ദുഅയുടെ രണ്ടാം പിറന്നാളിൽ ഇരട്ടിമധുരം; വീട്ടിലേക്ക് കുഞ്ഞതിഥി കൂടി എത്തുന്നതായി ദീപികയും രൺവീറും
'ബേബി ദുഅയും ഞങ്ങളുടെ ഹൃദയങ്ങളും വലുതാകുകയാണ്! നിങ്ങളുടെ അനുഗ്രഹങ്ങൾക്ക് നന്ദി' എന്ന് കുറിച്ചുകൊണ്ടാണ് താരങ്ങൾ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്

ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങ്ങും തങ്ങളുടെ ജീവിതത്തിലെ അടുത്ത മനോഹരമായ അധ്യായത്തിലേക്ക് കടക്കാൻ ഒരുങ്ങുന്നു. രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് തങ്ങളെന്ന സന്തോഷവാർത്ത ദമ്പതികൾ ആരാധകരുമായി പങ്കുവെച്ചു. ആദ്യ പുത്രി ദുഅയുടെ രണ്ടാം ജന്മദിനത്തോടനുബന്ധിച്ചാണ് ഹൃദയസ്പർശിയായ ചില ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ ഇരുവരും ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടത്.
ചിത്രങ്ങളിൽ ദീപികയുടെ ബേബി ബംപിൽ ചേർന്നു നിൽക്കുന്ന രൺവീറിനെയും മകളെയും കാണാം. പൊതുവേദികളിൽ നിന്ന് ദുആയെ മാറ്റിനിർത്താറുള്ള താരങ്ങൾ മകളുമൊത്തുള്ള ചിത്രങ്ങൾ പങ്കുവെയ്ക്കുന്നത് അപൂർവമാണ്. 'ബേബി ദുഅയും ഞങ്ങളുടെ ഹൃദയങ്ങളും വലുതാകുകയാണ്! നിങ്ങളുടെ അനുഗ്രഹങ്ങൾക്ക് നന്ദി' എന്ന് കുറിച്ചുകൊണ്ടാണ് താരങ്ങൾ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
രൺവീറും ദീപികയും ആറു വർഷത്തെ പ്രണയത്തിന് ശേഷം 2018 നവംബർ 14നാണ് ഇറ്റലിയിലെ ലേക്ക് കൊമോയിൽ വെച്ച് വിവാഹിതരായത്. തുടർന്ന് 2024 സെപ്തംബർ എട്ടിന് ആദ്യത്തെ കുഞ്ഞ് പിറന്നു. ഗർഭകാലത്തും അഭിനയരംഗത്ത് സജീവമാണ് ദീപിക. ഷാരൂഖ് ഖാനൊപ്പം 'കിങ്', അല്ലു അർജുനൊപ്പം 'രാക്ക' എന്നീ ബിഗ് ബജറ്റ് ചിത്രങ്ങളിലാണ് ദീപിക ഇപ്പോൾ അഭിനയിക്കുന്നത്. പ്രളയ് എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് രൺവീർ. കല്യാണി പ്രിയദർശനാണ് ചിത്രത്തിൽ രൺവീറിൻ്റെ നായിക.
Adjust Story Font
16

