ്പിക്കുന്നതിനോടുള്ള എതിർപ്പും താരം പ്രകടിപ്പിച്ചു.
വിജയ് ദേവരകൊണ്ടയും വിമർശനങ്ങളോട് പ്രതികരിച്ചതായാണ് വിവരം. തങ്ങളുടെ ദാമ്പത്യജീവിതം സന്തോഷകരമാണെന്നും വ്യക്തിജീവിതത്തെക്കുറിച്ച് അതൃപ്തിയുള്ളവർ സ്വന്തം അഭിപ്രായങ്ങൾ സ്വയം സൂക്ഷിക്കണമെന്നും താരം ഇൻസ്റാഗ്രാമിലൂടെ വ്യക്തമാക്കി.
Adjust Story Font
16

